കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന രോഗാവസ്ഥയ്ക്കാണ് ഫാറ്റി ലിവര്‍ എന്നു പറയുന്നത്. ലോക ജനസംഖ്യയുടെ നാലിലൊന്ന് പേരെയും ബാധിക്കുന്ന രോഗമാണ് ഇതെന്നാണ് കണക്കുകള്‍.
സാധാരണരീതിയില്‍ അമിത ശരീരഭാരമോ പൊണ്ണത്തടിയോ ഉള്ളവരിലാണ് ഫാറ്റി ലിവര്‍ കാണപ്പെടുന്നത്.
എന്നാല്‍ ആരോഗ്യകരമായ ശരീരം എന്ന് കരുതുന്ന ബോഡി മാസ് ഇന്‍ഡക്‌സ് 25 ഉം, അതില്‍ താഴെയുമുള്ളവരിലും ഫാറ്റി ലിവര്‍ രോഗം കാണാറുണ്ട്. ഇത് ഭാരം കൂടിയവരെക്കാള്‍ കൂടുതല്‍ രൂക്ഷമായ സാഹചര്യങ്ങളിലേക്ക് ഇവരെ എത്തിക്കുകയും ചെയ്യും.
ഇതേക്കുറിച്ചാണ് വെസ്റ്റ്മീഡ് ആശുപത്രിയിലെ ഹെപ്പറ്റോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം തലവന്‍ പ്രൊഫ. ജേക്കബ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘം പഠിച്ചത്.
കരള്‍ രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിലും ചികിത്സയിലും കൈവരിച്ച നേട്ടങ്ങള്‍ പരിഗണിച്ച് ഓസ്‌ട്രേലയിന്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ നല്‍കി ആദരിച്ച ശാസ്ത്രജ്ഞനാണ് പ്രൊഫ. ജേക്കബ് ജോര്‍ജ്ജ്.
മെലിഞ്ഞിരിക്കുന്നവരും തടിയുള്ളവരുമായ ഫാറ്റി ലിവര്‍ രോഗികളുടെ ദഹനപ്രക്രിയയും ശരീരത്തിലെ മറ്റു രാസപ്രക്രിയകളും, വയറ്റില്‍ ദഹനത്തെ സഹായിക്കുന്ന ഗട്ട് ബാക്ടീരിയകളെയും താരതമ്യം ചെയ്യുകയാണ് ഈ മെഡിക്കല്‍ സംഘം ചെയ്തത്.
മെലിഞ്ഞ പ്രകൃതിയുള്ള രോഗികളുടെ ശരീരത്തില്‍ കൂടുതല്‍ ബൈല്‍ ആസിഡുകളും, ഫൈബ്രോബ്ലാസ്റ്റ് ഗ്രോത്ത് ഫാക്ടര്‍ 19 (FGF19) എന്നറിയപ്പെടുന്ന പ്രോട്ടീനും കൂടുതലാണെന്ന് ഇവര്‍ കണ്ടെത്തി.
കൊഴുപ്പിന്റെ ദഹനത്തിന് സഹായിക്കുന്ന പ്രധാന ഘടകമാണ് ബൈല്‍ ആസിഡുകള്‍.
ബൈല്‍ ആസിഡുകളും FGF19 എന്ന പ്രോട്ടീനും ശരീരത്തില്‍ നിന്ന് കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കാന്‍ കാരണമാകുന്നു. അതുകൊണ്ടാണ് ഫാറ്റി ലിവര്‍ രോഗമുണ്ടായിട്ടും ഇവര്‍ മെലിഞ്ഞു തന്നെയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.
ശരീരഭാരം കൂടുന്നതില്‍ നിന്ന് ഈ ഘടകങ്ങള്‍ ഇവരെ തടഞ്ഞുനിര്‍ത്തുകയാണ്.
ശരീരത്തിലെ രാസപ്രക്രിയകളില്‍ ഉള്ള ഈ മാറ്റമാണ് മെലിഞ്ഞിരിക്കുന്നവരില്‍ ഫാറ്റി ലിവര്‍ രോഗത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതെന്ന് പ്രൊഫസര്‍ ജേക്കബ് ജോര്‍ജ്ജ് പറഞ്ഞു.
മെലിഞ്ഞ പ്രകൃതിയുള്ളവരില്‍ ഫാറ്റി ലിവറിന് സാധ്യത കൂട്ടുന്ന ജീനുകളുടെയും ഗട്ട് ബാക്ടീരിയകളുടെയും സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷണസംഘത്തിലുണ്ടായിരുന്ന ഡോ. മുഹമ്മദ് ഇസ്ലാം പറഞ്ഞു.
ശരീരഭാരം കുറഞ്ഞവരിലെ ഫാറ്റി ലിവര്‍ രോഗത്തിന് കൂടുതല്‍ ഫലപ്രദമായ ചികിത്സ വികസിപ്പിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.