UPDATED:
ഡ്രൈവിംഗ് സീറ്റിലിരുന്ന് ബോട്ടിലില്‍ നിന്ന് വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ക്വീന്‍സ്ലാന്റ് പൊലീസ് 173 ഡോളര്‍ പിഴയീടാക്കി എന്നായിരുന്നു ബ്യൂഡെസേര്‍ട്ട് സ്വദേശിയ ബ്രോക്ക് ഹാരിസ് അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്ന് ക്വീന്‍സ്ലാന്റ് പൊലീസ് വ്യക്തമാക്കിയതായി എ ബി സി റിപ്പോര്‍ട്ട് ചെയ്തു.
ആരോപണം ഉന്നയിച്ച ഡ്രൈവറുമായി നേരിട്ട് സംസാരിച്ചതായും, പിഴശിക്ഷ നല്‍കിയിട്ടില്ല എന്ന കാര്യം സ്ഥിരീകരിച്ചതായും പൊലീസ് എ ബി സിയോട് പറഞ്ഞു.
12 മണിക്കൂര്‍ നീണ്ട ഷിഫ്റ്റിനു ശേഷം കാറെടുത്തപ്പോള്‍ എ സി തകരാറിലായതിനാലാണ് വെള്ളം വാങ്ങി കുടിച്ചതെന്നും, 39 ഡിഗ്രി ചൂടുള്ള ദിവസം ഇത്തരത്തില്‍ പിഴയീടാക്കുന്നത് ദയാരഹിതമാണ് എന്നുമായിരുന്നു ബ്രോക്ക് ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
അതേസമയം, ഈ ഡ്രൈവര്‍ക്ക് പിഴ നല്‍കിയിട്ടില്ല എങ്കില്‍ പോലും പിഴ ലഭിക്കാവുന്ന കുറ്റമാണ് അതെന്ന് ക്വീന്‍സ്ലാന്റ് പൊലീസ് വ്യക്തമാക്കി.
ഇത്തരത്തില്‍ ഡ്രൈവിംഗിനിടെ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുയോ ചെയ്യുന്നവരെ ശിക്ഷിക്കാന്‍ കഴിയുമെന്നും, നിയമം അതിന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
സാധാരണരീതിയില്‍ ശ്രദ്ധിക്കാതെ പോകുന്ന ഇത്തരത്തിലുള്ള പല ഡ്രൈവിംഗ് നിയമങ്ങളും ഓസ്‌ട്രേലിയയിലുണ്ട്.
ഡ്രൈവിംഗില്‍ നിന്ന് ശ്രദ്ധ നഷ്ടമാകുന്ന രീതിയില്‍ മറ്റെന്തെങ്കിലും ചെയ്യുന്നത് അപകടകരമാണെന്നും, അതിനെ നിയമലംഘനമായാണ് കാണുന്നതെന്നും ക്വീന്‍സ്ലാന്റ് റോഡ് പൊലീസിംഗ് കമാന്റിലെ സൂപ്രണ്ട് ഡേവിഡ് ജോണ്‍സന്‍ പറഞ്ഞു.
റോഡില്‍ നിന്ന് ശ്രദ്ധ മാറാത്ത രീതിയില്‍ വെള്ളം കുടിക്കുകയാണെങ്കില്‍ അതിന് ശിക്ഷ നല്‍കാറില്ല. ഡ്രൈവറെ നിരീക്ഷിച്ച ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡ്രൈവിംഗിനിടെ അപടകരമായ അഞ്ചു കാര്യങ്ങളിലൊന്നായാണ് ഡ്രൈവറുടെ അശ്രദ്ധയെ കാണുന്നത്. അമിതവേഗത, മദ്യപിച്ച് വാഹനമോടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ക്ഷീണിതനായിരിക്കുമ്പോള്‍ വാഹനമോടിക്കല്‍ എന്നിവ പോലെ അപകടകരമാണ് ഇതും എന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
മടിയില്‍ വളര്‍ത്തുമൃഗങ്ങളെ വച്ച് വാഹനമോടിക്കുന്നതും, ഡ്രൈവിംഗിനിടെ മേക്കപ്പ് ചെയ്യുന്നതുമെല്ലാം ഇത്തരത്തില്‍ പിടിക്കപ്പെടാമെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.