വിദേശത്തുള്ളവർക്ക് ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ തൊഴിൽ വിസയിൽ എത്താൻ അനുവാദം നൽകുന്ന വിസ കരാറാണ് ഡെസിഗ്‌നേറ്റഡ് ഏരിയ മൈഗ്രേഷൻ എഗ്രിമെന്റ് അഥവാ ഡാമ.
നോർത്തേൺ ടെറിട്ടറിയും വിക്ടോറിയയിലെ വാർണാംബുൽ കൗൺസിലും കഴിഞ്ഞ വർഷം ഫെഡറൽ സർക്കാരുമായി ഡാമ കരാറിൽ ഒപ്പു വച്ചിരുന്നു.
സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരും WAസർക്കാരും കഴിഞ്ഞ മാസം ഫെഡറൽ സർക്കാരുമായി ഈ അഞ്ച് വർഷ ഉടമ്പടിക്ക് ധാരണയിലെത്തി.
ഇതിനു പിന്നാലെയാണ് NSWഉം ഡാമ കരാറിൽ ഒപ്പ് വച്ചിരിക്കുന്നത്. NSWൽ ഇതാദ്യമായാണ് ഈ വിസ കരാറിന് ധാരണയായത്.
NSW ന്റെ ഉൾപ്രദേശങ്ങളിൽ വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന റീജിയണൽ ഡെവലപ്മെന്റ് ഓസ്ട്രേലിയ (RDA) ഒറാനയാണ് ഇത് സംബന്ധിച്ച കരാറിൽ ഫെഡറൽ സർക്കാരുമായി ധാരണയിലെത്തിയത് .
ഡബ്ബോ റീജിയണൽ, മിഡ്-വെസ്റ്റേൺ റീജിയണൽ, നാരോമൈൻ, ഗിൽഗാന്ദ്ര, കൂനബരബ്രാൻ, ബോഗൻ, കോബർ, ബർക്ക്, വാൽഗേറ്റ് , കൂനമ്പിൽ, വാറൻ, ബ്രെവറീന (Dubbo Regional, Mid-Western Regional, Narromine, Gilgandra, Coonabarabran, Bogan, Cobar, Bourke, Walgett, Coonamble, Warren and Brewarrina) എന്നീ ഉൾപ്രദേശങ്ങളിലേക്കാണ് ഡാമ വിസയിലൂടെ വിദേശത്തു നിന്നും തൊഴില്‍ വിസയില്‍ എത്താവുന്നത്.
ഇത് വഴി സ്‌കിൽഡ് കുടിയേറ്റക്കാർക്ക് പുറമെ വിദേശത്തു നിന്നുള്ള സെമി സ്‌കിൽഡ് കുടിയേറ്റക്കാരേയും തൊഴിലിനായി ഇവിടേക്ക് കൊണ്ടുവരാനാണ് പദ്ധതിയിടുന്നതെന്ന് റീജിയണൽ ഡെവലപ്മെന്റ് ഓസ്ട്രേലിയ ഒറാനയുടെ ചെയർമാൻ ജോൺ വോക്കം പറഞ്ഞു.
മാത്രമല്ല, ഈ വിസയിലൂടെ ഇവിടേക്കെത്തുന്നവർക്ക് തൊഴില്‍ വിസയില്‍ നിന്ന് പെര്‍മനന്റ് റെസിഡന്‍സിയിലേക്കെത്താനും അവസരം ലഭിക്കും.
ഇതോടെ പ്രദേശത്ത് നിലനിൽക്കുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാന് കഴിയുമെന്ന പ്രതീക്ഷയിലാണ് വോക്കം .
ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങളെക്കുറിച്ച് കോമൺവെൽത്തുമായി ചർച്ചയിലാണ് RDA ഒറാന.
വിസ കരാറിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നിരവധി പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് RDA ഒറാന ഡയറക്ടർ മീഗൻ ഡിക്‌സൺ അറിയിച്ചു.
അതേസമയം ഈ വിസയിൽ ഏതൊക്കെ തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യാമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.