വിക്ടോറിയയിൽ ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മിഷണർ ഡഗ് ഫ്രയർ അറിയിച്ചു.
ഇതേതുടർന്ന് നിയമം പാലിക്കാത്തവരെ പിടികൂടാൻ ഹൈ ടെക് ക്യാമറകൾ സ്ഥാപിക്കാനും ആളുകളിൽ നിന്ന് പിഴ ഈടാക്കാനും പൊലീസിന് കൂടുതൽ അധികാരം നൽകും വിധം നിയമം ഭേദഗതി ചെയ്യണമെന്ന് ഫ്രയർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിലെ നിയമപ്രകാരം ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് $476 പിഴയും നാല് ഡീ മെറിറ്റ് പോയിന്റുകളും ആണ് ഉള്ളത്. വാഹനത്തിന്റെ ഉടമയെ കണ്ടെത്തുകയും വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ചത് ആരാണെന്ന് തെളിയിക്കുകയും ചെയ്താൽ മാത്രമേ പിഴ ഈടാക്കാൻ പൊലീസിന് അധികാരമുള്ളൂ. മാത്രമല്ല ക്യാമറയിൽ ലഭിക്കുന്ന ഓരോ ചിത്രത്തെക്കുറിച്ചും അന്വേഷണവും നടത്തണമെന്നാണ് നിയമം.
ഇതുവഴി കഴിഞ്ഞ വര്ഷം നിയമം ലംഘിച്ച ഏതാണ്ട് 30,000 ത്തോളം ആളുകളിൽ നിന്ന് മാത്രമേ പിഴ ഈടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടുള്ളൂ എന്ന് ഫ്രയർ വ്യക്തമാക്കി. ഇത് നിയമം ലംഘിക്കുന്ന നിരവധി പേരിൽ കുറച്ചുപേർ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ന്യൂ സൗത്ത് വെയിൽസിൽ ഇത് സംബന്ധിച്ച പുതിയ നിയമം നടപ്പിലാക്കിയിരുന്നു. ഇത് പ്രകാരം ക്യാമറയിൽ പതിയുന്ന ചിത്രങ്ങളനുസരിച്ച് ഡ്രൈവർമാർക്കെതിരെ പിഴ ഈടാക്കാൻ പൊലീസിന് അനുവാദമുണ്ട്. ഈ രീതിയിൽ വിക്ടോറിയയിലെ നിയമം ഭേദഗതി ചെയ്യണമെന്നാണ് അസിസ്റ്റന്റ് കമ്മീഷണർ ആവശ്യപ്പെടുന്നത്.
വാഹനം ഓടിക്കുന്നതിനിടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെയും കുട്ടികളെ പിൻ സീറ്റിലിരുത്തി സെൽഫി എടുക്കുന്നവരുടെയും എണ്ണം കൂടി വരികയാണ്. മാത്രമല്ല ഡ്രൈവിംഗിനിടെ മൊബൈലിലൂടെ സിനിമ കാണുന്നവരുടെ എണ്ണവും കുറവല്ലെന്ന് അദ്ദേഹം അറിയിച്ചു.
അടുത്തിടെ നടന്ന സർവേയിൽ 60 ശതമാനം പേരും ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചതായും ഫ്രയർ ചൂണ്ടിക്കാട്ടി.