മെൽബണിലെ ട്രഗനൈനയിൽ ജൂലൈ ഏഴിന് രാത്രിയുണ്ടായ കാറപകടത്തിലാണ് മലയാളി കുടുംബത്തിലെ രണ്ടു കുട്ടികൾ മരണമടഞ്ഞത്. കൊല്ലം സ്വദേശിയായ ജോർജ് പണിക്കരുടെയും മഞ്ജു വര്ഗീസിന്റെയും കുട്ടികളായ പത്തു വയസ്സുകാരി റുവാന ജോർജും നാല് വയസ്സുകാരനായ ഇമ്മാനുവൽ ജോർജുമാണ് അപകടത്തിൽ മരിച്ചത്.
അപകടം നടന്ന് മൂന്നാഴ്‌ചക്ക് ശേഷമാണ് കുട്ടികളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചത്. മെൽബണിലെ ഗ്ലെൻറോയിലുള്ള ടോബിൻ ബ്രദേഴ്സ് ഫ്യൂണറൽസിൽ ഉച്ചക്ക് 12 മണി മുതൽ മൂന്ന് മണി വരെയായിരുന്നു പൊതുദർശനം.
സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആളുകൾ ഇവിടെയെത്തി കുട്ടികൾക്ക് അന്തിമോപചാരം അർപ്പിച്ചു. മലയാളി സമൂഹത്തിൽ നിന്നുള്ള നൂറുകണക്കിനാളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ ഹോളിൽ എത്തിയത്.
മൃതദേഹങ്ങൾ കണ്ട ഓരോരുത്തരും നിറകണ്ണുകളോടെയാണ് ഹോളിനു പുറത്തേക്കിറങ്ങിയത്. പൊതുദർശനം നടക്കുന്നതിനൊപ്പം പ്രാർത്ഥനാ ശുശ്രൂഷകളും നടന്നു.

കുട്ടികളുടെ പിതാവ് ജോർജ് എത്തിയിരുന്നു. എന്നാൽ അമ്മ മഞ്ജു ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലായതിനാൽ ഇവിടേക്ക് എത്താൻ കഴിഞ്ഞില്ല.
മൂന്ന് മണിക്ക് ശേഷം മൃതദേഹങ്ങൾ ഹോളിൽ നിന്നും കോബർഗിലുള്ള സെയ്ന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെയും പൊതുദർശനവും പ്രാർത്ഥനയും നടന്നു.
കുട്ടികളുടെ സംസ്കാരം കേരളത്തിൽ വച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജോർജിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എസ് ബി എസ് മലയാളത്തോട് പറഞ്ഞു. ഓഗസ്റ്റ് അഞ്ചാം തീയതി ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊല്ലം വിരിഞ്ഞത്തുള്ള സെയിന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ സംസ്കാരം നടത്തുമെന്ന് ഇവർ അറിയിച്ചു.

അതിനിടെ അതീവഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന മഞ്ജുവിന്റെ നില മെച്ചപ്പെട്ടതായി റോയൽ മെൽബൺ ആശുപത്രി അധികൃതർ എസ് ബി എസ് മലയാളത്തോട് സ്ഥിരീകരിച്ചു. എന്നാൽ യാത്രചെയ്യാവുന്ന ആരോഗ്യസ്ഥിതിയിലേക്ക് എത്താത്തതുകൊണ്ട് തന്നെ മഞ്ജുവിന് സംസ്കാരത്തിനായി നാട്ടിലേക്ക് പോകാൻ കഴിയില്ല എന്ന് ഇവരുടെ കുടുംബ സുഹൃത്തുക്കൾ പറഞ്ഞു.
ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർവശത്തു നിന്ന് മറ്റൊരു കാർ വന്നിടിച്ചാണ് അപകടം നടന്നത്. ഒരു കാറിനെ ഓവർടേക്ക് ചെയ്തുവന്ന ഫോർഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറിൽ വന്നിടിക്കുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്.
കാറിലുണ്ടായിരുന്ന റുവാന ജോർജ് തൽക്ഷണം മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ റോയൽ ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇമ്മാനുവൽ ജോർജും രണ്ടു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

