ഓസ്ട്രേലിയയിലെ ചെറിയ നഗരങ്ങളിലേക്കും ഉൾനാടൻ പ്രദേശങ്ങളിലേക്കുമുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു പുതിയ വിസകളാണ് തുടങ്ങുന്നത്.
സ്കിൽഡ് വർക്ക് പ്രൊവിഷണൽ വിസ (സബ്ക്ലാസ് 491), സ്കിൽഡ് വർക്ക് എംപ്ലോയർ സ്പോൺസേർഡ് പ്രൊവിഷണൽ വിസ (സബ്ക്ലാസ് 494) എന്നിവയാണ് പുതിയതായി വരുന്നത്.
നവംബർ 16നാണ് ഈ റീജിയണൽ വിസകൾ പ്രാബല്യത്തിൽ വരിക.
മൂന്നു വർഷം ഈ പ്രദേശങ്ങളിൽ ജീവിച്ച് ജോലി ചെയ്താൽ ഓസ്ട്രേലിയൻ പെർമനന്റ് റെസിഡൻസിക്കായി അപേക്ഷിക്കാൻ അവസരം നൽകുന്ന വിസകളാണ് ഇവ.
ഇതിൽ സബ്ക്ലാസ് 491 അഥവാ സ്കിൽഡ് വർക്ക് വിസയാണ് പോയിന്റ് സമ്പ്രദായത്തിലൂടെ അപേക്ഷിക്കേണ്ടത്.

Regional Visa Source: Flickr
ഈ വിസക്ക് അപേക്ഷിക്കണമെങ്കിൽ കുറഞ്ഞത് 65 പോയിന്റ് ഉണ്ടായിരിക്കണം എന്ന് കുടിയേറ്റകാര്യ വകുപ്പ് വ്യക്തമാക്കി.
വിസ അപേക്ഷകളുടെ പോയിന്റ് തീരുമാനിക്കുന്നതിലും ഇതോടൊപ്പം മാറ്റം വരുന്നുണ്ട്.
മുമ്പു തന്നെ പ്രഖ്യാപിച്ച മാറ്റങ്ങൾ ഇപ്പോൾ പ്രാബല്യത്തിൽ വരികയാണ്. അത് വിശദമായി ഇവിടെ അറിയാം.
മെഡികെയർ ലഭിക്കും
നിലവിൽ ഓസ്ട്രേലിയയിൽ ഉൾനാടൻ പ്രദേശങ്ങളിലെ കുടിയേറ്റത്തിന് ഏറ്റവും സഹായിക്കുന്ന വിസകളിലൊന്നാണ് സബ്ക്ലാസ് 489 എന്ന സ്കിൽഡ് റീജിയണൽ (പ്രൊവിഷണൽ) വിസ.
സംസ്ഥാന സർക്കാരുകളുടെയോ അടുത്ത ബന്ധുക്കളുടെയോ സ്പോൺസർഷിപ്പിലൂടെ ആയിരക്കണക്കിന് പേരാണ് ഓരോ വർഷവും ഇതിലൂടെ വരുന്നത്.
എന്നാൽ ഈ വിസയിലുള്ളവർക്ക് മെഡികെയർ പരിരക്ഷ ലഭ്യമല്ല. മറിച്ച് ഓരോ മാസവും നൂറുകണക്കിന് ഡോളർ മുടക്കി അവർ മെഡിക്കൽ ഇൻഷ്വറൻസ് എടുക്കേണ്ടി വരും.
എന്നാൽ 489 വിസ പിൻവലിച്ച് പകരം കൊണ്ടുവരുന്ന 491 വിസയിൽ മെഡികെയർ പരിരക്ഷ ലഭ്യമാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
സബ്ക്ലാസ് 494 വിസയ്ക്കും മെഡികെയർ ഉണ്ടാകും. ഓസ്ട്രേലിയൻ സർക്കാരിന്റെ പൊതു ആരോഗ്യപരിരക്ഷാ സംവിധാനമാണ് മെഡികെയർ.
ഓസ്ട്രേലിയയുടെ റീജിയണൽ മേഖലകളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്ന പ്രഖ്യാപനമാണ് ഇതെന്ന് മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആന്റ് സെറ്റിൽമെന്റ് സർവീസസിലുള്ള മൈഗ്രേഷൻ ഏജന്റ് എഡ്വേർഡ് ഫ്രാൻസിസ് പറഞ്ഞു.

New regional visa holders will be eligible for Medicare coverage. Source: AAP
“ആയിരക്കണക്കിന് ഡോളറായിരിക്കും ഈ വിസകളിൽ എത്തുന്നവർക്ക് ഓരോ വർഷവും ലാഭിക്കാൻ കഴിയുക”, അദ്ദേഹം ചൂണ്ടിക്കാട്ടി.
പെർത്തിനെയും ഗോൾഡ് കോസ്റ്റിനെയും കൂടി ഈ വിസകൾ ലഭിക്കുന്ന റീജിയണൽ മേഖലകളാക്കി മാറ്റാൻ കഴിഞ്ഞയാഴ്ച ഫെഡറൽ സർക്കാർ തീരുമാനിച്ചിരുന്നു.
ഇതോടെ, സിഡ്നി, മെൽബൺ, ബ്രിസ്ബൈൻ എന്നീ പ്രമുഖ നഗരങ്ങൾ ഒഴികെ ഓസ്ട്രേലിയയുടെ മറ്റേത് ഭാഗത്തേക്കും പുതിയ റീജിയണൽ വിസകളിലൂടെ എത്താൻ കഴിയും.