ഒപ്റ്റസ് നെറ്റ് വർക്ക് നിശ്ചലം; ദശലക്ഷക്കണക്കിനാളുകൾക്ക് മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു

ഒരു കോടിയോളം ഉപഭോക്താക്കളെയും, നാല് ലക്ഷത്തോളം ബിസിനസ്സുകളെയുമാണ് ഒപ്റ്റസ് നെറ്റ് വർക്കിലെ തടസ്സം ബാധിച്ചിരിക്കുന്നത്.

optus

Source: Flickr

ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പ്രമുഖ ടെലികമ്യൂണിക്കേഷൻ സേവന ദാതാവായ ഒപ്റ്റസിൻറെ നെറ്റ് വർക്കിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മൊബൈൽ ഫോണുപയോഗിച്ച് കോളുകൾ വിളിക്കാനും സ്വീകരിക്കാനും കഴിയുന്നില്ലെന്നും, മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ടെന്നും പല ഉപഭോക്താക്കളും സമൂഹമാധ്യമങ്ങളിലൂടെ റിപ്പോർട്ട് ചെയ്തു.

ഒപ്റ്റസ് നെറ്റ് വർക്ക് പ്രവർത്തന രഹിതമായത് ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയൻ ഉപഭോക്താക്കളെയും ബിസിനസുകളെയും ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും ഒപ്റ്റസ് പ്രസ്താവനയിൽ അറിയിച്ചു.

സൈബർ ആക്രമണമാണോ നെറ്റ് വർക്ക് പ്രവർത്തനരഹിതമാകാൻ കാരണമെന്ന് ഫെഡറൽ സർക്കാർ അന്വേഷിക്കുന്നുണ്ട്.

ഓപ്‌റ്റസിൽ നിന്ന് സർക്കാർ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും, സർവീസുകൾ ഉടൻ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്മ്യൂണിക്കേഷൻസ് മന്ത്രി മിഷേൽ റോളണ്ട് പറഞ്ഞു.

നെറ്റ് വർക്കിലെ തടസ്സം ആരോഗ്യ സേവനങ്ങളെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. മെൽബണിൽ ആരോഗ്യ പ്രവർത്തകയുടെ ഫോൺ പ്രവർത്തന രഹിതമായതിനാൽ ഹൃദയസ്തംഭനം ഉണ്ടായ രോഗിക്കുവേണ്ടി ആംബുലൻസ് വിളിക്കാൻ കഴിഞ്ഞില്ലെന്ന് എബിസി റേഡിയോ റിപ്പോർട്ട് ചെയ്തു.

വിക്ടോറിയൻ വെർച്വൽ എമർജൻസി ഡിപ്പാർട്ട്‌മെന്റ് ഉൾപ്പെടെ മെൽബണിലെ എല്ലാ പ്രധാന ആശുപത്രികളെയും ഒപ്റ്റസിലെ നെറ്റ് വർക്ക് തകരാർ ബാധിച്ചിട്ടുണ്ട്.

മെൽബൺ മെട്രോ സേവനങ്ങളെയും നെറ്റ് വർക്ക് തടസ്സം ബാധിച്ചു. ഇന്ന് രാവിലെ മെട്രോ സംവിധാനങ്ങൾ തകരാറിലായെന്നും ബാക്ക്-അപ്പ് സിസ്റ്റം ഒപ്‌റ്റസ് മൊബൈൽ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നതിനാൽ ഉപയോഗിക്കാൻ സാധിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി.

സർവീസുകൾ പുനരാരംഭിച്ചുവെങ്കിലും യാത്രകകൾക്ക് കാലതാമസമുണ്ടാകുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മറ്റ് യാത്രാ മാർഗ്ഗങ്ങൾ പരിഗണിക്കണെമന്നും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


1 min read

Published

Updated

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now