കുട്ടികളെ - പ്രത്യേകിച്ചും ടീനേജിലേക്ക് കടക്കുന്ന കുട്ടികളെ - വളര്‍ത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ജനറേഷന്‍ ഗ്യാപ് എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.
സാങ്കേതിക വിദ്യ വികസിക്കുന്ന കാലത്ത് പ്രത്യേകിച്ചും.
ഓസ്‌ട്രേലിയയിലെ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ഓണ്‍ലൈന്‍ വഴിയുള്ള മോശം അനുഭവങ്ങള്‍ കൂടി വരുന്നതായാണ് പല റിപ്പോര്‍ട്ടുകളും കാണിക്കുന്നത്.
'അഞ്ചിലൊന്ന് പേര്‍ക്കും ഒരു മോശം അനുഭവമെങ്കിലും ഉണ്ടായിട്ടുണ്ട്. സൈബര്‍ ബുള്ളിയിംഗോ, മോശം ചിത്രങ്ങള്‍ പ്രചരിപ്പിക്കലോ, അക്രമദൃശ്യങ്ങള്‍ കാണുന്നതോ തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങള്‍', eSafety Commissioner ജൂലീ ഇന്‍മാന്‍ ഗ്രാന്റ് ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമായും ചെയ്യേണ്ട മൂന്നു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് കിഡ്‌സ് ഹെല്‍പ്ലൈന്‍ കൗണ്‍സലര്‍ ബെലിന്റ ബ്യൂമണ്ട്.

Source: Getty Images
കുട്ടികളുമായി തുറന്നു സംസാരിക്കുക
ഓണ്‍ലൈനിലുള്ള സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികളുമായി ഒരു സംഭാഷണം തുടങ്ങിവയ്ക്കുക എന്നതാണ് നിങ്ങള്‍ ആദ്യം ചെയ്യേണ്ട കാര്യം.
എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ രക്ഷിതാക്കളെ സമീപിക്കാം എന്ന ഒരു ആത്മവിശ്വാസം കുട്ടികള്‍ക്കുണ്ടാകണം.
കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയും ഓണ്‍ലൈന്‍ ഗെയിമുകളും എല്ലാം നിഷേധിക്കാന്‍ പല രക്ഷിതാക്കളും ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് ഗുണമല്ല, ദോഷമാണ് ഉണ്ടാക്കുന്നതെന്ന് ബെലിന്റ ബ്യൂമണ്ട് പറയുന്നു.
'കിഡ്‌സ് ഹെല്‍പ് ലൈന്റെ ഇതുവരെയുള്ള അനുഭവം ചൂണ്ടിക്കാട്ടുന്നത് കുട്ടികള്‍ ഏതു വിധേനയും ഇതെല്ലാം ഉപയോഗിക്കും എന്നു തന്നെയാണ്. നിങ്ങള്‍ അവരെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചാല്‍ അവര്‍ രഹസ്യമായി അത് ഉപയോഗിച്ച് തുടങ്ങും. നിങ്ങളറിയാതെ അക്കൗണ്ടുകള്‍ ഉണ്ടാക്കും. നിങ്ങള്‍ക്കു നിരീക്ഷിക്കാന്‍ പോലും കഴിയില്ല.'
'കുട്ടികളുമായി ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയുന്ന ബന്ധമുണ്ടാക്കുന്നത് അത്ര എളുപ്പമല്ല. പക്ഷേ അങ്ങനെ ഒരു ബന്ധമുണ്ടാക്കുകയും, പ്രശ്‌നമുണ്ടാകുമ്പോള്‍ പിന്തുണയ്ക്കായി നിങ്ങളെ സമീപിക്കാം എന്ന വിശ്വാസം നല്‍കുകയുമാണ് ഏറ്റവും നല്ലത്', ബ്യൂമണ്ട് പറയുന്നു.
'പേരന്റല്‍ കണ്‍ട്രോള്‍' ഉപയോഗിക്കുക
ചെറിയ കുട്ടികള്‍ സ്മാര്‍ട്ട് ഫോണുകളെ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ചെയ്യാവുന്ന ഒരു കാര്യം പേരന്റല്‍ കണ്‍ട്രോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക എന്നതാണ്. കുട്ടികള്‍ എന്തൊക്കെ കാണുന്നുവെന്നും, എത്ര നേരം കാണുന്നുവെന്നും ഇതിലൂടെ അറിയാന്‍ കഴിയും.
ഒപ്പം ചില അതിര്‍വരമ്പുകളും നിങ്ങള്‍ക്ക് നിശ്ചയിക്കാന്‍ കഴിയും. ഉദാഹരണത്തിന് ബെഡ്‌റൂമുകളില്‍ വച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കരുത്, വീടിന്റെ വിശദാംശങ്ങളോ വിലാസമോ, സ്വകാര്യ വിവരങ്ങളോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുത് തുടങ്ങിയ അതിര്‍വരമ്പുകള്‍.
വീഡിയോ ഗെയിം കളിക്കുന്ന കുട്ടികളാണെങ്കില്‍ നിങ്ങള്‍ കൂടി ചേര്‍ന്ന് ഗെയിം കളിക്കുന്നതും നല്ലൊരു മാര്‍ഗ്ഗമാണ്. എന്താണ് ആ ഗെയിമെന്ന് മനസിലാക്കാനും അതില്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് തിരിച്ചറിയാനും കഴിയും.
മാത്രമല്ല, കുട്ടികളുമായി ഇത്തരം കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതിനായി നല്ലൊരു തുടക്കവുമായിരിക്കും അത്.

