ഓസ്‌ട്രേലിയയില്‍ അടുത്ത സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ എന്തൊക്കെ നയങ്ങളായിരിക്കും നടപ്പാക്കുക? ഭരണപക്ഷമായ ലിബറല്‍ സഖ്യവും മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും നല്‍കിയിട്ടുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രഖ്യാപിച്ചിട്ടുള്ള പ്രധാന നയങ്ങളും തമ്മില്‍ ഒരു താരതമ്യം.
If you are using mobile phone, please read in landscape mode
ആരോഗ്യം
ലിബറല്‍+ | ലേബര്‍ |
---|---|
കൂടുതല്‍ മരുന്നുകള്‍ ഫാര്‍മസ്യൂട്ടിക്കല്‍ ബെനഫിറ്റ് സ്‌കീമില്‍ കൊണ്ടുവരും. MRI സ്‌കാനുകള്‍ മെഡികെയര്‍ പരിധിയില്‍ കൊണ്ടുവരും. ഇവയുടെ ഔട്ട്-ഓഫ്-പോക്കറ്റ് ചെലവ് കുറയും. മാനസികാരോഗ്യമേഖലയ്ക്കുള്ള ഫണ്ടിംഗ് കൂട്ടും. 170 മില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികള്‍: പെണ്‍കുട്ടികളുടെ ടെന്നീസിനായി 12 മില്യണ്‍, ഗ്രൗണ്ടുകളില്‍ സ്ത്രീകള്‍ക്ക് വസ്ത്രം മാറാനുള്ള മുറികള്‍ക്കായി 150 മില്യണ്‍, 2032 ഒളിംപിക്‌സിനായി ക്വീന്‍സ്ലാന്റിന് അവകാശവാദം ഉന്നയിക്കാന്‍ 10 മില്യണ്‍. | ആശുപത്രികളിലെ കാലതാമസം കുറയ്ക്കും. ക്യാന്‍സര്‍ ചികിത്സയിലും, എമര്‍ജന്‍സി വിഭാഗങ്ങളിലും കാലതാമസം കുറയ്ക്കുന്നതിന് 500 മില്യണ്‍ ഡോളര്‍ വീതം. ക്യാന്‍സറിന് ചികിത്സ തേടുന്നവര്‍ക്ക് ഔട്ട് ഓഫ് പോക്കറ്റ് ചെലവ് ഇല്ലാതാക്കും. ഓങ്കോളജിസ്റ്റ്, സര്‍ജന്‍ സേവനം സൗജന്യമാക്കും. ആരോഗ്യമേഖലയ്ക്കും ആശുപത്രികള്‍ക്കുമായി 2.8 ബില്യണ്‍ ഡോളര്‍ അധികം ഫണ്ട് നല്‍കും. സ്‌കാനിംഗുകള്‍ക്കുള്ള ഔട്ട്-ഓഫ്-പോക്കറ്റ് ചെലവ് പൂര്‍ണമായും ഇല്ലാതാക്കുന്നത് ഉള്‍പ്പെടെയാണ് ഇത്. രക്തപരിശോധന മെഡികെയറില്‍ നിലനില്‍ക്കുന്നു എന്ന് ഉറപ്പാക്കും. കൂടുതല്‍ MRI ലൈസന്‍സുകള്‍ നല്‍കും - ഫലത്തില്‍ കൂടുതല്‍ MRI സ്‌കാനുകള്‍ സൗജന്യമാകും. |
വിദ്യാഭ്യാസം
ലിബറല്‍+ | ലേബര്‍ |
---|---|
പബ്ലിക് സ്‌കൂളുകള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ക്കും നിലവില്‍ പ്രഖ്യാപിച്ച 21.4 ബില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് തുടരും. ഓരോ വര്‍ഷവും ഇതില്‍ വര്‍ദ്ധനവ്. പത്തു വര്‍ഷം കൊണ്ട് 60 ശതമാനം കൂടും. ഗണിതശാസ്ത്രവും ഭാഷയും പഠിപ്പിക്കുന്നതിന് നാലു വര്ഷം കൊണ്ട് 9.5 മില്യണ്‍ ഡോളര്‍. കുട്ടികളുടെ മാനസികവും സാമൂഹികവുമായ ആവശ്യങ്ങളില്‍ സഹായിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള ലൈഫ് എജ്യൂക്കേഷന്‍ ഓസ്‌ട്രേലിയയ്ക്ക് അഞ്ചു മില്യണ്‍ ഡോളര്‍. യൂണിവേഴ്‌സിറ്റി ഫണ്ടിംഗ് വര്‍ദ്ധനവ് തടഞ്ഞുവച്ചിരിക്കുന്ന നടപടി ഒരു വര്‍ഷം കൂടി തുടരും. എന്നാല്‍ അഞ്ചു ഉള്‍നാടന്‍ യൂണിവേഴ്‌സിറ്റികള്‍ക്കായി 135 മില്യണ്‍ ഡോളര്‍ അധികം നല്‍കും. ഗവേഷണ ഫണ്ട് വെട്ടിക്കുറച്ചാണ് ഉള്‍നാടന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് അധിക ഫണ്ട് നല്‍കുന്നത്. | പബ്ലിക് സ്‌കൂളുകള്‍ക്കുള്ള ഫണ്ടിംഗ് പത്തുവര്‍ഷം കൊണ്ട് 14 ബില്യണ്‍ വര്‍ദ്ധിപ്പിക്കും. കത്തോലിക്-ഇന്‍ഡിപെന്റന്റ് സ്‌കൂളുകള്‍ക്ക് 3.2 ബില്യണ്‍ അധികം നല്‍കാനുള്ള ലിബറല്‍ സഖ്യത്തിന്റെ വാഗ്ദാനം ലേബറും നടപ്പാക്കും. പ്രൈമറി സ്‌കൂളുകളില്‍ നീന്തല്‍ പഠനത്തിന് 46 മില്യണ്‍ ഒരു ലക്ഷം പേര്‍ക്ക് ടേഫ് പഠനത്തിന് ഫീസ് ഒഴിവാക്കി നല്‍കും. യൂണിവേഴ്‌സിറ്റി ഫണ്ടിംഗ് വര്‍ദ്ധനവ് മരവിപ്പിച്ച നടപടി പിന്‍വലിക്കും. യൂണിവേഴ്‌സിറ്റി പ്രവേശനത്തിനുള്ള പരിധി ഒഴിവാക്കുന്നതിലൂടെ രണ്ടു ലക്ഷം പേര്‍ക്ക് കൂടി യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം സാധ്യമാക്കും. |
കൂടുംബങ്ങള്‍
ലിബറല്‍+ | ലേബര്‍ |
---|---|
ചൈല്‍ഡ് കെയര്‍ സബ്‌സിഡികളില്‍ കൊണ്ടുവന്ന മാറ്റം അതുപോലെ നിലനിര്‍ത്തും. പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. നാലു വയസുകാര്‍ക്ക് മാത്രം പ്രീ സ്‌കൂള്‍ ഫണ്ടിംഗ്. സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുട്ടികളുടെ പ്രീസ്‌കൂള്‍ പ്രവേശനം മെച്ചപ്പടുത്താനായി 4.9 മില്യണ്‍ ഡോളര്‍. പേരന്റല്‍ ലീവ് ആനുകൂല്യം പല ഘട്ടങ്ങളിലായി എടുക്കാമെന്ന പദ്ധതി നടപ്പാക്കി. അതായത്, മുഴുവന്‍ ലീവും ഒരുമിച്ച് എടുക്കേണ്ടതില്ല. ഗാര്‍ഹിക പീഡനം നേരിട്ട സ്ത്രീകള്‍ക്കും കുട്ടികള്ക്കുമായി 78 മില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ ലിബറല്‍ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വിമണ്‍സ് എക്കണോമിക് സെക്യൂരിറ്റി സ്‌റ്റേറ്റ്‌മെന്റ് വഴി 67.2 മില്യന്റെ പദ്ധതികള് നടപ്പാക്കും. 