വിക്ടോറിയയുടെ ഉള്‍പ്രദേശമായ വാർനാംബുൽ കൗൺസിൽ കഴിഞ്ഞ വര്ഷം ഡിസംബറിലാണ് ഫെഡറൽ സർക്കാരുമായി ഡെസിഗ്‌നേറ്റഡ് ഏരിയ മൈഗ്രേഷൻ എഗ്രിമെന്റ് അഥവാ ഡാമ കരാറിൽ ഒപ്പ് വച്ചത്.
ഗ്ലെനെൽഗ്, മോയിൻ, വാർനാംബുൽ, കൊറാങ്കമൈറ്റ്, കൊളാക് ഓട്ട് വെ, സതേൺ ഗ്രാമ്പിയൻസ് (Glenelg, Moyne, Warrnambool, Corangamite, Colac Otway and Southern Grampians) എന്നീ പ്രദേശങ്ങളിലേക്കാണ് ഈ തൊഴിൽ വിസയിൽ എത്താവുന്നത്.
ഡാമ വിസയിൽ (സബ്ക്ലാസ്സ് 482) രാജ്യത്തേക്കെത്തുന്നവർക്ക് തൊഴില്‍ വിസയില്‍ നിന്ന് പെര്‍മനന്റ് റെസിഡന്‍സിയിലേക്കെത്താനും അവസരം ലഭിക്കും.
വാർനാംബുൽ കൗൺസിലിൽ ഡാമ വിസ കരാറിൽ ജോലി ചെയ്‍വാൻ അനുവാദം നൽകുന്ന തൊഴിലുകളെക്കുറിച്ചും ജോലി ഒഴിവുകളെകുറിച്ചുമുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ കൗൺസിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഷെഫ്, ഹോട്ടൽ മാനേജർ, റെസ്റ്റോറന്റ് മാനേജർ, അഗ്രികൾച്ചറൽ ടെക്‌നീഷ്യൻ, അഗ്രികൾച്ചറൽ ആൻഡ് ഹോർട്ടികൾച്ചറൽ മൊബൈൽ പ്ലാന്റ് ഓപ്പറേറ്റർ തുടങ്ങി കാർഷികം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന 27 തൊഴിലുകളാണ് കൗൺസിലിന്റെ തൊഴിൽ പട്ടികയിലുള്ളത്.
ഇതിനു പുറമെ ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ, ട്രക്ക് ഡ്രൈവർ, മോട്ടോർ മെക്കാനിക്, ഡീസൽ മോട്ടോർ മെക്കാനിക് തുടങ്ങിയ തൊഴിലുകളും പട്ടികയിലുണ്ട്.

Source: warrnambool.vic.gov.au

Source: warrnambool.vic.gov.au
ഇതിൽ 12 തൊഴിലുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് പ്രാവീണ്യത്തിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

Source: warrnambool.vic.gov.au
എന്നാൽ ഡാമ വിസ പ്രാബല്യത്തിൽ വന്ന ആദ്യ വർഷം ആയതിനാൽ ഈ തൊഴിലുകളിൽ 100 ഒഴിവുകൾ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളു.
വർണംബൂലിനു പുറമെ നോർത്തേൺ ടെറിട്ടറി, സതേൺ ഓസ്ട്രേലിയ, വെസ്റ്റേൺ ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയിൽസ് എന്നീ സംസ്ഥാനങ്ങളും ഡാമ കരാറിൽ ഒപ്പ് വച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറിയെത്തുന്നവർ വൻ നഗരങ്ങളായ സിഡ്‌നിയും മെൽബനും വിട്ട് ഉൾനാടൻ പ്രദേശങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും പോകാൻ വിസ നിയമത്തിൽ പല ഭേദഗതികളും നടപ്പാക്കുകയാണ് ഫെഡറൽ സർക്കാർ.
ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ പുതിയ വിസകളും സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.