ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ കർശനമാക്കാൻ വിവിധ സർക്കാരുകൾ അടുത്തിടെ നടപടികൾ സ്വീകരിച്ചിരുന്നു .
ക്വീൻസ്‌ലാന്റിൽ ഫെബ്രുവരി ഒന്ന് മുതൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 1,000 ഡോളറും നാല് ഡീമെറിറ്റ് പോയിന്റുകളും ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വെസ്റ്റേൺ ഓസ്ട്രേലിയയും കഠിന പിഴ ഈടാക്കിക്കൊണ്ട് നിയമം കർശനമാക്കാൻ ഒരുങ്ങുന്നത്.
നിലവിൽ സംസ്ഥാനത്ത് ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 400 ഡോളറാണ് പിഴ. ഇതാണ് 1,000 ഡോളർ ആയി ഉയർത്തുന്നത്.
ജൂലൈ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാർ അറിയിച്ചു.
ഡ്രൈവ് ചെയ്യുന്നതിനിടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുക, സന്ദേശങ്ങൾ അയക്കുക, ഇമെയിൽ ചെയ്യുക, ഇന്റർനെറ്റ് ഉപയോഗിക്കുക, വീഡിയോ കാണുക തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്ക് 1,000 ഡോളർ പിഴയും നാല് ഡീമെറിറ്റ് പോയിന്റുകളും ലഭിക്കും.
കൂടാതെ ട്രാഫിക് ലൈറ്റുകളിൽ വച്ച് ഫോൺ കൈകൊണ്ട് തൊട്ടാൽ 500 ഡോളർ പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളുമാകും ലഭിക്കുക.
കർശന പിഴ ഈടാക്കുന്നതിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവര്ക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നതെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ് മന്ത്രി മൈക്കൽ റോബെർട്സ് പറഞ്ഞു.
സംസ്ഥാനത്ത് 12,000 ത്തോളം പേരാണ് മൊബൈൽ ഉപയോഗിച്ചതിന് കഴിഞ്ഞ വർഷം പിടിയിലായത്. അശ്രദ്ധയോടെ വാഹനം ഓടിച്ച 31 പേർ കഴിഞ്ഞ വർഷം സംസ്ഥാനത്ത് റോഡ് അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ പിഴ
ക്വീൻസ്‌ലാന്റിന് സമാനമായ ഈ പിഴ മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നവർക്കുള്ള രാജ്യത്തെ ഏറ്റവും കഠിനമായ പിഴയാണ്.
ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുന്നവർക്ക് ന്യൂ സൗത്ത് വെയിൽസിൽ 344 ഡോളറും അഞ്ച് ഡീമെറിറ്റ് പോയിന്റുകളുമാണ് ശിക്ഷ. സ്കൂൾ പരിസരത്ത് വച്ചാണ് നിയമം ലംഘിക്കുന്നതെങ്കിൽ 457 ഡോളറാണ് പിഴ.
നിയമം ലംഘിക്കുന്നവർക്ക് വിക്ടോറിയയിൽ 496 ഡോളർ പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റുകളുമാണെങ്കിൽ ACT യിൽ 577 ഡോളറും നാല് ഡീമെറിറ്റ് പോയിന്റുകളുമാണ് ശിക്ഷ.
സൗത്ത് ഓസ്‌ട്രേലിയയിൽ ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ 534 ഡോളറും മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ലഭിക്കും. ടാസ്മേനിയയിൽ 300 ഡോളർ പിഴ ശിക്ഷയാണ് ലഭിക്കുക.
നോർത്തേൺ ടെറിട്ടറിയിലാണ് ഏറ്റവും കുറവ് പിഴ. 250 ഡോളറാണ് നിയമം ലംഘിക്കുന്നവരിൽ നിന്നും ടെറിട്ടറി സർക്കാർ ഈടാക്കുന്നത്.