ഇന്ത്യ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തതകളുള്ള ബാങ്കിംഗ് മേഖലയാണ് ഓസ്‌ട്രേലിയയിലേത്. അതുകൊണ്ടുതന്നെ പുതുതായി കുടിയേറിയെത്തുന്നവര്‍ക്ക് പലപ്പോഴും ആശയക്കുഴപ്പങ്ങള്‍ തോന്നാം. ഓസ്‌ട്രേലിയന്‍ ബാങ്കിംഗിന്റെ അടിസ്ഥാന കാര്യങ്ങളാണ് ഇവിടെ വായിക്കാവുന്നത്.
1. അക്കൗണ്ട് തുറക്കുമ്പോള്‍
ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യണമെങ്കില്‍ ബാങ്ക് അക്കൗണ്ട് അനിവാര്യമാണ്. അക്കൗണ്ട് വഴിയായിരിക്കും നിങ്ങളുടെ ശമ്പളം ലഭിക്കുന്നത്. പല തരത്തിലുള്ള അക്കൗണ്ടുകളും പല ബാങ്കുകളും നല്‍കുന്നുണ്ട്. ചില ബാങ്കുകള്‍ അക്കൗണ്ടുകള്‍ക്ക് ഫീസീടാക്കുമ്പോള്‍ മറ്റു ചിലതില്‍ സൗജന്യമാണ്. വിവിധ ബാങ്കുകളുടെ സേവനം തമ്മില്‍ താരതമ്യം ചെയ്തിട്ട് ആദ്യ അക്കൗണ്ട് തുറക്കുന്നതാകും ഏറ്റവും നല്ലത്. സേവനങ്ങളുടെ ഫീസിനത്തില്‍ അപ്രതീക്ഷിതമായി പണം നഷ്ടമാകുന്നത് ഒഴിവാക്കാന്‍ ഇതു സഹായിക്കും.

Source: SBS
2. കാര്‍ഡുപയോഗിച്ചുള്ള പണമിടപാടുകള്‍
ഇന്ത്യയില്‍ ഇപ്പോഴും ഡിജിറ്റല്‍ പണമിടപാടുകള്‍ സജീവമാക്കാനുള്ള പരിശ്രമങ്ങള്‍ തുടരുകയാണെങ്കില്‍, ഓസ്‌ട്രേലിയയില്‍ നല്ലൊരു ഭാഗം ഇടപാടുകളും ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ചാണ് നടക്കുന്നത്. ഷോപ്പിംഗിനും മറ്റും കാര്‍ഡുപയോഗിക്കുമ്പോള്‍ ചില സേവനങ്ങള്‍ക്ക് അധിക ഫീസ് ഇടാക്കാറുണ്ട്. അതിനാല്‍ നിങ്ങളുടെ ബാങ്കില്‍ അക്കാര്യം ചോദിച്ചു മനസിലാക്കുക.
ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവിടെ കേള്‍ക്കാവുന്നതാണ്.
3. സ്വന്തം ബാങ്കിന്റെ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുക
സ്വന്തം ബാങ്കിന്റെ എ ടി എമ്മില്‍ നിന്നോ, അവര്‍ അംഗീകരിച്ച എ ടി എമ്മുകളില്‍ നിന്നോ പണം പിന്‍വലിക്കുന്നത് സൗജന്യമായിരിക്കും. മറ്റു ബാങ്കുകളുടെ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ അതിന് ഫീസ് ഈടാക്കാറുണ്ട്. പണം പിന്‍വലിക്കാനുള്ള മറ്റൊരു എളുപ്പമാര്‍ഗ്ഗം ഷോപ്പിംഗ് നടത്തുമ്പോള്‍ കാഷ് ഔട്ട് എടുക്കുക എന്നതാണ്. മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും ലഭ്യമായ ഈ സേവനത്തിന് അധികം ഫീസ് ഇടാക്കാറില്ല.

Source: SBS
4. ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനം
അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനും പണം കൈമാറാനുമൊക്കെ ഏറ്റവും നല്ല മാര്‍ഗ്ഗം ഓണ്‍ലൈന്‍ ബാങ്കിംഗാണ്. അക്കൗണ്ട് തുറക്കുമ്പോള്‍ തന്നെ ഓണ്‍ലൈന്‍ ബാങ്കിംഗ് വിശദാംശങ്ങളും ബാങ്കില്‍ നിന്ന് വാങ്ങുക. പല ബാങ്കുകളും മൊബൈല്‍ ബാങ്കിംഗ് സംവിധാനവും, മൊബൈല്‍ എ ടി എം സംവിധാനവും നല്‍കുന്നുണ്ട്. അതായത്, നിങ്ങളുടെ മൊബൈല്‍ ഫോണ്‍ തന്നെ എ ടി എം കാര്‍ഡായി ഉപയോഗിക്കാവുന്നതാണ്.

Source: SBS
5. ക്രെഡിറ്റ് ഹിസ്റ്ററി സൂക്ഷിക്കുക
ബാങ്ക് അക്കൗണ്ടിലെ വരവുചെലവു കണക്കുകള്‍ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി ഇതു പരിശോധിക്കാന്‍ കഴിയും. ഡയറക്ട് ഡെബിറ്റായി ബില്ലുകള്‍ അടയ്ക്കുന്നുണ്ടെങ്കില്‍ മതിയായ ബാലന്‍സ് അക്കൗണ്ടില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഡയറക്ട് ഡെബിറ്റ് പരാജയപ്പെടുകയാണെങ്കില്‍ പിഴയടക്കേണ്ടി വരുന്നതിനു പുറമേ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി മോശമാകാനും സാധ്യതയുണ്ട്.
പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ Australian Securities and Investments Commission (ASIC) ന്റെ Money Smart വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.