Source: Getty Images
പ്രശ്‌നമുണ്ടായാല്‍ എന്തു ചെയ്യണം
ഓണ്‍ലൈന്‍ വഴിയുണ്ടായ ഒരു പ്രശ്‌നത്തെക്കുറിച്ച് പറയാന്‍ കുട്ടികള്‍ നിങ്ങളുടെ അടുത്തേക്ക് വന്നാല്‍ ശാന്തമായി അതു കേള്‍ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
'കുട്ടികള്‍ക്ക് നിങ്ങളോടു തുറുന്നു പറയാന്‍ കഴിയും എന്ന ആത്മവിശ്വാസമാണ് വേണ്ടത്,' ചൈല്‍ഡ് വൈസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജെയ്ന്‍ ഫ്രഞ്ച് പറയുന്നു.
'കുട്ടികള്‍ എന്തെങ്കിലും തെറ്റായി ചെയ്യുകയോ പ്രശ്‌നത്തിലകപ്പെടുകയോ ചെയ്താല്‍ അതിന്റെ പേരില്‍ അവരെ ശിക്ഷിക്കാതിരിക്കുക എന്നതാണ് വളരെ പ്രധാനം. സമാധാനപരമായി അവരോട് സംസാരിക്കുക. ശരിയായ രീതിയില്‍ പ്രശ്‌നപരിഹാരം കണ്ടെത്താന്‍ ശ്രമിക്കാം എന്ന് അവര്‍ക്ക് ഉറപ്പു കൊടുക്കുക.'
നിങ്ങളുടെ കുട്ടി സൈബര്‍ ബുള്ളിയിംഗിന് ഇരയായെന്നോ, ഫോട്ടോ ദുരപയോഗം ചെയ്യപ്പെട്ടു എന്നോ തോന്നിയാല്‍ eSafety Commissioner വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അത് റിപ്പോര്‍ട്ട് ചെയ്യാം.

Preteen girl rolls eyes as mom takes away her phone Source: Getty Images
കുട്ടികളുമായി ഇത്തരം വിഷയങ്ങള്‍ എങ്ങനെ സംസാരിക്കണം എന്ന് മനസിലാക്കാനും eSafety Commissioner വെബ്‌സൈറ്റ് സഹായിക്കും.
കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്ന ഒരു രക്ഷിതാവാണോ നിങ്ങള്‍? എങ്കില്‍ SBS ടി വിയിലെ The Hunting കാണാന്‍ മറക്കരുത്. ടീനേജുകാര്‍ ഓണ്‍ലൈന്‍ രംഗത്തെ പ്രശ്‌നങ്ങളിലും ചതിക്കുഴികളിലും എങ്ങനെയയാണ് എത്തിപ്പെടുന്നത് എന്നു കാണിക്കുന്ന ഈ പരമ്പര ഓഗസ്റ്റ് ഒന്ന് വ്യാഴാഴ്ച രാത്രി 8.30 മുതല്‍ SBS ലും On Demand ലും കാണാം.