സ്‌കോട്ട് മോറിസൻ സർക്കാരിന്റെ ആദ്യ ഫെഡറൽ ബജറ്റ് ആണ് ചൊവ്വാഴ്ച ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് അവതരിപ്പിച്ചത്. ആദായ നികുതിയിലുള്ള ഇളവും ബിസിനസുകൾക്ക് ആനുകൂല്യവു ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളാണ് ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചത്.
ഇതിനു പുറമെയാണ് രാജ്യത്ത് ബാല ലൈംഗിക പീഡനകേസുകളിൽ കുറ്റക്കാരായവരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കും ലഭ്യമാക്കത്തക്ക വിധത്തിൽ പുതിയ പദ്ധതി നടപ്പാക്കാൻ 7.8 മില്യൺ ഡോളർ സർക്കാർ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
ലൈംഗിക കുറ്റവാളികളുടെ പേരുകൾ, വിളിപ്പേരുകൾ, ചിത്രങ്ങൾ, ജനന തീയതി, ഇവരുടെ ശരീരഘടന, ഇവർ കുറ്റകൃത്യ ചെയ്ത സ്ഥലങ്ങൾ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നാഷണൽ പബ്ലിക് രജിസ്റ്റർ ഓഫ് ചൈൽഡ് സെക്സ് ഒഫൻഡേഴ്സ് നിലവിൽ കൊണ്ടുവരും. ഇതിൽ ഇവ പ്രസിദ്ധീകരിക്കുന്നത് വഴി ഈ വിവരങ്ങൾ പൊതുജനങ്ങൾക്കും ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ഉദ്ദേശം.
ഇതോടെ സമീപപ്രദേശങ്ങളിൽ ഏതെങ്കിലും ലൈംഗിക കുറ്റവാളി താമസമുണ്ടോ എന്ന കാര്യം പൊതുജനങ്ങൾക്ക് കണ്ടെത്താം.
വിവിധ സംസ്ഥാനങ്ങളിലുള്ള പോലീസ് ഏജൻസികൾ നൽകുന്ന വിവരങ്ങൾ അടങ്ങിയ ഈ രജിസ്റ്റർ ഓസ്‌ട്രേലിയൻ ക്രിമിനൽ ഇന്റലിജൻസ് കമ്മീഷൻ ആയിരിക്കും കൈകാര്യം ചെയ്യുക.
വർധിച്ചു വരുന്ന ലൈംഗിക പീഡനങ്ങളിൽ നിന്നും കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് സർക്കാർ മുൻഗണന നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതിയെന്ന് ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൻ പറഞ്ഞു.
ലൈംഗിക കുറ്റവാളികളുടെ പേരുകൾ ഉൾപ്പെടുത്തിയുള്ള നാഷണൽ പബ്ലിക് രജിസ്റ്റർ നിലവിൽ കൊണ്ടുവരാൻ ഡട്ടൻ ജനുവരിയിൽ ശുപാർശകൾ മുൻപോട്ടു വച്ചിരുന്നു. 1990ൽ അമേരിക്കയിൽ നടപ്പിലാക്കിയ പദ്ധതിക്ക് സമാനമായ പദ്ധതി രാജ്യത്തും നടപ്പിലാക്കുക എന്നതായിരുന്നു ഡട്ടന്റെ ശുപാർശ.
എന്നാൽ ഇതിൽ നിന്നും നേരിയ വ്യത്യാസത്തിലായിരിക്കും രാജ്യത്ത് ഇത് നടപ്പിലാക്കുക. അമേരിക്കയിൽ കുറ്റവാളികളുടെ മേൽവിലാസം ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാണ് . എന്നാൽ ഇവിടെ കുറ്റവാളികളുടെ മേൽവിലാസം രജിസ്റ്ററിൽ ഉൾപ്പെടുത്തില്ല. മറിച്ച് അവർ ഏത് പ്രദേശത്താണ് ജീവിച്ചിരുന്നതെന്ന കാര്യം വ്യക്തമാക്കിക്കൊണ്ടായിരിക്കും രജിസ്റ്റർ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക.
അതേസമയം, സർക്കാരിന്റെ ഈ പ്രഖ്യാപനത്തിൽ ശിശു സംരക്ഷണ ഏജൻസികൾ ആശങ്ക രേഖപ്പെടുത്തി. ലൈംഗിക കുറ്റവാളികളുടെ പേര് വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള സർക്കാരിന്റ നടപടി കുട്ടികൾക്ക് സംരക്ഷണം നൽകുന്നില്ലെന്നും മറിച്ച് ഇത് തിരിച്ചടിയാകുമെന്നും ശിശു സംരക്ഷണ സംഘടനയായ ബ്രേവ് ഹാർട്സിന്റെ സ്ഥാപക ഹെറ്റി ജോൺസ്റ്റാൻ അഭിപ്രായപ്പെട്ടു.
ഇത്രയും തുക ഇതിനായി മാറ്റിവയ്ക്കുന്നത് അനാവശ്യമാണ്. നികുതി ദായകരുടെ പണം നഷ്ടമാക്കാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നും ജോൺസ്റ്റാൻ പറഞ്ഞു.
മാത്രമല്ല സംശയം തോന്നുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറാൻ സമൂഹത്തിന് അനുവാദം നൽകുന്ന യു കെ യിലെ നിയമത്തിന് സമാനമായ നിയമമാണ് രാജ്യത്ത് നടപ്പിലാക്കേണ്ടതെന്നും ജോൺസ്റ്റാൻ പറഞ്ഞു.