ബട്ടൺ ബാറ്ററി മൂലം ഗുരുതരാവസ്ഥയിലാകുന്നത് മാസത്തിൽ ഒരു കുട്ടി വീതം: നിയന്ത്രണങ്ങൾ കർശനമാക്കുന്നു

ബട്ടൺ ബാറ്ററികളുടെ നിർമ്മാണത്തിലും, വിതരണത്തിലും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഓസ്ട്രേലിയൻ കോംപറ്റീഷൻ ആൻറ് കൺസ്യൂമർ കമ്മീഷൻ നിർദ്ദേശിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്തവരിൽ നിന്ന് ജൂൺ 22 മുതൽ പിഴ ഈടാക്കി തുടങ്ങുമെന്നും കമ്മീഷൻ അറിയിച്ചു.

Button Batteries

Button Batteries Source: AAP

ബട്ടൺ ബാറ്ററികൾ കുട്ടികളുടെ ശരീരത്തിനുള്ളിലെത്തി അപകടമുണ്ടാകുന്ന കേസുകൾ വർദ്ധിച്ചതോടെയാണ് ബട്ടൺ ബാറ്ററികളുടെ ഉപയോഗത്തിന് സുരക്ഷമാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കാൻ ഓസ്ട്രേലിയൻ കോംപറ്റീഷൻ ആൻറ് കൺസ്യൂമർ കമ്മീഷൻ തീരുമാനിച്ചത്.

2020 ഡിസംബറിൽ ഇത് സംബന്ധിച്ച മാനദണ്ഡങ്ങൾ പുറത്തിറക്കിയിരുന്നെങ്കിലും നടപ്പിലാക്കാൻ കമ്പനികൾക്ക് സാവകാശം നൽകുകയായിരുന്നു. ബട്ടൺ ബാറ്ററികളുടെ ഉപയോഗത്തിലും വിതരണത്തിലും വരുത്തേണ്ട പുതിയ സുരക്ഷ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ പതിനെട്ട് മാസമാണ് കമ്പനികൾക്ക് അനുവദിച്ചിരുന്നത്. ഈ കാലവധിയാണ് അടുത്ത മാസം അവസാനിക്കുക.
ബട്ടൺ ബാറ്ററികളുടെ ഉപയോഗത്തിലും വിതരണത്തിലും മൂന്ന് നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങളാണ് ഓസ്ട്രേലിയൻ കോംപറ്റീഷൻ ആൻറ് കൺസ്യൂമർ കമ്മീഷൻ പ്രധാനമായും മുന്നോട്ട് വെച്ചിരിക്കുന്നത്.

  • കുട്ടികൾ ബട്ടൺ ബാറ്ററി കൈവശപ്പെടുത്തുന്നത് തടയുന്നതിനായി ബട്ടൺ ബാറ്ററി ഉപയോഗിക്കുന്ന ഉപകരണങ്ങളിലോ, കളിപ്പാട്ടങ്ങളിലോ ബട്ടൺ ബാറ്ററിക്കായി പ്രത്യേക അറ/ കംപാർട്ട്മെൻറ് ഉണ്ടായിരിക്കണം.
  • കുട്ടികൾക്ക് കൈവശപ്പെടുത്താൻ പറ്റാത്ത തരത്തിലുള്ള പാക്കേജുകളിലാണ് ബട്ടൺ ബാറ്ററികൾ വിതരണം ചെയ്യുന്നതെന്ന് നിർമ്മാതാക്കൾ ഉറപ്പ് വരുത്തണം.
  • ബട്ടൺ ബാറ്ററി പാക്കേജിലും, ഇതിനൊപ്പമുള്ള നിർദ്ദേശങ്ങളടങ്ങിയ കുറിപ്പിലും ബോധവൽക്കണത്തിനായി കൂടുതൽ മുന്നറിയിപ്പുകളും, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളും വിശദീകരിക്കണം.
ഓസ്‌ട്രേലിയയിൽ ബട്ടൻ ബാറ്ററിയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മൂന്ന് കുട്ടികൾ മരിക്കുകയും, 44 കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല ബട്ടൺ ബാറ്ററി മൂലമുള്ള അപകടത്തിലൂടെ, രാജ്യത്ത് ഒരു മാസത്തിൽ ഒരു കുട്ടിക്ക് എന്ന വീതം ഗുരുതര പരിക്കേൽക്കുന്നുണ്ടെന്നാണ് കണക്കുകൾ.

ബട്ടൺ ബാറ്ററികൾ മൂലം കുട്ടികൾക്കുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനുള്ള ലോകത്തിലെ തന്നെ ആദ്യ ചുവട് വെയ്പാണ് ഓസ്ട്രേലിയൻ കോംപറ്റീഷൻ ആൻറ് കൺസ്യൂമർ കമ്മീഷൻ നടപ്പിലാക്കാൻ പോകുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ നിർമ്മാതാക്കൾക്കും, വിതരണക്കാർക്കും അനുവദിച്ച സമയ പരിധി അവസാനിക്കാൻ പോകുകയാണെന്ന് ACCC ഡെപ്യൂട്ടി ചെയർ ഡെലിയ റിക്കാർഡ് പറഞ്ഞു.

