ഷോപ്പിംഗ് നടത്താൻ നല്ല ദിവസം ഉണ്ടോ...? ഓസ്‌ട്രേലിയയിൽ മികച്ച ഓഫറുകൾ ലഭിക്കുന്ന ദിവസങ്ങൾ ഇവയാണ്

അൽപ്പമൊന്ന് പ്ലാൻ ചെയ്താൽ പോക്കറ്റ് കാലിയാകാതെ ആവശ്യമുള്ള വസ്തുക്കൾ വീട്ടിലെത്തിക്കാൻ സാധിക്കുന്ന ഓഫർ ഡേകളാണ് ഓസ്ട്രേലിയയിൽ വര്‍ഷം മുഴുവനുമുള്ളത്.

Black Friday România

Black Friday Credit: Wikimedia/ Tataraseni

ഷോപ്പിംഗ് നടത്താൻ നല്ല ദിവസം ഉണ്ടോ...?

ഉണ്ടെന്നാണ് ഓണം, വിഷു ഓഫറുകളും അക്ഷയതൃതീയയുമെല്ലാം മലയാളികളെ പഠിപ്പിച്ചിരിക്കുന്നത്.

ഓസ്ട്രേലിയയിൽ ബ്ലാക്ക് ഫ്രൈഡേ, ബോക്സിംഗ് ഡേ, സൈബർ മൺഡേ, എൻഡ് ഓഫ് ഫിനാൻഷ്യൽ ഇയർ സെയിൽസ്(EOFY), ഈസ്റ്റർ സെയിൽസ്, വിൻറർ സെയിൽസ് അങ്ങനെ ഓഫറുകള്‍ ലഭിക്കുന്ന പല ദിവസങ്ങളുമുണ്ട്.

അവ എപ്പോഴെന്ന് നോക്കി കൃത്യമായി പ്ലാന്‍ ചെയ്താല്‍ നല്ല ലാഭം കിട്ടും. പക്ഷേ, ഓഫര്‍ നോക്കി പോകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ടെന്നു മാത്രം.

എന്തിനാണ് ഓഫർ തരുന്നത്... അവർക്കെന്താണ് ലാഭം?

വാങ്ങാൻ ആഗ്രഹിക്കുന്ന സാധനങ്ങൾ മുൻപ് കണ്ടതിനേക്കാൾ വിലക്കുറവിൽ കിട്ടുമെന്നറിയുമ്പോൾ നമ്മൾക്ക് ഒരു സന്തോഷം തോന്നാറില്ലേ...? മാത്രമല്ല, അവ വാങ്ങാനുള്ള ത്വര കൂടുകയും ചെയ്യും. ഇത് തന്നെയാണ് ഈ ദിവസങ്ങളുടെയെല്ലാം കച്ചവടതന്ത്രം.
അത്ര ആവശ്യമില്ലാത്ത സാധനങ്ങൾ പോലും വിലക്കുറവിൽ കിട്ടുമെന്നറിഞ്ഞാൽ ആളുകൾ വാങ്ങുമെന്നാണ് മാർക്കറ്റിംഗ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

മാത്രമല്ല, ഒരെണ്ണം വാങ്ങാൻ പോയാൽ പോലും കുറഞ്ഞ വില കാണുമ്പോൾ ഒന്നിൽ കൂടുതൽ വാങ്ങാനുള്ള ആഗ്രഹം ഉപഭോക്താക്കൾക്കുണ്ടാകുമെന്ന മാർക്കറ്റിംഗ് തന്ത്രവും ഈ ‘ഡേ’ കളുടെ പിന്നിലുണ്ട്.

ചുരുക്കി പറഞ്ഞാൽ വിലക്കുറവ് നൽകി കൂടുതൽ ആളുകളെ കൂടുതൽ സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

പ്രധാന സെയിലുകള്‍

ബ്ലാക്ക് ഫ്രൈഡേ

താങ്ക്സ് ഗിവിംഗ്ഡേ കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ചയാണ് ബ്ലാക്ക്ഫ്രൈഡേ ആയി കണക്കാക്കുന്നത്. ക്രിസ്മസ് ഷോപ്പിംഗ് സീസണിൻറെ തുടക്കം കൂടിയാണ് ഇത്.

