വേജ് തെഫ്‌റ് ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള വേജ് തെഫ്റ്റ് ബിൽ 2020 വിക്ടോറിയൻ പാർലമെന്റിന്റെ ഉപരിസഭയിൽ പാസായി. ക്രോസ്സ് ബെഞ്ച് സെനറ്റർമാരുടെ പിന്തുണയോടെയാണ് ബിൽ ചൊവ്വാഴ്ച രാത്രി പാസായത്.
ജീവനക്കാർക്ക് മനപ്പൂർവം വേതനം നൽകാതിരിക്കുക, സൂപ്പറാന്വേഷനും മറ്റ് ആനുകൂല്യങ്ങളും നൽകാതിരിക്കുക, ജീവനക്കാരുടെ പേ റോളും മറ്റ് റെക്കോർഡുകളും മനപ്പൂർവം സൂക്ഷിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാകും ഇതിൽ ഉൾപ്പെടുക.
ഇതോടെ വേജ് തെഫ്‌റ് ക്രിമിനൽ കുറ്റമാക്കുന്ന ഓസ്‌ട്രേലിയയിലെ ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് വിക്ടോറിയ.
നിയമം ലംഘിക്കുന്നവർക്ക് കഠിന ശിക്ഷയാണ് നടപ്പാക്കുന്നത്.
പുതിയ നിയമ പ്രകാരം വേജ് തെഫ്‌റ് നടത്തുന്ന വ്യക്തികളിൽ നിന്ന് 1,98,264 ഡോളർ വരെയും ബിസിനസുകളിൽ നിന്ന് 9,91,320 ഡോളർ വരെയും പിഴ ഈടാക്കും. കൂടാതെ, നിയമം ലംഘിക്കുന്നവർക്ക് പത്ത് വര്ഷം വരെ ജയിൽ ശിക്ഷയും ലഭിക്കും.
നിയമം പാലിക്കാത്തവരെക്കുറിച്ച് അന്വേഷിക്കാനും ഇവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുവാനുമുള്ള അധികാരം നൽകിക്കൊണ്ട് ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
2021 മധ്യത്തോടെയാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. ഇത് സംബന്ധിച്ച് ബിസിനസുകൾക്ക് തയ്യാറെടുപ്പുകൾ നടത്താൻ വേണ്ട സാവകാശം കൊടുക്കുന്നതിന് വേണ്ടിയാണിത്.
തൊഴിലുടമകൾ വേജ് തെഫ്റ്റ് നടത്തുന്ന നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിന് കടിഞ്ഞാണിടാൻ നിലവിലുള്ള നിയമത്തിന് കഴിഞ്ഞിട്ടില്ല. അതിനാൽ ഇത് ക്രിമിനൽ കുറ്റമാക്കുന്നതിന്റെ അനിവാര്യത മനസിലാക്കിക്കൊണ്ടാണ് ഇത്തരമൊരു നടപടിയെന്ന് വിക്ടോറിയൻ അറ്റോണി ജനറൽ ജിൽ ഹെന്നസ്സി വ്യക്തമാക്കി.
നിരവധി തൊഴിലാളികളാണ് തൊഴിലുടമകളുടെ ചൂഷണത്തിന് ഇരയായെന്നറിയിച്ച് മുൻപോട്ട് വന്നത്. ഇവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നതെന്നും ജിൽ ഹെന്നസ്സി ചൂണ്ടിക്കാട്ടി.
ഈ പുതിയ നിയമം ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ട്രെഡ്‍സ് ഹിൽ സെക്രട്ടറി ലൂക്ക് ഹിലാകരി പ്രതീക്ഷ പ്രകടിപ്പിച്ചു.
നിയമം കൊണ്ടുവന്ന സംസ്ഥാന സർക്കാർ നടപടി യുണൈറ്റഡ് വർക്കേഴ്സ് യൂണിയൻ സ്വാഗതം ചെയ്തു
അതേസമയം, ഫെഡറൽ സർക്കാരും ഇത് സംബന്ധിച്ച നിയമം നടപ്പിലാക്കാൻ പദ്ധതിയിടുന്നുണ്ട്. ഫെഡറൽ സർക്കാറിന് മുൻപേ സംസ്ഥാന സർക്കാരുകൾ നിയമം കൊണ്ടുവന്നത് മൂലം ജീവനക്കാരെ നിയമിക്കാൻ ബിസിനസുകൾ മടിക്കുമെന്ന് വിക്ടോറിയൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി ചൂണ്ടിക്കാട്ടി.
മാത്രമല്ല, നിയമം ലംഘിക്കുന്നവർ രണ്ട് തവണ ശിക്ഷ നേരിടേണ്ടി വരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
വേജ് തെഫ്റ്റ് ക്രിമിനൽ കുറ്റമാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലുടമകളുമായും യൂണിയനുകളുമായും സർക്കാർ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചർച്ചകൾ നടത്തിയിരുന്നു. ഇതിൽ പൊതു ജനങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നത്.