വിസ നൽകുന്നതിനുള്ള സ്കിൽഡ് ഒക്യുപേഷൻ ലിസ്റ്റിൽ നിന്ന് 41 തൊഴിൽമേഖലകൾ ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് ശഉപാർശ ചെയ്തിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളുടെ അടിസ്ഥാനത്തിൽ ദ ഓസ്ട്രേലിയൻ ദിനപത്രമാണ് ഈ വിവരം പുറത്തുവിട്ടത്.
വിദേശത്തു നിന്ന് ഡോക്ടർമാരെ കൊണ്ടുവരുന്നതിനു പകരം, ഓസ്ട്രേലിയയിൽ തന്നെ കൂടുതൽ പേർക്ക മെഡിക്കൽ വിദ്യാഭ്യാസം നൽകണമെന്നാണ് ആവശ്യം.
സ്കിൽഡ് ഒക്യുപേഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്ന ജോലികളിൽ, ജി പി, സർജൻ, അനസ്തേഷ്യാ വിദഗ്ധൻ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.
കുടിയേറ്റ വകുപ്പിൻറെ കണക്കനുസരിച്ച്, ഇക്കഴിഞ്ഞ മാർച്ച് മാസം വരെയുള്ള ഒരു വർഷത്തിൽ 2155 ജനറൽ പ്രാക്ടീഷണർമാരും 1562 റസിഡൻറ് മെഡിക്കൽ ഓഫീസർമാരും ഓസ്ട്രേലിയയിലേക്ക് കുടിയേറിയിട്ടുണ്ട്.
കഴിഞ്ഞ വർഷം തന്നെ ഈ ആവശ്യം ഉയർന്നെങ്കിലും സർക്കാർ അത് അംഗീകരിച്ചില്ല. പക്ഷേ വീണ്ടും അധികാരത്തിലെത്തിയ മാൽക്കം ടേൺബുൾ സർക്കാർ ഈ ശുപാർശ പരിഗണിച്ചേക്കും എന്നാണ് ദ ഓസ്ട്രേലിയൻ റിപ്പോർട്ട് ചെയ്യുന്നത്.