പുതിയൊരു വാടക വീടിനായി ഓണ്‍ലൈന്‍ ഇന്‍സ്‌പെക്ഷനും നടത്തി, അഡ്വാന്‍സും കൊടുത്ത ശേഷം അങ്ങനെയൊരു വീടു തന്നെ വാടകവിപണിയില്‍ ഇല്ല എന്നറിഞ്ഞാലോ?
കൊറോണക്കാലത്ത് ഓസ്‌ട്രേലിയയില്‍ നൂറു കണക്കിന് പേരാണ് ഇത്തരമൊരു തട്ടിപ്പില്‍പ്പെട്ടത് എന്നാണ് ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ കമ്മീഷന്‍ വെളിപ്പെടുത്തിയത്.
കൊവിഡ് സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലുണ്ടായ മാറ്റങ്ങളും, പുതിയ നിയന്ത്രണങ്ങളും മുതലെടുത്ത് നടക്കുന്ന തട്ടിപ്പുകള്‍ കുതിച്ചുയരുകയാണെന്ന് ACCC മുന്നറിയിപ്പ് നല്‍കി.
വാടകവീട് പരസ്യം ചെയ്ത് തട്ടിപ്പു നടത്തി എന്ന 560ലേറെ പരാതികളാണ് ഈ വര്‍ഷം ഇതുവരെ സ്‌കാം വാച്ചിന് കിട്ടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 56 ശതമാനം വര്‍ദ്ധനവാണ് ഇത്.
മൂന്നു ലക്ഷത്തിലേറെ ഡോളര്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ഇത്തരം തട്ടിപ്പുകളിലൂടെ നഷ്ടമാകുകയും ചെയ്തു.
തട്ടിപ്പിന്റെ രീതി
കൊവിഡ് കാലത്ത് വീടുകളുടെ വാടക കുറയുന്നത് മുതലെടുത്താണ് തട്ടിപ്പ് നടക്കുന്നത്.
പല തരത്തില്‍ ഈ തട്ടിപ്പ് നടക്കുന്നുണ്ട്.
കുറഞ്ഞ വാടകയ്ക്കുള്ള വീടുണ്ട് എന്ന പേരില്‍ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റുകളില്‍ ഇവര്‍ പരസ്യം നല്‍കും.
അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ വഴി വീടോ മുറിയോ വാടകയ്ക്ക് തേടുന്നവരെ ലക്ഷ്യമിട്ട് സന്ദേശങ്ങളയക്കും.
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഈ പഴുതാണ് തട്ടിപ്പുകാര് ഉപയോഗിക്കുന്നത്.
താല്‍പര്യമുള്ളവര്‍ക്കായി ഇവര്‍ വെര്‍ച്വല്‍ ഇന്‍സ്‌പെക്ഷന്‍ ഒരുക്കും.
വീട് ഇഷ്ടമായിക്കഴിഞ്ഞാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും, പിന്നീട് അത് അംഗീകരിച്ചുകൊണ്ട് അഡ്വാന്‍സ് ആവശ്യപ്പെടുകയും ചെയ്യും.
അഡ്വാന്‍സായി നല്‍കുന്ന പണം മാത്രമല്ല ഇവരുടെ ലക്ഷ്യം എന്നാണ് ACCC ചൂണ്ടിക്കാട്ടുന്നത്.
വീടു വാടകയ്‌ക്കെടുക്കാനുള്ള അപേക്ഷാ ഫോമിലൂടെ അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങളും, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും, പാസ്‌പോര്‍ട്ട്, ലൈസന്‍സ്, പേസ്ലിപ്പ് തുടങ്ങിയ രേഖകളും ഇവര്‍ സ്വന്തമാക്കും.
ഇതുപയോഗിച്ച് കൂടുതല്‍ തട്ടിപ്പുകളും നടക്കുന്നുണ്ടെന്ന് ACCC വ്യക്തമാക്കി.