സമയ പരിധി അവസാനിച്ചു കഴിഞ്ഞാൽ, നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാവശ്യമായ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡെലിയ റിക്കാർഡ് വ്യക്തമാക്കി.

ബട്ടൺ ബാറ്ററികളുമായി ബന്ധപ്പെട്ട നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ബിസിനസുകളിൽ നിന്ന് പിഴ ഈടാക്കാനാണ് ACCC യുടെ തീരുമാനം.

എന്തുകൊണ്ടാണ് ബട്ടൺ ബാറ്ററികൾ അപകടകാരികളാകുന്നത്?

നിത്യ ജീവിത്തിൽ ഉപയോഗിക്കുന്ന ഒട്ടു മിക്ക ഉപകരണങ്ങളിലും വസ്തുക്കളിലും ബട്ടൺ ബാറ്ററി സാധാരണമാണ്. ബട്ടൻറെ ആകൃതിയിലുള്ളതിനാലാണ് ഇതിനെ ബട്ടൺ ബാറ്ററി എന്ന് വിശേഷിപ്പിക്കുന്നത്.

ലിഥിയം, സിങ്ക് സിൽവർ, മാംഗനീസ് തുടങ്ങിയ രാസ വസ്തുക്കളാണ് ബട്ടൺ ബാറ്ററിയിൽ അടങ്ങിയിരിക്കുന്നത്.

ബാറ്ററികളുടെ വലിപ്പവും ആകൃതിയുമാണ് ചെറിയ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നത്. കുട്ടികൾ ബട്ടൺ ബാറ്ററി കൈവശപ്പെടുത്തിയൽ അവ വിഴുങ്ങാനോ, മൂക്കിലോ ചെവികളിലോ ഇടാനോ ഉള്ള സാധ്യത കൂടുതലാണ്.
ബട്ടൺ ബാറ്ററി തുടർച്ചയായി ശരീരത്തെ സ്പർശിച്ചിരുന്നാൽ അവ കോശങ്ങളെ കരിച്ചു കളയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശരീരത്തിനുള്ളിലെത്തുന്ന ബട്ടൺ ബാറ്ററിയിൽ നിന്നുള്ള രാസവസ്തുക്കൾ പുറത്തെത്തി ശരീര കോശങ്ങൾക്ക് കാര്യമായ പൊള്ളലേൽപ്പിക്കാനും ഗുരുതരമായ രക്തസ്രാവമുണ്ടാക്കാനുമുള്ള സാധ്യത കൂടുതലാണ്.

അന്നനാളത്തിന് പൊള്ളലേൽപ്പിക്കാൻ ഒരു ബട്ടൺ ബാറ്ററി തന്നെ ധാരാളമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
കുട്ടികൾക്ക് ഗുരുതരമായ ശ്വാസ തടസ്സമുണ്ടാക്കാനും ബട്ടൺ ബാറ്ററി കാരണമാകും. ബട്ടൺ ബാറ്ററികൾ ശരീരത്തിനകത്തെത്തി രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഗുരുതരമായ പരിക്കുകൾക്കോ, ദിവസങ്ങൾക്കുള്ളിൽ മരണത്തിനോ കാരണമാകാം.

വീടുകളിൽ ബട്ടൺ ബാറ്ററി ഉപയോഗിക്കുമ്പോൾ...

ബട്ടൺ ബാറ്ററികൾ ഉപകരണങ്ങളിൽ നിന്നും, കളിപ്പാട്ടങ്ങളിൽ നിന്നും എളുപ്പത്തിൽ വേർപെട്ട് പോരുന്നതാണ് അപകട സാധ്യത വർദ്ധിപ്പിക്കുന്നത്. പുതിയതും ഉപയോഗിച്ചതുമായ ബട്ടൺ ബാറ്ററികൾ എപ്പോഴും ചെറിയ കുട്ടികൾക്ക് ലഭ്യമാകാതെ സൂക്ഷിക്കണം.

ബട്ടൺ ബാറ്ററി ഉപയോഗിച്ചു കഴിഞ്ഞാൽ, ഉടൻ തന്നെ ബാറ്ററിയുടെ ഇരുവശത്തും സ്റ്റിക്കി ടേപ്പ് ഒട്ടിച്ച് അത് സുരക്ഷിതമായി റീസൈക്കിൾ ചെയ്യുക.
ബട്ടൺ ബാറ്ററി കുട്ടിയുടെ ശരീരത്തിൽ പോയതായി സംശയമുണ്ടെങ്കിൽ ഉടൻ തന്നെ വിദഗ്ദോപദേശത്തിനായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന 13 11 26 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഓർക്കുക, പെട്ടെന്നുള്ള നടപടികൾ ഇക്കാര്യത്തിൽ നിർണായകമാണ്, ലക്ഷണങ്ങൾക്കായി കാത്തിരിക്കരുത്.


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
ബട്ടൺ ബാറ്ററി മൂലം ഗുരുതരാവസ്ഥയിലാകുന്നത് മാസത്തിൽ ഒരു കുട്ടി വീതം: നിയന്ത്രണങ്ങൾ കർശനമാക്കുന്നു | SBS Malayalam