2004ല്‍ ഓസ്ട്രേലിയയിലേക്ക് എത്തിയതാണ് മെല്‍ബണിലുള്ള ഡോ. പ്രിംന കെന്നത്തും കുടുംബവും. പെര്‍മനന്റ് റെസിഡന്‍സി വിസയിലായിരുന്നിട്ടും 14 വര്‍ഷത്തോളം അവര്‍ ഓസ്ട്രേലിയന്‍ പൗരത്വം നേടുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.
പക്ഷേ ഓസ്ട്രേലിയന്‍ നിയമങ്ങളില്‍ മാറ്റമുണ്ടാകുമോ എന്ന ആശങ്കയെത്തുടര്‍ന്ന് ഡോ. പ്രിംനയും ഭര്‍ത്താവും പൗരത്വത്തിനായി അപേക്ഷിക്കാന്‍ തീരുമാനിച്ചു.
പെര്‍മനന്റ് റെസിഡന്‍സി വിസയിലുള്ളവര്‍ക്ക് അവകാശങ്ങള്‍ കുറയുമോ എന്ന ആശങ്കയാണ് ഇതിന് പ്രധാന കാരണമായത്.
2018 ജനുവരിയില്‍ അപേക്ഷ സമര്‍പ്പിച്ച പ്രിംനയ്ക്കും ഭര്‍ത്താവിനും, 14 മാസത്തിനു ശേഷം 2019 മാര്‍ച്ചിലാണ് പൗരത്വം ലഭിക്കുന്നത്.
"ഇപ്പോള്‍ ഓസ്ട്രേലിയയില്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നു," പ്രിംന പറയുന്നു.
ഓസ്ട്രേലിയയുടെ ഭാഗമായി മാറി എന്ന ചിന്ത ഇപ്പോഴാണ് പൂര്‍ണമായും ഉണ്ടാകുന്നത്.
ഡോ. പ്രിംനയെ പോലെ എണ്ണായിരത്തിലേറെ പേരാണ് ഓസ്ട്രേലിയന്‍ പൗരത്വ ദിനമായ സെപ്റ്റംബര്‍ 17ന് പുതുതായി ഓസ്ട്രേലിയക്കാരായി മാറിയത്.
അപേക്ഷകള്‍ പരിഗണിക്കുന്നതിലും തീരുമാനമെടുക്കുന്നതിലുമുണ്ടായിരുന്ന കാലതാമസം അവസാനിപ്പിക്കാന്‍ കൂടുതല്‍ നടപടികളെടുത്തതായും, അതിനാല്‍ പൗരത്വം ലഭിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Source: SBS
2018-19ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനം വര്‍ദ്ധനവാണ് പൗരത്വം അനുവദിക്കുന്നതില്‍ വന്നിരിക്കുന്നത്.
2018-19ല്‍ 1,27,674 പേര്‍ക്കാണ് ഓസ്ട്രേലിയ പുതിയതായി പൗരത്വം നല്‍കിയത്.
മുന്‍ വര്‍ഷം ഇത് 81,000 മാത്രമായിരുന്നു. 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പൗരത്വ നിരക്കായിരുന്നു ഇത്.
ഓസ്ട്രേലിയന്‍ പൗരത്വമെടുത്താലുള്ള ഗുണങ്ങള്‍

