ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഈ വർഷം കഠിനമായ ഫ്ലൂ പടർന്നു പിടിച്ചിരുന്നു. ഈ വര്ഷത്തേത് റെക്കോർഡ് സൃഷ്ടിച്ച പനിബാധയാണെന്നാണ് റിപ്പോർട്ടുകൾ.
വിക്ടോറിയയിൽ പടർന്നു പിടിച്ച ഫ്ലൂ ബാധിച്ച് ഈ വർഷം എട്ട് കുട്ടികൾ ഉൾപ്പെടെ 125 പേരാണ് മരണമടഞ്ഞത്.
ഇതിൽ 105 പേർ ഏജ്ഡ് കെയറിൽ താമസിക്കുന്നവരാണെന്നാണ് വിക്ടോറിയൻ ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പറയുന്നത്.
മാത്രമല്ല മരിച്ച എട്ടു കുട്ടികൾ 15 വയസ്സിൽ താഴെ പ്രായമുള്ളവരാണ്.
സംസ്ഥാനത്ത് ഇതുവരെ ഏതാണ്ട് 50,000 പേർക്ക് ഫ്ലൂ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് ഇപ്പോഴും ഫ്ലൂ പടർന്നു പിടിക്കുകയാണെന്നും കൂടുതൽ പടരുന്നത് തടയാനായി പൊതുജനങ്ങൾ കരുതലുകൾ എടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
ഓസ്‌ട്രേലിയയിൽ തണുപ്പുകാലം തുടങ്ങിയതോടെ ഫ്ലൂ ബാധ കഠിനമാകുന്നതായി മെയ് മാസത്തിൽ ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.
ആറ് മാസത്തിന് മേൽ പ്രായമായവർ പ്രതിരോധകുത്തിവയ്‌പ്പുകൾ എടുക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.