അമേരിക്കയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബ്ലാക്ക് ഫ്രൈഡേ ഓസ്ട്രേലിയയിൽ സജീവമായിട്ട് വെറും പത്ത് വർഷമേ ആകുന്നുള്ളു.
പ്രമുഖ ഇലക്ട്രോണിക് ബ്രാൻഡായ ആപ്പിളാണ് 2012ൽ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ ഓസ്ട്രേലിയയിൽ ജനപ്രീയമാക്കിയത്.

ഈ വർഷം നവംബർ 25നാണ് ബ്ലാക്ക് ഫ്രൈഡേയെങ്കിലും ഓസ്ട്രേലിയൻ വിപണികൾ ഇതിനോടകം തന്നെ ബ്ലാക്ക് ഫ്രൈഡേ ഓഫറുകളിൽ മുങ്ങികഴിഞ്ഞു.

ഒട്ടുമിക്ക റീട്ടെയിൽ ശൃംഖലകളും ദിവസങ്ങൾക്ക് മുൻപേ ഓഫറുകൾ നൽകി തുടങ്ങിയിട്ടുണ്ട്.

62% ഓസ്‌ട്രേലിയക്കാരും ഈ വർഷത്തെ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾക്കായി കാത്തിരിക്കുകയാണെന്നാണ് സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ മോസോയുടെ പുതിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഈ വർഷത്തെ ബ്ലാക്ക് ഫ്രൈഡേയോടനുബന്ധിച്ച് 10.2 ബില്യൺ ഡോളറിൻറെ കച്ചവടം ഓസ്ട്രേലിയയിൽ നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ബ്ലാക്ക് ഫ്രൈഡേയ്ക്കും സൈബർ മൺഡേയ്ക്കും ഇടയിലുള്ള നാല് ദിവസങ്ങളിൽ 6.2 ബില്യൺ ഡോളറിൻറെ കച്ചവടം നടക്കുമെന്ന് ഓസ്‌ട്രേലിയൻ റീട്ടെയിലേഴ്‌സ് അസോസിയേഷനും കണക്കുകൂട്ടുന്നു.

തിങ്കളാഴ്ച നല്ല ദിവസം (ഓൺലൈനിൽ)!

താങ്ക്സ് ഗിവിംഗ്ഡേക്ക് ശേഷം വരുന്ന തിങ്കളാഴ്ചയാണ് സൈബർ മൺഡേ.

24 മണിക്കൂർ നീണ്ടു നിൽക്കുന്ന ഓൺലൈൻ വിപണനമാണ് കച്ചവടക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ബ്ലാക്ക് ഫ്രഡേയുടെ തുടർച്ച എന്നു വേണമെങ്കിലും സൈബർ മൺഡേയെ വിശേഷിപ്പിക്കാം.

ബ്ലാക്ക് ഫ്രൈഡേ ഓഫറുകള്‍ സ്റ്റോറുകള്‍ കേന്ദ്രീകരിച്ചും, സൈബര്‍ മണ്‍ഡേ ഓണ്‍ലൈനിലും എന്നതാണ് തുടര്‍ന്നുവന്ന രീതി. എന്നാല്‍ ഇപ്പോള്‍ ബ്ലാക്ക് ഫ്രൈഡേ ഡീലുകള്‍ ഓണ്‍ലൈനിലും സജീവമായതോടെ, വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ഒറ്റ വില്‍പ്പനമേളയായിട്ടുണ്ട്.


2021ലെ ബ്ലാക്ക് ഫ്രൈയിലും സൈബർ മൺഡേയിലുമായി 8 ബില്യൺ ഡോളറിൻറെ കച്ചവടമാണ് ഓസ്ട്രേലിയയിൽ നടന്നത്.

ബോക്സിംഗ് ഡേ

ക്രിസ്മസിന് ശേഷമുള്ള ദിവസത്തെയാണ് ബോക്സിംഗ് ഡേ എന്ന് വിളിക്കുന്നത്.
വീട്ടു ജോലിക്കാർക്കും, പാവപ്പെട്ടവർക്കുമെല്ലാം സമ്മാനങ്ങൾ നൽകുന്നതിനായി ബ്രിട്ടനിൽ നിലനിന്നിരുന്ന ഒരു ആചാരത്തിൻറെ തുടർച്ചയാണ് ബോക്സിംഗ് ഡേയെങ്കിലും ഇപ്പോളത് വിലക്കുറവിൻറെ കൂടി ദിവസമാണ്.

