ഡാര്‍വിനിലെ ഹോവാര്‍ഡ് സ്പ്രിംഗ്‌സിലുള്ള ക്വാറന്‌റൈന്‍ കേന്ദ്രം വിപുലമാക്കാനും, അവിടേക്ക് കൂടുതല്‍ പേരെ എത്തിക്കാനുമാണ് സര്ക്കാരിന്റെ പദ്ധതി.
ഇതനായി നോര്‍തേണ്‍ ടെറിട്ടറി സര്‍ക്കാരുമായി ഫെഡറല്‍ സര്‍ക്കാര്‍ കരാര്‍ രൂപീകരിച്ചു.
ഇന്ത്യയ്ക്ക് പുറമേ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനായി ക്വാണ്ടസുമായും സര്‍ക്കാര്‍ ധാരണയുണ്ടാക്കി.
- ഡല്‍ഹിയില്‍ നിന്നുള്ള ആദ്യവിമാനം ഒക്ടോബര്‍ 26ന്
- വാണിജ്യവിമാനങ്ങളുടെ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍
- മറ്റു നഗരങ്ങളിലെ ക്വാറന്റൈന്‍ ശേഷി കൂട്ടാന്‍ ശ്രമിക്കും
ഡല്‍ഹി, ലണ്ടന്‍, ജോഹന്നാസ്ബര്‍ഗ് എന്നിവിടങ്ങളില്‍ നിന്നായി എട്ടു ക്വാണ്ടസ് വിമാനങ്ങളാകും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.
ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ വിമാനം ഒക്ടോബര്‍ 26നാണ് പുറപ്പെടുന്നത്. 175 യാത്രക്കാരാകും ഈ വിമാനത്തില്‍.
ഇങ്ങനെ എത്തുന്നവര്‍ ഹോവാര്‍ഡ് സ്പ്രിംഗ്‌സില്‍ 14 ദിവസം ക്വാറന്റൈന്‍ ചെയ്യണം.
തുടര്‍ന്നുള്ള വിമാനങ്ങളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷനുകളില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാകും ഈ വിമാനങ്ങളിലെ യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്.
ഏറ്റവും അടിയന്തര സാഹചര്യങ്ങളിലുള്ളവര്‍ക്കാകും ആദ്യ പരിഗണന നല്‍കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ലണ്ടനില്‍ നിന്നുള്ള ആദ്യവിമാനം ഒക്ടോബര്‍ 22ന് പുറപ്പെടും.
അടുത്ത ആറു മാസം കൊണ്ട് 5,000 പേരെയെങ്കിലും കൂടുതലായി തിരിച്ചെത്തിക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ പദ്ധതിയിടുന്നത്.
മറ്റു നഗരങ്ങളിലേക്കും കൂടുതല്‍ പേരെ എത്തിക്കും
രാജ്യത്തെ മറ്റ് പ്രധാന വിമാനത്താവളങ്ങളിലുള്ള ക്വാറന്‌റൈന്‍ ശേഷി കൂട്ടാന്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഇതോടൊപ്പം, കൂടുതല്‍ ചാര്‍ട്ടര് വിമാനങ്ങള്‍ ലഭ്യമാക്കാനും, കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് വിദേശത്തു നിന്നുള്ള യാത്രക്കാരെ എത്തിക്കാനും ശ്രമിക്കുന്നുണ്ട്.
നിലവില്‍ വിക്ടോറിയയിലേക്ക് വിദേശത്തു നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ല.
എന്നാല്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്ന സാഹചര്യത്തില്‍ മെല്‍ബണ്‍ വിമാനത്താവളവും തുറക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
കൊമേഴ്‌സ്യല്‍ വിമാനങ്ങളുടെ നിരക്കില്‍ ഈ സര്‍വീസുകളിലെ ടിക്കറ്റുകല്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വിമാനക്കമ്പനികള്‍ക്ക് ഇതുകൊണ്ടുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കും.
നിലവില്‍ രാജ്യത്തേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന 29,000ലേറെ ഓസ്‌ട്രേലിയക്കാരാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ കൂടുതലും ഇന്ത്യയിലാണ്.
DFATയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 4,100 പേര്‍ സെപ്റ്റംബര്‍ 18നു ശേഷം തിരിച്ചെത്തിയതായും പ്രധാനമന്ത്രി അറിയിച്ചു.