സയനൈഡ് കൊലക്കേസ്: അരുൺ കമലാസനന് മാനസികപ്രശ്നമെന്ന് വാദം; ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യം

മെൽബൺ സാം എബ്രഹാം വധക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ അരുൺ കമലാസനന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ഇത് കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് നൽകണമെന്നായിരുന്നു അരുണിന്റെ വാദം.

cyanide murder case

Source: Supplied

മെല്‍ബണില്‍ മലയാളിയായ സാം എബ്രാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയ സാമും കാമുകന്‍ അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 21 നു  ജൂറി വിധിച്ചിരുന്നു. അരുണിന്റെ ശിക്ഷയുടെ കാര്യം തീരുമാനിക്കുന്നതിനു വേണ്ടിയാണ് വിക്ടോറിയൻ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിച്ചത്.

നിരവധി മാനസിക പ്രശനങ്ങൾ ഉള്ള വ്യക്തിയാണ് അരുണെന്ന് അരുണിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇത് തെളിയിക്കാനായി ഇന്ത്യയിലും ഓസ്‌ട്രേലിയയിലും ഉള്ള മാനസിക രോഗ വിദഗ്ധരുടെ റിപ്പോർട്ടുകളും രേഖകളും കോടതിയിൽ ഹാജരാക്കി. ആത്മഹത്യ പ്രവണതയും ഉത്കണ്ഠയും വിഷാദരോഗവും ഉള്ളയാളാണ് അരുണെന്നും റിമാൻഡിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ അരുൺ സൈക്യാട്രിക് വാർഡിൽ ആണ് കഴിഞ്ഞിരുന്നതെന്നും അരുണിന് വേണ്ടി ഹാജരായ ബാരിസ്റ്റർ ടെഹാൻ QC ചൂണ്ടിക്കാട്ടി.

മാത്രമല്ല ഏറെ നാളായി അരുൺ തന്റെ ഭാര്യയിൽ നിന്നും നാല് വയസ്സുകാരനായ മകനിൽ നിന്നും പിരിഞ്ഞു കഴിയുകയാണ്. കുടുംബത്തിന് ഓസ്‌ട്രേലിയയിലെത്തി അരുണിനെ സന്ദർശിക്കാൻ സാധിക്കില്ല. ഇത് മൂലം അരുണിന് ഒറ്റപ്പെടൽ അനുഭവപ്പെടുന്നു.

കൂടാതെ ജയിലിൽ ആയിരിക്കുമ്പോൾ മറ്റ് പ്രശ്നങ്ങളിലൊന്നും ഏർപ്പെടാതെ നിരവധി പഠനങ്ങൾ അരുൺ നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് അരുണിന് ശിക്ഷ കുറച്ചു നല്‍കണം എന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

കൊലപാതകം നടത്താൻ ഗൂഢാലോചന

എന്നാൽ കൊലപാതകം നടത്താൻ കൃത്യമായ ഗൂഢാലോചന നടന്നതിന്റെ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മൂന്ന് വർഷമായി ഇതേക്കുറിച്ച് അരുൺ പദ്ധതികൾ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മനസികപ്രശ്നനങ്ങളുള്ള ആളായി അഭിനയിച്ചതായി അരുൺ തന്നെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് പറയുന്നതിന്റെ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂട്ടർ കെറി ജഡ് QC വ്യക്തമാക്കി.

മാത്രമല്ല, കൊല ആസൂത്രണം ചെയ്തതും, സയനൈഡ് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നതും, കൊല  നടത്തിയതും അരുൺ തന്നെയാണ്. കൂടാതെ സാമിനെ കൊല ചെയ്യുമ്പോൾ ഒരേ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന ഒമ്പത് വയസ്സുകാരനായ സാമിന്റെ മകനെ തീരെ പരിഗണിച്ചില്ല എന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഗൗരവമായി കാണണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു .

അതേസമയം കുടുംബത്തിൽ നിന്ന് അരുൺ അകന്നു കഴിയുന്നു എന്ന അരുണിന്റെ അഭിഭാഷകന്റെ വാദത്തോട് പ്രോസിക്യൂഷനും യോജിച്ചു.

അരുൺ ഇന്ത്യൻ പൗരനാണ്. പെർമനന്റ് റെസിഡൻസി ലഭിച്ചിട്ടില്ല അതുകൊണ്ടുതന്നെ ശിക്ഷക്ക് ശേഷം നാടുകടത്തപ്പെടാം എന്നതിനെക്കുറിച്ചും കോടതി ചർച്ച ചെയ്തു.

സോഫിയയുടെ ശിക്ഷ കുറയ്ക്കുന്നതിനുള്ള വാദം മാർച്ചിൽ നടന്നിരുന്നു.

 ഒമ്പതു വയസുകാരനായ മകന്റെ ഭാവിയും ക്രിമിനല്‍ പശ്ചാത്തലമില്ല എന്നതും കണക്കിലെടുത്ത് ശിക്ഷ കുറയ്ക്കണം എന്നായിരുന്നു സോഫിയയുടെ വാദം. എന്നാല്‍ മകന്‍ ഉറങ്ങിക്കിടന്ന കട്ടിലില്‍ വച്ചാണ് സാമിനെ കൊലപ്പെടുത്തിയത് എന്ന കാര്യം കണക്കിലെടുത്ത് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

സാമിന്റെ ഭാര്യ സോഫിയയുടെയും അരുണിന്റേയും ശിക്ഷ ജൂൺ 21 നു വിധിക്കും.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

 


2 min read

Published

Updated

By Salvi Manish


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now