പദവി മാറുമ്പോൾ ശമ്പളം മാറുന്നത് സ്വാഭാവികമാണ്. പക്ഷെ പ്രതിപക്ഷ നേതാവിൽ നിന്ന് പ്രധാനമന്ത്രി പദവിയിലേക്ക് പ്രമോഷൻ ലഭിച്ചപ്പോൾ ആൻറണി അൽബനീസിയുടെ ശമ്പളത്തിൽ എത്ര ഡോളർ കൂടിയിട്ടുണ്ടെന്നറിയാമോ...?
ഓസ്ട്രേലിയയിൽ ഫെഡറൽ പ്രതിപക്ഷ നേതാവിന് ലഭിക്കുന്നത് 3,90,813 ഡോളറാണ്. അതായത്, ഏകദേശം രണ്ട് കോടി പതിനാല് ലക്ഷത്തോളം ഇന്ത്യൻ രൂപ.
പ്രധാനമന്ത്രിയായതോടെ അൽബനീസിയുടെ ശമ്പളത്തിൽ ഏകദേശം 40 ശതമാനത്തിലേറെ വർദ്ധനവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രതിപക്ഷ നേതാവിൽ നിന്ന് പ്രധാനമന്ത്രിയിലേക്കെത്തിയപ്പോൾ ശമ്പളം 5,49,250 ഡോളറായി വർദ്ധിച്ചു. മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ് ലഭിച്ചിരുന്ന ശമ്പളത്തിൻറെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.
നിലവിലെ വിനിമയ നിരക്ക് വെച്ച് നോക്കിയാൽ ഒരു വർഷം ശമ്പള ഇനത്തിൽ മാത്രം മൂന്ന് കോടിയിലേറെ ഇന്ത്യൻ രൂപയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്.
ഓസ്ട്രേലിയൻ പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പടുന്ന എംപിമാർക്കും സെനറ്റർമാർക്കും അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത് 2,11,250 ഡോളറാണ്. കൂടാതെ ഓരോ പദവികൾക്കും അടിസ്ഥാന ശമ്പളത്തിൻറെ നിശ്ചിത ശതമാനം അധിക ആനുകൂല്യമായും റെമ്യുനറേഷൻ ട്രൈബ്യൂണൽ നിശ്ചയിച്ചിട്ടുണ്ട്.
അടിസ്ഥാന വാർഷിക ശമ്പളത്തോടൊപ്പം നിശ്ചിത ശതമാനം തുക കൂടി ചേർത്താണ് പ്രധാനമന്ത്രിയുടെയും, മന്ത്രിമാരുടെയുമൊക്കെ ശമ്പളം കണക്കാക്കുന്നത്.
- എംപിമാർ/ സെനറ്റർമാർ: അടിസ്ഥാന ശമ്പളം- 2,11,250
- പ്രധാനമന്ത്രി: അടിസ്ഥാന ശമ്പളം- 2,11,250 + 160%
- ഉപ പ്രധാനമന്ത്രി: അടിസ്ഥാന ശമ്പളം- 2,11,250 + 105%
- പ്രതിപക്ഷ നേതാവ്: അടിസ്ഥാന ശമ്പളം- 2,11,250 + 85%
- ക്യാബിനറ്റ് മന്ത്രിമാർ: അടിസ്ഥാന ശമ്പളം- 2,11,250 + 72.5%
- മന്ത്രിമാർ: അടിസ്ഥാന ശമ്പളം- 2,11,250 + 57.5%
ഇനി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കൊപ്പം ചുമതലയേറ്റെടുത്ത മറ്റ് ക്യാബിനറ്റ് മന്ത്രിമാർക്ക് ശമ്പള ഇനത്തിൽ എത്ര തുക ലഭിക്കുമെന്ന് നമുക്കൊന്ന് പരിശോധിക്കാം.
ഫെഡറൽ മന്ത്രിസഭയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് തൊട്ട് പിന്നിൽ നിൽക്കുന്നത് ഉപ പ്രധാനമന്ത്രിയാണ്. ലേബർ സർക്കാരിൽ ഉപ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത റിച്ചാർഡ് മാർലെസിൻറെ ശമ്പളം മാത്രം 4,33,063 ഡോളറാണ്.
താൽക്കാലികമായി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കേണ്ടി വരുമ്പോൾ, പ്രധാനമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളുമാകും ഉപ പ്രധാനമന്ത്രിക്ക് ലഭിക്കുക.
ധനകാര്യ വകുപ്പ് മന്ത്രി കാറ്റി ഗല്ലഗർക്ക് 3,64,406 ഡോളറും, വിദേശകാര്യ വകുപ്പ് മന്ത്രി പെനി വോങ്ങിന് 3,69,688 ഡോളറും പുതിയ ചുമതലയുടെ ഭാഗമായി ലഭിക്കും.
ട്രഷറി വകുപ്പ് കൈകാര്യം ചെയ്യുന്ന ജിം ചാൽമേഴ്സിൻറെ ശമ്പളം 3,96,094 ഡോളറാണെന്നാണ് കണക്കുകൾ പറയുന്നത്.
അടിസ്ഥാന ശമ്പളത്തിന് പുറമെ വീട്, കാർ, യാത്രബത്ത, അലവൻസ്, പെൻഷൻ, സൂപ്പറാന്വേഷൻ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും പാർലമെൻറ് അംഗങ്ങൾക്ക് ലഭിക്കും.
ഔദ്യോഗിക വസതിക്ക് പുറത്തുള്ള താമസത്തിനായി പ്രധാനമന്ത്രിക്ക് 583 ഡോളറാണ് പ്രതിദിനം അനുവദിച്ചിട്ടുള്ളത്. മറ്റ് മന്ത്രിമാർക്കും, പാർലമെൻറ് അംഗങ്ങൾക്കും ഓരോ നഗരത്തിലും വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. 276 ഡോളർ മുതൽ 566 ഡോളർ വരെ വ്യത്യസ്ത സാഹചര്യങ്ങളിൽ വിവിധ അംഗങ്ങൾക്ക് ലഭിക്കും.
ഓസ്ട്രേലിയൻ റെമ്യുനറേഷൻ ട്രൈബ്യൂണലിൻറെ രേഖകളും, ചില ഫാക്ട് ചെക്ക് റിപ്പോർട്ടുകളും പരിശോധിച്ചാണ് ഈ ശമ്പള നിരക്കുകൾ കണ്ടെത്തിയിരിക്കുന്നത്.