1800RESPECT എന്ന 24 മണിക്കൂര്‍ ഫോണ്‍ കൗണ്‍സലിംഗ് സേവനത്തിനായി 10.9 മില്യണ്‍. | ചൈല്‍ഡ് കെയര്‍ രംഗത്ത് കൂടുതല്‍ ആനൂകൂല്യങ്ങള്‍. 69,000 ഡോളര്‍വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ആഴ്ചയില്‍ 50 മണിക്കൂര്‍ സൗജന്യ ചൈല്‍ഡ് കെയര്‍. 69,000-1,00,000 വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ചൈല്‍ഡ് കെയര്‍ ഫീസിന്റെ 85 ശതമാനംവരെ റിബേറ്റ്. 1,74,000 ഡോളര്‍ വരുമാനമുള്ളവര്‍ക്ക് 60 ശതമാനം വരെ റിബേറ്റ്. 2021 മുതല്‍ മൂന്നു വയസുകാര്‍ക്ക് പ്രീ സ്‌കൂള്‍ പഠനം. ആഴ്ചയില്‍ 15 മണിക്കൂറാണ് മൂന്നു വയസുകാര്‍ക്ക് കിട്ടുക. ചൈല്‍ഡ്‌കെയര്‍ ജീവനക്കാരുടെ ശമ്പളം 11,300 ഡോളര്‍ വര്ദ്ധിപ്പിക്കും. പേരന്റല്‍ ലീവിലുള്ള രക്ഷിതാക്കളുടെ സൂപ്പറാന്വേഷന്‍ വിഹിതം സര്‍ക്കാര്‍ നല്‍കും. ഗാര്‍ഹിക പീഡനം തടയുന്നതിനും ബോധവത്കരണത്തിനുമായി 660 മില്യന്റെ പദ്ധതികള്‍. ഗാര്‍ഹിക പീഡനം അനുഭവിച്ചവരെ സഹായിക്കാന്‍ പതിനായിരം ഡോളര്‍ വരെയുള്ള പാക്കേജുകള്‍. |
നികുതി
ലിബറല്‍+ | ലേബര്‍ |
---|---|
ആദായ നികുതി വരുമാനത്തില്‍ 1080 ഡോളര്‍ വരെ ഓഫ്‌സെറ്റ്. 48,000 മുതല്‍ 90,000 ഡോളര്‍ വരെ വരുമാനമുള്ളവര്‍ക്ക് വര്‍ഷം 1080 ഡോളര്‍ ഇളവ് ലഭിക്കും. ഈ ബ്രാക്കറ്റിന് പുറത്തുള്ളവര്‍ക്ക് ഇളവില്‍ ആനുപാതികമായ വ്യത്യാസം. 2022 മുതല്‍ ആദായനികുതി ബ്രാക്കറ്റുകളില്‍ മാറ്റം. 19 ശതമാനം നികുതി ഈടാക്കുന്ന ഉയര്‍ന്ന വരുമാനം നിലവിലെ 41,000 ഡോളറില്‍ നിന്ന് 45,000 ഡോളറാക്കി ഉയര്‍ത്തും. 2024-25 മുതല്‍ 32.5 ശതമാനം ടാക്‌സ് ബ്രാക്കറ്റ് 30 ശതമാനമാക്കി കുറയ്ക്കും. 45,000 മുതല്‍ രണ്ടു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതി. 50 മില്യണ്‍ വരെ വിറ്റുവരവുള്ള ബിസിനസുകള്‍ക്ക് വര്‍ഷം 30,000 ഡോളര്‍ വരെ ആസ്തികളുടെ നികുതി ഉടനടി എഴുതിത്തള്ളും. | ലേബറും 1080 ഡോളര്‍ നികുതി ഓഫ്‌സെറ്റ് നടപ്പിലാക്കും. 