ഇയർ എൻഡിംഗ് സെയിലുകളുടെ തുടക്കം കൂടിയാണ് ബോക്സിംഗ് ഡേ.


2022ലെ ബ്ലാക്ക് ഫ്രൈഡയുമായി താരതമ്യം ചെയ്യുമ്പോൾ വരാനിരിക്കുന്ന ബോക്സിംഗ് ഡേയുടെ കച്ചവടം കുറവായിരിക്കുമെന്ന് മോസോയുടെ റിപ്പോർട്ടിൽ പറയുന്നു.

ബ്ലാക്ക് ഫ്രൈഡേയിൽ ശരാശരി 820 ഡോളർ ചെലവഴിക്കാൻ ആലോചിക്കുന്നവർ പോലും ബോക്‌സിംഗ് ഡേക്കായി 711 ഡോളർ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

EOFY സെയിൽസ്

സാമ്പത്തിക വർഷം അവസാനിക്കുന്ന ജൂൺ 30-ന് മുമ്പ് വിലകുറവ് നൽകി ഉപഭോക്താക്കളെ ആകർഷിക്കുന്ന മാർക്കറ്റിംഗ് ദിനങ്ങളാണ് EOFY സെയിൽസ് എന്ന് അറിയപ്പെടുന്നത്.

മെയ് അവസാനത്തോടെ ആരംഭിക്കുന്ന EOFY സെയിൽസ് ജൂൺ അവസാനം വരെ നീണ്ട് നിൽക്കും.

ടാക്സ് റിട്ടേണിൽ സമർപ്പിക്കാവുന്ന ഉൽപ്പന്നങ്ങൾക്കാണ് ഈ ദിവസങ്ങളിൽ ഏറ്റവുമധികം ഓഫറുകൾ ലഭിക്കുക.

എന്തൊക്കെ ശ്രദ്ധിക്കണം?

ഓഫറുകള്‍ കാണുമ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സാധനങ്ങള്‍ വാങ്ങുന്നവരുണ്ട്.

എന്നാല്‍, ഇത് അബദ്ധങ്ങളിലേക്കും നഷ്ടത്തിലേക്കും നയിക്കാം എന്നാണ് മാര്‍ക്കറ്റിംഗ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിനാല്‍, സെയിലുകള്‍ കാണുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.
  • എന്തൊക്കെ വാങ്ങണമെന്നും എത്ര ഡോളർ വരെ ചെലവഴിക്കണമെന്നും സംബന്ധിച്ച് ഒരു പ്ലാൻ തയ്യാറാക്കുകയാണ് ആദ്യപടി.
  • വാങ്ങേണ്ടത് എന്തൊക്കെയാണെന്ന് ഉറപ്പിക്കുക, വാങ്ങുന്ന ഉൽപ്പന്നം കൊണ്ടുള്ള ഉപയോഗം എന്താണെന്നും വ്യക്തത വരുത്തുക.
  • സാധനത്തിൻറെ യഥാർത്ഥ വിലയും ഓഫറും എന്താണെന്ന് മനസിലാക്കുക.
  • സാധനങ്ങൾ വാങ്ങുന്നതിന് മുൻപ് നിബന്ധനകളും വ്യവസ്ഥകളും പ്രത്യേകം വായിച്ച് നോക്കണം.
  • വിലക്കുറവിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾ പല സ്ഥാപനങ്ങളും തിരിച്ചെടുക്കാറില്ലെന്ന് ഓർക്കുക.
  • ഉൽപ്പന്നത്തിൻറെ ഗുണമേൻമ പരിശോധിക്കുക.
  • റിട്ടേൺ വ്യവസ്ഥകളും, റീഫണ്ട് വ്യവസ്ഥകളും, ഓഫറുകളുടെ മറ്റ് വശങ്ങളും കൃത്യമായി പരിശോധിക്കുക.

Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service