ജൂലൈ ഒന്ന് മുതൽ തൊഴിൽ തേടുന്നവർക്കുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഫെഡറൽ സർക്കാർ പുതിയ സംവിധാനം നടപ്പാക്കും.
വർക്ക്ഫോഴ്‌സ് ഓസ്‌ട്രേലിയ എന്ന പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും തൊഴിൽ തേടുന്നവർക്ക് സെന്റർലിങ്ക് സേവനങ്ങൾ ഒരുക്കുക.
നിലവിലുള്ള ജോബാക്റ്റീവിന് കാര്യക്ഷമത കുറവാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ സേവനത്തിലേക്കുള്ള മാറ്റം.
ജോബ്സീക്കർ ആനൂകൂല്യം ലഭിക്കണമെങ്കിൽ മാസം 100 പോയിന്റ് സ്വന്തമാക്കണം എന്നതാണ് പ്രധാന മാറ്റം.
മാസത്തിൽ 20 തൊഴിൽ അപേക്ഷകൾ അയച്ചിരിക്കണം എന്ന പഴയ വ്യവസ്ഥയ്ക്കു പകരമാണ് പോയിന്റ് സംവിധാനം കൊണ്ടുവരുന്നത്.
തൊഴിൽ അപേക്ഷകൾ പൂരിപ്പിക്കുക, തൊഴിൽ ഇന്റർവ്യൂകളിൽ പങ്കെടുക്കുക, ഓൺലൈൻ കോഴ്‌സുകൾ പൂർത്തിയാക്കുക തുടങ്ങിയവയാണ് പോയിന്റ് നേടാനായി വർക്ക്ഫോഴ്‌സ് ഓസ്‌ട്രേലിയയിൽ പൂർത്തിയാക്കേണ്ട ചുമതലകൾ.
ഇന്റേൺഷിപ്പ് പദ്ധതികൾ, തൊഴിൽ പരിചയത്തിനായുള്ള പദ്ധതികൾ എന്നിവയിലൂടെ ആഴ്ചയിൽ 25 പോയിന്റ് നേടാൻ കഴിയും.
ഇംഗ്ളീഷ് പ്രാവിണ്യം കൂട്ടുന്നതിനായുള്ള പദ്ധതികൾക്കും മറ്റ് പരിശീലന പദ്ധതികൾക്കും ആഴ്ചയിൽ 20 പോയിന്റ് നേടാവുന്നതാണ്.
ഇതിന് പുറമെ പോയിന്റുകൾ നേടാൻ മറ്റ് മാർഗ്ഗങ്ങളും ഉണ്ട്. ആഴ്ചയിൽ ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും അഞ്ച് പോയിന്റ് ലഭിക്കും. ജോബ് ഇന്റർവ്യൂവിന് പോകുന്നത് വഴി 20 പോയിന്റുകൾ നേടാം.
ഓസ്‌ട്രേലിയയിലെ തൊഴിൽ രംഗത്ത് ആവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും, പരിശീലനവും വർക്ക്‌ഫോഴ്‌സ് ഓസ്‌ട്രേലിയയിലൂടെ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഓൺലൈനായും, നേരിട്ട് സെന്റർലിങ്ക് ഓഫീസുകൾ സന്ദർശിച്ചും വർക്ക്‌ഫോഴ്‌സ് ഓസ്‌ട്രേലിയയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താം.
- തൊഴിൽ തേടുന്നവർക്കുള്ള സേവനങ്ങൾ
- തൊഴിലുടമകുൾക്കുള്ള സേവനങ്ങൾ
- തൊഴിൽ തേടുന്നവരെ സഹായിക്കുന്നവർക്കുള്ള സേവനങ്ങൾ
നിലവിലുള്ള ജോബാക്റ്റീവ് ഉപഭോക്താക്കളുടെ വിവരങ്ങൾ പുതിയ സേവനത്തിലേക്ക് മാറ്റുമെന്നും സെന്റർലിങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
യുവാക്കൾക്ക് തൊഴിൽ കണ്ടെത്താൻ കൂടുതൽ ഫലപ്രദമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് വർക്ക്‌ഫോഴ്‌സ് ഓസ്‌ട്രേലിയ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.