വിദേശത്തു നിന്നെത്തുന്ന നഴ്‌സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കഴിഞ്ഞ ഒക്ടോബർ ഒന്ന് മുതൽ മാറ്റം വരുത്തിയിരുന്നു.
രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ നിലവിലുള്ള ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ക്ക് പകരം, ഔട്ട്കംസ് ബേസ്ഡ് അസസ്‌മെന്റ് (OBA) എന്ന പുതിയ രീതിയിലേക്കു മാറുന്നതിനുള്ള നടപടികളാണ് ഒക്ടോബറില്‍ തുടങ്ങിയത്.
2021 ഓടെ നഴ്‌സിംഗ് രജിസ്‌ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്നാണ് നഴ്‌സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് ഓസ്ട്രേലിയ (NMBA) അറിയിച്ചിരിക്കുന്നത്.
നിലവില്‍ ബ്രിഡ്ജിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ ലഭിക്കുകയുള്ളൂ. ഈ ബ്രിഡ്ജിംഗ് കോഴ്‌സ് നിര്‍ത്തലാക്കി അതിനു പകരം ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ് അഥവാ OBA എന്ന പുതിയ സംവിധാനം കൊണ്ടുവരാനാണ് NMBA യുടെ തീരുമാനം.
പുതിയ സംവിധാനമായ ഔട്ട്കംസ് ബേസ്ഡ് അസസ്‌മെന്റ് (OBA) 2020 മാർച്ചിൽ ആരംഭിക്കും നഴ്‌സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് ഓസ്ട്രേലിയ
അതായത് OBA തെരഞ്ഞെടുക്കുന്നവർ അസസ്‌മെന്റ് ചെയ്യാന്‍ മാർച്ച് വരെ കാത്തിരിക്കേണ്ടി വരും. ഇത് ജനുവരിയിൽ തുടങ്ങുമെന്നാണ് നേരത്തെ ബോർഡ് അറിയിച്ചിരുന്നത്.
2021ഓടെ നഴ്‌സിംഗ് രജിസ്‌ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കും.
എന്നാൽ നിലവില്‍ ബ്രിഡ്ജിംഗ് കോഴ്‌സ് തെരഞ്ഞെടുത്തവര്‍ക്ക് 2021ന് മുമ്പ് അതു അത് ചെയ്യാനുള്ള അവസരമുണ്ടാകും.
2020 ജനുവരി ഒന്നിനു ശേഷമുള്ള അപേക്ഷകര്‍ക്ക് ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാൻ കഴിയില്ല എന്ന് നഴ്‌സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ 2020 ജനുവരി ഒന്ന് എന്ന അവസാന തീയതിൽ ഇപ്പോൾ NMBA മാറ്റം വരുത്തിയിട്ടുണ്ട്.
2020 ജനുവരി 31ന് മുൻപായി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം
ഇതിന് ശേഷമുള്ള, അതായത് 2020 ജനുവരി 31 മുതൽ അപേക്ഷിക്കുന്നവർക്ക് OBA മാത്രമേ തെരഞ്ഞെടുക്കാൻ കഴിയൂ. ഇവർക്ക് ബ്രിഡ്ജിംഗ് കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ കഴിയില്ല.
അതേസമയം OBA യുടെ ഫീസും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും NMBA പുറത്തുവിട്ടിട്ടില്ല.
എന്താണ് ഔട്ട്കംസ്-ബേസ്ഡ് അസസ്മെന്റ് ?
രണ്ടു ഘട്ടങ്ങളായാണ് ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ് നടത്തുന്നത്.
പ്രധാനമായും അപേക്ഷകരുടെ വിശകലനശേഷിയും ഓര്‍മ്മശക്തിയുമെല്ലാം പരിശോധിക്കുന്ന കോഗ്നിറ്റീവ് പരീക്ഷയായിരിക്കും ആദ്യ ഘട്ടം. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യോത്തരളായിരിക്കും ഈ പരീക്ഷയില്‍.
ആദ്യഘട്ടം ജയിക്കുന്നവര്‍ക്ക് മാത്രമേ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയൂ.
ബിഹേവിയറല്‍ അസസ്‌മെന്റ് എന്നതാണ് രണ്ടാം ഘട്ടം. ഓസ്‌ട്രേലിയയില്‍ നഴ്‌സായി ജോലി ചെയ്യുന്നതിന് ആവശ്യമായ അറിവും കഴിവുമുണ്ടോ എന്നു പരിശോധിക്കുന്നതാണ് ഇത്. വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ നിലവിലുള്ള ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാം (OSCE) എന്ന പരീക്ഷാ സമ്പ്രദായമാണ് ഇതിനായി ഉപയോഗിക്കുക.
അപേക്ഷകര്‍ എത്ര വേഗം ഓരോ ഘട്ടവും വിജയിക്കുന്നു എന്നതിന് അനുസരിച്ചിരിക്കും OBAയുടെ ദൈര്‍ഘ്യം.
OBA കഴിഞ്ഞാല്‍ ഒരു ഓറിയന്റേഷന്‍ പ്രോഗ്രാമിലും പങ്കെടുക്കണം. ഓസ്‌ട്രേലിയന്‍ യോഗ്യതകള്‍ക്ക് തത്തുല്യ യോഗ്യതകള്‍ ഉള്ളവര്‍ ഉള്‍പ്പെടെ വിദേശത്തു നിന്നെത്തുന്ന എല്ലാ നഴ്‌സുമാരും ഈ ഓറിയന്റേഷന്‍ പൂര്‍ത്തിയാക്കേണ്ടി വരും.

പുതിയ ഔട്ട്കംസ് ബേസ്ഡ് അസസ്‌മെന്റ് (OBA) രീതിയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ഓസ്‌കീ എന്നറിയപ്പെടുന്ന ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാം. ഇതെന്താണെന്ന് താഴെ കൊടുത്തിരിക്കുന്ന റിപ്പോർട്ടിൽ നിന്ന് അറിയാം.