മറ്റു ചില തട്ടിപ്പുകാര്‍ വീടിന്റെ ഓണ്‍ലൈന്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതിന് മുമ്പു തന്നെ ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാറുണ്ട്. മറ്റാര്‍ക്കും ആ വീടു പോകില്ല എന്ന് ഉറപ്പുവരുത്തും എന്ന വാഗ്ദാനം നല്‍കിയാണ് അത്.

the scammers request upfront deposit to secure the property or phish for personal information through a ‘tenant application form’ Source: Getty Images
കുറഞ്ഞ വാടകയ്ക്ക് വീടു കിട്ടും എന്ന പ്രതീക്ഷയിലാണ് പലരും അതിന് തയ്യാറാകുന്നത്.
തട്ടിപ്പിന് ഇരയാകുന്നതില്‍ ഭൂരിഭാഗം പേരും താക്കോല്‍ വാങ്ങാനായി ചെല്ലുമ്പോള്‍ മാത്രമാണ് അത്തരമൊരു വീടു തന്നെയില്ല എന്ന് തിരിച്ചറിയുന്നത്.
25 വയസിനും 34 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരം തട്ടിപ്പിന് ഏറ്റവുമധികം ഇരയായിരിക്കുന്നതെന്ന് ACCC ഡെപ്യൂട്ടി കമ്മീഷണര്‍ ഡെലിയ റിക്കാര്‍ഡ് പറഞ്ഞു.
ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, ACT എന്നിവിടങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍.
എങ്ങനെ തിരിച്ചറിയാം?
ഏതെങ്കിലും പ്രമുഖ റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടു മാത്രം ഒരു വാടക വീടു പരസ്യവും വിശ്വസിക്കരുത് എന്നാണ് ACCC നിര്‍ദ്ദേശിക്കുന്നത്.
പ്രമുഖ വെബ്‌സൈറ്റുകളിലും തട്ടിപ്പുകാര്‍ പരസ്യം നല്‍കുന്നുണ്ട്. ACCC
വാടകയ്ക്കുള്ള അപേക്ഷയോ, മറ്റെന്തെങ്കിലും രേഖകളോ നല്‍കുന്നതിന് മുമ്പ് ആ റിയല്‍ എസ്റ്റേറ്റ് ഏജന്റ് യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന് ഉറപ്പു വരുത്തണം. അവരെക്കുറിച്ചുള്ള ഓണ്‍ലൈന്‍ റിവ്യൂ പരിശോധിക്കുകയോ, നിങ്ങളുടെ സംസ്ഥാനത്ത് അവര്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിക്കുകയോ ചെയ്യാം.
പലപ്പോഴും ഇമെയില്‍ സന്ദേശങ്ങള്‍ വഴി മാത്രമാകും തട്ടിപ്പുകാര്‍ ബന്ധപ്പെടുക. അവരെ നേരില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുക.
വിപണിയിലെ സാധാരണ വാടക നിരക്കിനെക്കാള്‍ കുറഞ്ഞ വാടകയ്ക്കാണ് വീടു പരസ്യം ചെയ്തിട്ടുള്ളതെങ്കിലും അത് തട്ടിപ്പാകാന്‍ സാധ്യത കൂടുതലാണ്.
അതുപോലെ, ബോണ്ടോ വാടക അഡ്വാന്‍സോ കൊടുക്കുന്നതിന് മുമ്പ് വീടു നേരില്‍ കാണുന്ന കാര്യം ഉറപ്പു വരുത്തണമെന്നും ACCC വക്താവ് പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ തട്ടിപ്പ് നടക്കുന്നതായി സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്കിനെ ബന്ധപ്പെട്ട് അതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കണം.
അതുപോലെ, എവിടെയാണോ പരസ്യം വന്നത്, അവരുമായും ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കുക.
വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ക്ക് ഇരയായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ IDCARE നെയും ബന്ധപ്പെടാം. 1300 IDCARE (432273) എന്ന നമ്പരിലോ, www.idcare.org എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം.