പെർത്ത് നഗരത്തിന് സമീപമുള്ള കൂജിയിലെ ജോൺ ഗ്രഹാം റിസർവിലായിരുന്നു സംഭവം.
തിങ്കളാഴ്‌ച ഉച്ചയോടെ, നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനയെത്തി തീയണച്ചപ്പോഴാണ് കാറിൻറെ പിൻസീറ്റിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
40 വയസ്സുള്ള ഒരു സ്ത്രീയുടെയും, പത്തു വയസ്സുള്ള പെൺകുട്ടിയുടെയും, എട്ട് വയസ്സുള്ള ആൺകുട്ടിയുടെയും മൃതദേഹങ്ങളാണ് ഇവയെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് അറിയിച്ചു.
ഇവർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പൊലീസ് നേരത്തേ അറിയിച്ചിരുന്നു.
തമിഴ് വംശജരാണ് ഇവരെന്ന് പിന്നീട് സ്ഥിരീകരിച്ചു. പെര്‍ത്തിലെ ഒരു ആശുപത്രിയില്‍ നഴ്‌സാണ് മരിച്ച 40കാരി. ആറാം ക്ലാസിലും എട്ടാം ക്ലാസിലുമാണ് കുട്ടികള്‍ പഠിക്കുന്നത്.

Source: ABC Australia
ഇവരുടെ പേരുകള്‍ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ പുറത്തു നിന്നൊരാള്‍ ഉൾപ്പെടാനുള്ള സാധ്യത വിരളമാണെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് അറിയിച്ചു.
കാറിനുള്ളില്‍ നിന്ന് തന്നെയാണ് തീകൊളുത്തിയത് എന്ന് കരുതുന്നതായും മേജര്‍ ക്രൈം ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ ക്വെന്റിന്‍ ഫ്‌ളാറ്റ്മാന്‍ പറഞ്ഞു.
സംഭവം നടക്കുമ്പോൾ കുട്ടികളുടെ പിതാവ് അമേരിക്കയിലുള്ള ബന്ധുക്കളെ കാണാനുള്ള യാത്രയിലായിരുന്നു.
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ ഫോണിലൂടെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ക്വെന്റിൻ ഫ്ലാറ്റ്മാൻ പറഞ്ഞു. യാത്ര അവസാനിപ്പിച്ച അദ്ദേഹം പെർത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ആരോഗ്യകരവും സന്തുഷ്ടവുമായി കുടുംബമായിരുന്നു ഇവരുടെതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
മരണ കാരണം ഇപ്പോൾ പറയാനാകില്ലെന്ന് പറഞ്ഞ ഡിറ്റക്ടീവ് ഇൻസ്പെക്ടർ സംഭവത്തിൻറെ എല്ലാവശങ്ങളും പരിശോധിക്കുമെന്നും വ്യക്തമാക്കി.
സംഭവ സ്ഥലത്തു നിന്ന് വെടിയൊച്ച കേട്ടതായി സമീപത്തുണ്ടായിരുന്ന ചിലർ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ വാഹനത്തിന് തീപിടിക്കുമ്പോൾ ഉണ്ടാകാറുള്ള ശബ്ദത്തെ വെടിയൊച്ചയായി കരുതിയതാകാമെന്നാണ് പോലീസിൻറ പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിന് തോക്കുമായി ബന്ധമുള്ളതായി കരുതുന്നില്ലെന്നറിയിച്ച അന്വേഷണ സംഘം വിശദമായ അന്വേഷണത്തിൽ കാര്യങ്ങൾക്ക് വ്യക്തതയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.