തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് നേതൃസ്ഥാനത്ത് നിന്നും പിൻവാങ്ങുകയാണെന്ന് മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് നേതൃസ്ഥാനത്തേക്ക് ആരെന്ന ചോദ്യം ഉയർന്നത്.
അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ലെങ്കിൽ ഫെഡറൽ പ്രതിപക്ഷ നേതാവും, ലിബറൽ പാർട്ടി ലീഡറുമായി മുതിർന്ന നേതാവ് പീറ്റർ ഡറ്റൻ തിരഞ്ഞെടുക്കപ്പെടും.
സ്കോട്ട് മോറിസൻറെ അഭാവത്തിൽ രണ്ട് പേരുകളാണ് ലിബറൽ പാർട്ടിയിൽ ഉയർന്ന് കേട്ടിരുന്നത്.
ഇതിലൊരാളായ മുൻ ഫെഡറൽ ട്രഷറർ ജോഷ് ഫ്രെഡൻബർഗിന് കൂയോംഗ് സീറ്റിൽ അപ്രതീക്ഷിത തിരിച്ചടി നേരിടുകയായിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായ മോണിക റെയനാണ് ഫ്രെഡൻബർഗിനെ പരാജയപ്പെടുത്തിയത്. ഇതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പീറ്റർ ഡറ്റന് കാര്യമായ എതിരാളികൾ ഇല്ലാതായി.
കടുത്ത യാഥാസ്ഥിതികനെന്നറിയപ്പെടുന്ന പീറ്റർ ഡറ്റൻറെ പ്രതിഛായ, പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ചില അഭിപ്രായങ്ങളുണ്ടെങ്കിലും ഇതിനെ ഡറ്റൻ മറികടന്നെന്നാണ് റിപ്പോർട്ടുകൾ.
2018 ൽ മാൽകം ടേൺ ബുൾ സ്ഥാനമൊഴിഞ്ഞപ്പോൾ പീറ്റർ ഡറ്റൻ നേതൃസ്ഥാനത്തേക്കെത്തുമെന്ന് കരുതിയിരുന്നെങ്കിലും സ്കോട്ട് മോറിസണെ ലിബറൽ പാർട്ടി തിരഞ്ഞെടുക്കുകയായിരുന്നു.
പീറ്റർ ഡറ്റനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുമെന്ന് മുതിർന്ന ലിബറൽ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ കാരൻ ആൻഡ്രൂസ് വ്യക്തമാക്കി.
പീറ്റർ ഡറ്റന് പാർട്ടിയിൽ പിന്തുണയുണ്ടെന്നും അദ്ദേഹം അടുത്ത നേതാവാകുമെന്നത് വളരെ ന്യായവും കൃത്യവുമായ വിലയിരുത്തലാണെന്നുമായിരുന്നു കാരൻ ആൻഡ്രൂസിൻറെ പ്രതികരണം.
ഡപ്യൂട്ടി നേതൃസ്ഥാനത്തേക്ക് സൂസൻ ലേ എത്തിയേക്കുമെന്നും കാരൻ ആൻഡ്രൂസ് പറഞ്ഞു. ലിബറൽ പാർട്ടിയിലെ മിതവാദികളിലൊരാളായാണ് സൂസൻലേ വിലയിരുത്തപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ ഡപ്യൂട്ടി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കണമെന്ന വാദവും ലേക്ക് അനുകൂലമാണ്.
അതേ സമയം പീറ്റർ ഡറ്റൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കെത്തുമെന്ന വാർത്തകൾ പുറത്ത് വന്നതോടെ ലേബർ നേതാക്കൾ ഡറ്റനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
ഫെഡറൽ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ നിന്നും ലിബറൽ സഖ്യം ഒന്നും പഠിച്ചില്ലെന്നാണ് ഡറ്റനെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് മനസ്സിലാകുന്നതെന്ന് ഫെഡറൽ ട്രഷറർ ജിം ചാൽമേഴ്സ് കുറ്റപ്പെടുത്തി.
സ്കോട്ട് മോറിസണിൽ കണ്ട, ആളുകൾ ഇഷ്ടപ്പെടാത്ത അതേ സ്വഭാവ സവിശേഷതകൾ പീറ്റർ ഡറ്റനുണ്ടെന്നായിരുന്നു ട്രഷററുടെ പരാമർശം.
മൂന്ന് വർഷത്തിനുള്ളിൽ, ലേബർ പാർട്ടിക്ക് പീറ്റർ ഡറ്റൻ ഭീഷണിയാകുമെന്ന് കരുതുന്നില്ലെന്ന് ഫെഡറൽ ധനമന്ത്രി കാറ്റി ഗല്ലഗെറും വ്യക്തമാക്കി.