ശ്രീലങ്കയിൽ നിന്ന് ഏഴു വർഷം മുമ്പ് ബോട്ടിലെത്തിയ ശ്രീലങ്കൻ ദമ്പതികളായ പ്രിയ, നടേശലിംഗം, ഓസ്ട്രേലിയയിൽ ജനിച്ച ഇവരുടെ രണ്ടു പെൺകുട്ടികളായ കോപിക, തരുണിക്ക എന്നിവരുടെ നാടുകടത്തൽ നടപടിക്ക് മേലുള്ള വിധിയാണ് കോടതി നീട്ടിയത്.
ഇവരുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അവസാന നിമിഷമുണ്ടായ നടപടിയുടെ പശ്ചാത്തലത്തിലാണ് കേസ് മാറ്റിവച്ചത്.
കേസ് ഇന്ന് പരിഗണനയ്ക്ക് വരുന്നതിന് തൊട്ടുമുമ്പ് കുടിയേറ്റകാര്യ വകുപ്പ് ഒരു സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
തരുണിക്കയുടെ വിഷയം കുടിയേറ്റകാര്യവകുപ്പ് പരിശോധിച്ചു കഴിഞ്ഞതാണെന്നും, വീസ നീട്ടുന്നതിനായി അപേക്ഷ നല്‍കാന്‍ ഇനി തരുണിക്കയെ അനുവദിക്കില്ലെന്നുമാണ് ഈ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
ഇന്നലെ രാത്രി തരുണിക്കയുടെ വിഷയം കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ പരിഗണിച്ചുവെന്നാണ് ഇതില്‍ പറയുന്നത്. മന്ത്രിയുടെ വിവേചനാധികാരം ഉപയോഗിച്ച് തരുണിക്കയ്ക്ക് ഇളവ് നല്‍കേണ്ടതില്ല എന്ന് ഡേവിഡ് കോള്‍മാന്‍ തീരുമാനിച്ചതായും സത്യവാങ്മൂലത്തില്‍ സര്ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പു മാത്രമാണ് ഇക്കാര്യം തങ്ങള്‍ അറിഞ്ഞതെന്ന് കുടുംബത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്നാണ് വെള്ളിാഴ്ചത്തേക്ക് കോടതി കേസ് മാറ്റിയത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണി വരെ തരുണിക്കയെ നാടുകടത്തരുതെന്നും കോടതി ഉത്തരവിട്ടു.
ഇവരെ സർക്കാർ കഴിഞ്ഞ ദിവസം ക്രിസ്ത്മസ് ഐലന്റിലെ അഭയാർത്ഥി കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ശ്രീലങ്കയിലേക്ക് മടക്കി അയയ്ക്കാൻ മെൽബണിൽ നിന്നും വിമാനത്തിൽ കയറ്റിയിരുന്നെങ്കിലും നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവിനെത്തുടർന്ന് ഇവരെ ഡാർവിനിൽ ഇറക്കിയിരുന്നു. തുടർന്ന് രണ്ട് വയസുകാരിയുടെ നാടുകടത്തൽ നടപടി കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
ഇന്ന് വൈകുന്നേരം നാല് മണി വരെയാണ് രണ്ട് വയസ്സുകാരി തരുണിക്കക്ക് ഓസ്‌ട്രേലിയയിൽ തങ്ങാൻ അനുവാദം ലഭിച്ചിരുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനാണ് മെൽബണിലെ ഫെഡറൽ സർക്യൂട്ട് കോടതി ഇന്ന് രാവിലെ കേസ് പരിഗണിച്ചത്.
അതേസമയം, ഇവരെ നാടുകടത്തരുതെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നിരുന്നു. ചൊവ്വാഴ്ച രാത്രി പ്രാർത്ഥന കൂട്ടയ്മകളും നടന്നു.

Supporters came together outside Melbourne's Federal Circuit Court Source: Getty Images AsiaPac

Source: Getty Images AsiaPac
ഇവരെ ഓസ്ട്രേലിയക്ക് സംരക്ഷിക്കേണ്ട കടമയില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടന്റെ അഭിപ്രായം. ബോട്ടുമാർഗ്ഗം എത്തിയ ഇവർക്ക് ഓസ്ട്രേലിയ അഭയം നൽകേണ്ട കാര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
രണ്ട് മക്കളുടെ അച്ഛനായ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ തങ്ങളുടെ അവസ്ഥ മനസ്സിലാക്കണമെന്ന് തമിഴ് കുടുംബം അഭ്യർത്ഥിച്ചിരുന്നു.
തമിഴ കുടുംബത്തിന് ഇളവ് നൽകിയാൽ അത് അനുഷ്യക്കടത്തിന് പ്രോത്സാഹനമാകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ചൊവ്വാഴ്ച അറിയിച്ചിരുന്നു.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും SBS Malayalam വെബ്‌സൈറ്റ് ബുക്ക്മാര്‍ക്ക് ചെയ്യുക. അല്ലെങ്കില്‍ SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക