പശ്ചിമസിഡ്നിയിലെ വോറഗാംബ (Warragamba) പബ്ലിക് സ്കൂളിലാണ് ഒരു വിദ്യാർത്ഥിക്ക് കൊറോണവൈറസ്ബാധ സ്ഥിരീകരിച്ചത്.
ഏഴുവയസുള്ള ആൺകുട്ടിക്കാണ് രോഗബാധ. ഇതേത്തുടർന്ന് തിങ്കളാഴ്ച സ്കൂൾ അടച്ചിടാൻ തീരുമാനിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ ന്യൂ സൗത്ത് വെയിൽസിൽ ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ള വൈറസ്ബാധ ഇതുമാത്രമാണ്. 5,500 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്.
വിദ്യാർത്ഥിയുമായി അടുത്ത സമ്പർക്കമുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികളെയും അധ്യാപകരെയും സ്വയം ഐസൊലേഷന് നിർദ്ദേശിച്ചിട്ടുണ്ട്. സ്കൂളിൽ ശുചീകരണവും നടത്തുന്നുണ്ട്.
സ്കൂൾ എപ്പോൾ തുറന്നു പ്രവര്ത്തിക്കും എന്ന് ചൊവ്വാഴ്ച അറിയിക്കും.
രണ്ടാം ടേമിൽ സ്കൂൾ തുറന്ന് ദിവസങ്ങൾക്കകമാണ് ഒരു വിദ്യാർത്ഥിക്ക് രോഗബാധ കണ്ടെത്തിയത്. ഇപ്പോഴും സംസ്ഥാനത്ത് 95 ശതമാനം വിദ്യാർത്ഥികളും വീട്ടിലിരുന്നാണ് ക്ലാസിൽ പങ്കെടുക്കുന്നത്.
എന്നാൽ അടുത്തയാഴ്ച മുതൽ ആഴ്ചയിൽ ഒരു ദിവസം വീതം കുട്ടികളെ സ്കൂളിൽ വിടാനാണ് നിർദ്ദേശം.
ഇതോടെ കൂടുതൽ വിദ്യാർത്ഥികൾക്ക് വൈറസ്ബാധയ്ക്ക് സാധ്യതയുണ്ടാകുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു. എന്നാൽ അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് വ്യക്തമായ ധാരണ ഇപ്പോഴുണ്ടെന്നും പ്രീമിയർ പറഞ്ഞു.
ക്വീൻസ്ലാന്റിൽ സ്കൂൾ തുറക്കുന്നു
രോഗബാധ കുറയുന്നതോടെ ക്വീൻസ്ലാന്റിൽ സ്കൂളുകൾ പൂർണമായും തുറക്കാൻ തീരുമാനിച്ചു.
അടുത്തയാഴ്ച മുതൽ കിന്റർഗാർട്ടൻ, പ്രിപ്, 1, 11, 12 എന്നീ ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളിൽ പോയി തുടങ്ങാം.
മേയ് 25 മുതൽ എല്ലാ കുട്ടികൾക്കും സ്കൂളിലെത്താമെന്ന് പ്രീമിയർ അനസ്താഷ്യ പലാഷേ പറഞ്ഞു. എന്നാൽ അതിനു മുമ്പ് മേയ് 15ന് ഒരു വിലയിരുത്തൽ കൂടി നടത്തും.
സംസ്ഥാനത്ത് മൂന്നു പേർക്ക് മാത്രമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങളിലും നേരിയ ഇളവ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സ്കൂൾ തുറക്കാനുള്ള തീരുമാനം.
എന്നാൽ രോഗബാധ കൂടുകയാണെങ്കിൽ ഈ തീരുമാനം മാറാമെന്നും പ്രീമിയർ പറഞ്ഞു.
വിക്ടോറിയയിൽ 22 പേർക്ക് രോഗബാധ
വിക്ടോറിയയിൽ രണ്ടാഴ്ചക്കിടയിലെ ഏറ്റവും വലിയ വർദ്ധനവാണ് രോഗബാധയിൽ ഉണ്ടായത്.
പുതുതായി രോഗം കണ്ടെത്തിയ 22 പേരിൽ 19 പേരും ഒരു മാംസ സംസ്കരണ കേന്ദ്രത്തിലാണ്. രോഗബാധ കണ്ടെത്തിയ മീറ്റ് വർക്ക്സ് ഉടൻ അടച്ചിട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
മാംസ സംസ്കരണ കേന്ദ്രങ്ങളിലുള്ളവർക്ക് രോഗസാധ്യത കൂടുതലാണെന്നും സംസ്ഥാന ചീഫ് മെഡിക്കൽ ഓഫീസർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് വൈറസ് പരിശോധനയും വലിയ തോതിൽ ഉയർന്നിരുന്നു. 13,000 പേരാണ് ഞായറാഴ്ച മാത്രം പരിശോധനയ്ക്ക് വിധേയരായത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.