വിസയില്ലാതെ യാത്ര, ലോകത്തെവിടെയും കോൺസുലാർ സഹായം: ഓസ്ട്രേലിയൻ പൗരത്വമെടുത്താലുള്ള ഗുണങ്ങൾ...
അപേക്ഷകളിന്മേല് തീരുമാനമെടുക്കുന്നത് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് കുടിയറ്റ-പൗരത്വകാര്യമന്ത്രി ഡേവിഡ് കോള്മാന് പറഞ്ഞു.
ഇതിനായി ഒമ്പതു മില്യണ്‍ ഡോളറിന്റെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നത്. ഇതോടെയാണ് അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനുള്ള കാലതാമസം കുറയ്ക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ ഇപ്പോഴും രണ്ടു ലക്ഷത്തോളം പൗരത്വ അപേക്ഷകള്‍ തീരുമാനമാകാതെ കിടപ്പുണ്ടെന്നും, ഇതേക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും വിവിധ കുടിയേറ്റ സംഘടനകള്‍ ആവശ്യപ്പെട്ടു.
പുതിയ പൗരന്മാരില് കൂടുതലും ഇന്ത്യാക്കാര്‍
കഴിഞ്ഞ വര്‍ഷം പൗരത്വം ലഭിച്ച 1,27,674 പേര് 200 രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്.
ഇതില്‍ 28,470 പേരും ഇന്ത്യാക്കാരാണ്.
തൊട്ടു പിന്നിലുള്ള ബ്രിട്ടനില്‍ നിന്നുള്ളതിനെക്കാള്‍ ഇരട്ടിയിലധികം ഇന്ത്യാക്കാരാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓസ്ട്രേലിയന്‍ പൗരന്മാരായി മാറിയത്. ബ്രിട്ടീഷുകാരുടെ എണ്ണം 13,364 ആണ്.
Nationality | No. of People |
---|---|
India | 28,470 |
United Kingdom | 13,364 |
Philippines | 9,267 |
China* | 7,974 |
Sri Lanka | 4,861 |
Vietnam | 3,501 |
Pakistan | 3,360 |
Nepal | 3,294 |
Iraq | 3,087 |
South Korea | 3,062 |
Other | 47,434 |
Total | 127,674 |
ഓസ്ട്രേലിയന്‍ പൗരത്വമെടുക്കുന്ന ഇന്ത്യന്‍ വംശജര്‍ ഏറെ വിലപ്പെട്ട സംഭാവനകളാണ് നല്‍കുന്നതെന്ന് ഡേവിഡ് കോള്മാന് പറഞ്ഞു. പല തലമുറകളായി ഓസ്ട്രേലിയന്‍ സമൂഹത്തില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് ഇന്ത്യാക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ മടിച്ചു നിന്ന പലരും, ഓസ്ട്രേലിയയിലെ പൗരത്വ നിയമങ്ങള്‍ കര്‍ശനമായേക്കും എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് അപേക്ഷിക്കാന്‍ തീരുമാനിച്ചത്.
മെല്‍ബണ്‍ സ്വദേശി മജുഷ് മാത്യുവിനെപ്പോലുള്ളവര്ക്ക് ഒന്നര വര്‍ഷത്തോളമാണ് അപേക്ഷയിന്മേല് തീരുമാനമാകാനായി കാത്തിരിക്കേണ്ടി വന്നത്.
കുട്ടികള്‍ ഓസ്ട്രേിലയയില്‍ ജനിച്ച് ഇവിടത്തെ പൗരന്മാരായതുകൊണ്ട് കുടുംബത്തില്‍ എല്ലാവര്ക്കും പൗരത്വം ലഭിക്കുന്നതാകും നല്ലത് എന്ന് ചിന്തിച്ചതായും മജുഷ് മാത്യു പറഞ്ഞു.
പൗരത്വത്തിന്റെ 70 വര്‍ഷം
1949ലാണ് വിദേശത്തു നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഓസ്ട്രേലിയ ഇത്തരത്തില്‍ പൗരത്വം നല്കി തുടങ്ങിയത്.
35 രാജ്യങ്ങളില്‍ നിന്നുള്ള 2493 പേരായിരുന്നു അന്ന് പൗരത്വമെടുത്തത്.
എല്ലാം യൂറോപ്യന്‍ കുടിയേറ്റക്കാര്‍.
ഇറ്റലിയില്‍ നിന്നുള്ള 708 പേരും, പോളണ്ടില്‍ നിന്നുള്ള 597 പേരും, ഗ്രീസില്‍ നിന്നുള്ള 276 പേരും അന്ന് പൗരന്മാരായി.

Citizenship ceremony in Canberra in 1949 Source: Supplied
എന്നാല്‍ ഈ രാജ്യങ്ങളൊന്നും തന്നെ ഇപ്പോള്‍ പൗരത്വം ലഭിക്കുന്നവരുടെ പട്ടികയില്‍ മുന്പന്തിയിലില്ല.
എങ്ങനെ ഓസ്ട്രേലിയന്‍ പൗരനാകാം എന്നും, ഓസ്ട്രേലിയന്‍ പൗരത്വത്തിന്റെ ചരിത്രവും ഇവിടെയറിയാം.
READ MORE

എങ്ങനെ ഒരു ഓസ്ട്രേലിയൻ പൗരനാകാം?
ഈ ഏഴു പതിറ്റാണ്ടുകൊണ്ട് അമ്പതുലക്ഷത്തിലേറെ പേര്‍ക്കാണ് ഓസ്ട്രേലിയയില്‍ പുതിയതായി പൗരത്വം ലഭിച്ചത്.