ഓസ്‌ട്രേലിയക്കാർക്ക് വരുന്ന അനാവശ്യ കോളുകളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു എന്നാണ് 'ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ' കണക്കുകൾ കാണിക്കുന്നത്.
ടെലി മാർക്കറ്റിംഗ് ചെയ്യുന്നതിനും പരസ്യങ്ങൾക്കുമായാണ് കൂടുതലും സ്പാം കോളുകൾ വരുന്നതെങ്കിലും, പണം തട്ടിയെടുക്കാനുള്ള സ്‌കാം കോളുകളും കൂടിവരികയാണെന്നാണ് ACCC പറയുന്നത്.
കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം മൂന്ന് ബില്യൺ ഡോളർ ഓസ്‌ട്രേലിയക്കാരിൽ നിന്നും ഇത്തരക്കാർ തട്ടിയെടുത്തു എന്നും റിപ്പോർട്ടിൽ പറയുന്നു.
നിക്ഷേപത്തിനായി എന്ന വ്യാജേന നടത്തുന്ന തട്ടിപ്പുകളാണ് ഏറ്റവും കൂടുതൽ, 1.5 ബില്യൺ ഡോളറാണ് ഇത്തരം തട്ടിപ്പുകാർ ഓസ്‌ട്രേലിയക്കാരിൽ നിന്നും തട്ടിയെടുത്തത്.
'റിമോട്ട് ആക്സസ്' ($229 million) 'മണി റീഡയറക്ടറിംഗ്' ($224 million) എന്നീ മാർഗ്ഗങ്ങൾ വഴിയും തട്ടിപ്പുകൾ നടക്കുന്നു.
ഇത്തരത്തിലുള്ള മിക്ക തട്ടിപ്പുകളും തുടങ്ങുന്നത് ഒരു ഫോൺ കോളിൽ നിന്നും ആയിരിക്കാം.
ഫോൺ കോളിൽ വഴിയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതടക്കമുള്ള പല തട്ടിപ്പുകളും ചെയ്യാനാകും.

Source: Getty / Getty Images
'ടെലി മാർക്കറ്റിംഗ്' ഫോൺ വിളികൾ
വിവിധ തരത്തിലുള്ള സേവനങ്ങളുടെ പരസ്യങ്ങളും പ്രൊമോഷനുകളും അടങ്ങുന്ന ഫോൺ കോളുകളാണ് അനാവശ്യമായി വരുന്ന കോളുകളിൽ ഭൂരിഭാഗവും.
ഊർജ്ജ ദാതാക്കൾ, സോളാർ ഘടിപ്പിക്കുന്നവർ, വിവിധ തരത്തിലുള്ള നിക്ഷേപം അങ്ങനെ പല തരത്തിലുള്ള പരസ്യങ്ങൾക്കാണ് ഇത്തരത്തിലുള്ള ഫോൺ വിളികൾ വരുന്നത്.

90 - scam Credit: Department of immgiration and border protection
അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കോളുകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.
അനാവശ്യ ഫോൺ കോളുകൾ എങ്ങങ്ങനെ ഒഴിവാക്കാം?
'ഡു നോട്ട് കോൾ' രെജിസ്റ്ററി
https://www.donotcall.gov.au/ എന്ന വെബ്‌സൈറ്റിൽ നമ്പർ രജിസ്റ്റർ ചെയ്യുന്നത് ഒരു പരിധി വരെ ഇത്തരത്തിലുള്ള ടെലി മാർക്കറ്റിംഗ് കോളുകൾ തടയാൻ സഹായിക്കും.
'ഡു നോട്ട് കോൾ' രെജിസ്റ്ററിയിലുള്ള നമ്പറുകൾ ഉപയോഗിച്ചു ടെലി മാർക്കറ്റിംഗ് നടത്താൻ നിയമപരായി ഓസ്‌ട്രേലിയയിൽ കഴിയില്ല.