45,000 ഡോളറില്‍ കുറവ് വരുമാനമുള്ളവര്‍ക്ക് ലിബറല്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ ഇളവ്. ഉദാഹരണത്തിന്, 40,000 ഡോളര്‍ വരുമാനമുള്ള ഒരാള്‍ക്ക് ലേബര്‍ പദ്ധതി പ്രകാരം 549 ഡോളറും, ലിബറല്‍ പദ്ധതി പ്രകാരം 480 ഡോളറും ഇളവ് ലഭിക്കും. നികുതി ബ്രാക്കറ്റുകളില്‍ മാറ്റമില്ല ചെറുകിട ബിസിനസുകള്ക്ക് 25നും 55നും ഇടയില്‍ പ്രായമുള്ള പുതിയ തൊഴിലാളികള്ക്കു നല്‍കുന്ന ശമ്പളത്തിന് 30 ശതമാനം വരെ നികുതി ഇളവ് ലഭിക്കും. പത്തു മില്യണില്‍ താഴെ വിറ്റുവരവുള്ള കമ്പനികള്ക്കാണ് ഇത് ലഭ്യമാകുക. |
ഭവനമേഖല
ലിബറല്‍+ | ലേബര്‍ |
---|---|
ആദ്യ വീടു വാങ്ങാന്‍ ശ്രമിക്കുന്ന പതിനായിരം പേര്‍ക്ക് 20% നിക്ഷേപം ഇല്ലെങ്കില്‍ സഹായിക്കാന്‍ 500 മില്യന്റെ ഫണ്ട് | നെഗറ്റീവ് ഗിയറിംഗില്‍ വലിയ മാറ്റം. പുതിയതായി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് മാത്രമായിരിക്കും നെഗറ്റീവ് ഗിയറിംഗ് ലഭ്യമാകുക. 2020 ജനുവരി മുതല്‍ വാങ്ങുന്ന വീടുകള്‍ക്കാകും ഇതു ബാധകം. ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സില്‍ നല്‍കുന്ന ഡിസ്‌കൗണ്ട് പകുതിയായി വെട്ടിക്കുറയ്ക്കും. |
കാലാവസ്ഥാ വ്യതിയാനം
ലിബറല്‍+ | ലേബര്‍ |
---|---|
കാര്‍ബണ്‍ ബഹിര്‍ഗമനം 2005ലേതിനെക്കാള്‍ 26-28 ശതമാനം കുറയ്ക്കും. മലിനീകരണത്തിനു കാരണമാകുന്ന 140 വന്‍കിട കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരും. കര്‍ഷകര്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും ആദിമവര്‍ഗ്ഗ ഗ്രൂപ്പുകള്‍ക്കും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു ബില്യണ്‍ ഡോളറിന്റെ ക്ലൈമറ്റ് സൊല്യൂഷന്‍സ് ഫണ്ട്. ടാസ്‌മേനിയയില്‍ നിന്ന് പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം വന്‍കരയിലേക്ക് എത്തിക്കാായി രണ്ടാമതൊരു ഇന്റര്‍കണക്ടര്‍ നിര്‍മ്മിക്കും. എത്ത്രതോളം പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം ഉത്പാദിപ്പിക്കണമെന്ന കാര്യത്തില്‍ വ്യക്തമായ നയം പ്രഖ്യാപിച്ചിട്ടില്ല. | കാര്‍ബണ്‍ വികിരണം 2005ലേതിനേക്കാള്‍ 45 ശതമാനം വെട്ടിക്കുറയ്ക്കും. ഒരു ലക്ഷം വീടുകളില്‍ സോളാര്‍ ബാറ്ററികള്‍ക്ക് 2000 ഡോളര്‍ റിബേറ്റ്. ക്ലീന്‍ എനര്‍ജി ഫിനാന്‍സ് കോര്‍പ്പറേഷനിലെ നിക്ഷേപം ഇരട്ടിയാക്കും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യം. |