കത്തോലിക്ക വിശ്വാസമനുസരിച്ച് കുമ്പസാര രഹസ്യങ്ങൾ വെളിപ്പെടുത്താൻ പാടില്ല. സ്വന്തം ജീവനേപ്പോലും ബാധിക്കുന്ന രഹസ്യങ്ങൾ ആണെങ്കിൽ പോലും കുമ്പാസരത്തിലൂടെ അറിയുന്ന വിവരങ്ങൾ വൈദികർക്ക് വെളിപ്പെടുത്താൻ അധികാരമില്ല.
കുമ്പസാര രഹസ്യം വെളിപ്പെടുത്തണം എന്ന നിയമം ഓസ്‌ട്രേലിയയിൽ ആദ്യമായി സൗത്ത് ഓസ്‌ട്രേലിയയിലാണ് നിലവിൽ വരുന്നത്. എന്നാൽ ഈ നിയമം പാലിക്കില്ലെന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുണ്ട്.
കത്തോലിക്കാ വിശ്വാസികളും അല്ലാത്തവരുമായ മലയാളികൾ ഇതേക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്?
വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റം
എസ് ബി എസ് മലയാളം സംസാരിച്ചതിൽ പലരും ഈ നിയമത്തെ ശക്തമായി എതിർക്കുകയാണ്. ക്വീൻസ്‌ലാന്റിലുള്ള ജോസ് തോമസ്, മെൽബണിലെ രഞ്ചു സിബി, ഷിജോ ജോസ് എന്നിവർ നിയമത്തെ എതിർക്കുന്നു.
കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നു വിശ്വസിക്കുമ്പോഴും ഈ പുതിയ നിയമം അംഗീകരിക്കാനാവില്ല എന്ന് ഷിജോ പറയുന്നു. വിശ്വാസത്തിന് നേരേയുള്ള കടന്നുകയറ്റമാണ് നിയമം എന്ന് പറയുന്ന രഞ്ചു, നിയമം വന്നുകഴിഞ്ഞാൽ പിന്നെ കുറ്റവാളികൾ അതേക്കുറിച്ച് കുമ്പസാരിക്കില്ല എന്നതാകും ഫലമെന്നും പറയുന്നു. പുതിയ നിയമം വിശ്വാസത്തെ നശിപ്പിക്കും എന്ന ആശങ്കയിലാണ് ജോസ്.

It is NOT OK to reveal confession details Source: Supplied
"സമൂഹം പുരോഗമിക്കുമ്പോൾ മതനിയമങ്ങളും മാറണം"
കുട്ടികളുടെ സുരക്ഷയ്‌ക്ക് വഴിയൊരുക്കും എന്നതിനാൽ നിയമത്തെ സ്വാഗതം ചെയ്യുകയാണ് സിഡ്‌നിയിലെ മെട്രോ മലയാളം മാഗസിന്റെ എഡിറ്റർ ബിനു വി ജോർജ്, മെൽബണിലുള്ള ബെനില അംബിക, മെൽബണിൽ തന്നെയുള്ള ഡെന്നി തോമസ് എന്നിവർ.
കാലാകാലങ്ങളായി വിശ്വാസ നിയമങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്നും കുട്ടികൾക്ക് നേരെയുള്ള ഏത് അതിക്രമം തടയുന്നതിനും ഒരു വിശ്വാസവും തടസ്സമാകരുത് എന്നും ഇവർ പറയുന്നു.

It is OK to reveal confession details Source: Supplied
ഇതുമായി ബന്ധപ്പെട്ട വാർത്തകൾ എസ് ബി എസ് മലയാളം പ്രസിദ്ധീകരിച്ചപ്പോൾ സോഷ്യൽ മീഡിയയിലും നിരവധി പേർ പ്രതികരിച്ചിരുന്നു.
കുമ്പസാരിക്കുന്നത് പീഡനത്തിന്റെ ഇരയാണെങ്കിൽ?
നിയമം പ്രാബല്യത്തിൽ വന്നാൽ കുട്ടികളെ പീഡിപ്പിക്കുന്നവർ പിന്നെ അതേക്കുറിച്ച് കുമ്പസരിക്കില്ല എന്നും, അതിനാൽ നിയമം പ്രായോഗികമല്ല എന്നുമാണ് അതിനെ എതിർത്ത മിക്കവരും ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ പീഡനത്തിന് ഇരയാകുന്ന ഒരു കുട്ടി അതേക്കുറിച്ച് കുമ്പസാരത്തിനിടെ വൈദികനോട് പറഞ്ഞാലോ? അതു പൊലീസിൽ അറിയിക്കാമോ? ഈ ചോദ്യവും എസ് ബി എസ് മലയാളം ഇവരോട് ഉന്നയിച്ചു.
നിങ്ങൾക്കും പ്രതികരിക്കാം
ഈ വിഷയത്തിൽ നിങ്ങൾക്കും പ്രതികരണം അറിയിക്കാം. ഇവിടെ വോട്ടു ചെയ്യുക...
മതസ്ഥാപനങ്ങളിൽ കുട്ടികൾക്കെതിരെ നടന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് അന്വേഷിച്ച റോയൽ കമ്മീഷൻറെ ശുപാർശയെ മുൻനിർത്തിയാണ് പുതിയ നിയമം നിലവിൽ വന്നിരിക്കുന്നത്. ഈ നിയമം മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കുവാൻ നിർദ്ദേശങ്ങൾ ഉണ്ട്.
നിലവിൽ അയർലൻഡ് ഉൾപ്പെടെ ചില രാജ്യങ്ങളിൽ കുമ്പസാര രഹസ്യങ്ങൾ കോടതിയിൽ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്.