No Source: Pixabay
അറിയാത്ത നമ്പർ ഒഴിവാക്കുക
സ്പാം കോളുകൾ ഒഴിവാക്കാനുള്ള മറ്റൊരു വഴിയാണ് അറിയാത്ത നമ്പറിൽ നിന്നും വരുന്ന ഫോൺ കോളുകൾ എടുക്കാതിരിക്കുകയെന്നത്.
സ്പാം കോളുകൾ വരുന്നത് ലാൻഡ് ലൈൻ നമ്പറിൽ നിന്നോ മൊബൈൽ നമ്പറിൽ നിന്നോ ആയിരിക്കാം.
അതുകൊണ്ട് അറിയാത്ത ലാൻഡ് ലൈൻ നമ്പറിൽനിന്നുമുള്ള ഫോൺ വിളികൾ മാത്രം ഒഴിവാക്കിയാൽ മതിയാകില്ല മൊബൈൽ നമ്പറിൽ നിന്നുമുള്ള ഫോൺ വിളികളും ചിലപ്പോൾ ഒഴിവാക്കേണ്ടി വരും.
ഇങ്ങനെ ചെയ്യുമ്പോൾ ഉള്ള പ്രധാന പ്രശ്നം ചിലപ്പോൾ നമുക്ക് ആവശ്യമുള്ള ഫോൺ കോളുകളും നഷ്ടപ്പെട്ടേക്കാം എന്നുള്ളതാണ്.
Call Blocking and Call Labeling
അനാവശ്യ കോളുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു നല്ല മാർഗം അവ ബ്ലോക്ക് ചെയ്യുക എന്നതാണ്.
അതിനായി ഫോണിൽ തന്നെ 'കോൾ ബ്ലോക്ക് ' സംവിധാനം ഉപയോഗിക്കാനാകും.
അനാവശ്യ കോൾ തടയാനുള്ള ആപ്പുകൾ അല്ലെങ്കിൽ സോഫ്റ്റ് വെയറുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതും നല്ലതായിരിക്കും.
ഇത്തരത്തിലുള്ള ആപ്പുകൾ പലതും ഫോണിലേക്കു 'സ്‌കാം കോളുകൾ' വരുന്നതിനു മുൻപ് തന്നെ തടയാൻ കഴിയുന്നവയാണ്.
സ്‌കാം കോളുകൾ ചെയ്യുന്ന ഭൂരിഭാഗം നമ്പറുകളുടെ ലിസ്റ്റും കൈവശമുള്ളതിനാൽ ഈ ആപ്പുകൾക്ക് ഇവ ഒഴിവാക്കാനും സാധിക്കും.
ഫോണിലേക്കു വരുന്ന സ്‌കാം കോളുകൾ റിങ് ചെയ്യാതെ നോക്കാനും വോയിസ് മെയിലിലേക്ക് നേരിട്ട് അയക്കാനും ഇത്തരം ആപ്പുകൾക്ക് കഴിയും.

Source: Pixabay
ഫോണ്‍ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുക.
ഓരോ കാലത്തും വരുന്ന 'സോഫ്റ്റ് വെയർ അപ്ഡേറ്റുകൾ' ഫോണിനെ ഒരു പരിധി വരെ ഹാക്കർ മാരിൽ നിന്നും സംരക്ഷിക്കാനും അനാവശ്യമായ ഫോൺ കോളുകൾ, മെസ്സേജുകൾ എന്നിവ ഒഴിവാക്കാനും സഹായിക്കും.
അതുകൊണ്ട് പുതിയതായി വരുന്ന വൈറസിനെ ചെറുക്കൻ എന്ന പോലെ അനാവശ്യ ഫോൺ കോളുകൾ തടയാനും ഫോണിലെ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യണ്ടത് അത്യാവശ്യമാണ്.
അനാവശ്യ കോളുകൾ റിപ്പോർട്ട് ചെയ്യുക
ഇത്രയൊക്കെ മുൻകരുതലുകൾ എടുത്തിട്ടും നിങ്ങൾക്ക് അനാവശ്യ കോളുകൾ വരുന്നു എങ്കിൽ അത് തീർച്ചയായും റിപ്പോർട്ട് ചെയ്യേണ്ടതാണ്.
ഏതെങ്കിലും നമ്പറിൽ നിന്നും സ്‌കാം കോൾ വന്നാൽ https://www.scamwatch.gov.au/report-a-scam എന്ന വെബ്‌സൈറ്റിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ https://www.cyber.gov.au/report-and-recover/report എന്ന വെബ്സൈറ്റും ഉപയോഗിക്കാവുന്നതാണ്
നമ്മൾ റിപ്പോർട്ട് ചെയ്യുന്ന ഓരോ നമ്പറും തടയാനുള്ള ലിസ്റ്റിലേക്ക് ചേർക്കുകയും ആ ലിസ്റ്റ് ഓരോ ദിവസ്സവും മൊബൈൽ സേവന ദാതാക്കൾക്കും ജനങ്ങൾക്കും ലഭ്യമാക്കുകയാണ് ഈ വെബ്സൈറ്റുകൾ ചെയ്യുന്നത്.
അതുകൊണ്ട് തന്നെ ആ നമ്പറിൽ നിന്നും പിന്നീട് വരുന്ന ഫോൺ വിളികൾ അവർക്ക് തടയാനാകും.