ക്രിസ്ത്മസ്-പുതുവത്സര അവധിക്കാലം കഴിഞ്ഞ് റോഡിലേക്കിറങ്ങുമ്പോള്‍ ഡ്രൈവര്‍മാരെ കാത്തിരിക്കുന്നത് പുതിയ മാറ്റങ്ങളും തെറ്റുകള്‍ക്ക് കടുത്ത ശിക്ഷകളുമാണ്.
വ്യത്യസ്ത നിയമമാറ്റങ്ങളാണ് വിവിധ സംസ്ഥാനങ്ങള്‍ കൊണ്ടുവരുന്നത്.
സ്പീഡ് ക്യാമറാ മുന്നറിയിപ്പുകള്‍ ഇനിയില്ല
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഓരോ ദിവസവും എവിടെയൊക്കെ സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന് മുന്നറിയിപ്പ് നല്‍കുന്ന രീതി അവസാനിപ്പിക്കും.
നിലവില്‍ ഓരോ ദിവസവും എവിടെയൊക്കെയാണ് മൊബൈല്‍ സ്പീഡ് ക്യാമറകള്‍ ഉള്ളത് എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുമായിരുന്നു.
എന്നാല്‍ ഇതിനു പകരം, മൊബൈല്‍ സ്പീഡ് ക്യാമറകള്‍ സ്ഥാപിക്കാന്‍ സാധ്യതയുള്ള 1800 പ്രദേശങ്ങളുടെ പട്ടിക മാത്രമാണ് ഇനി മുതല്‍ നല്‍കുക.
അതായത്, ഈ 1800 മേഖലകളില്‍ എവിടെ വേണമെങ്കിലും സ്പീഡ് ക്യാമറ പ്രതീക്ഷിക്കാം.

ന്യൂ സൗത്ത് വെയില്‍സും സ്പീഡ് ക്യാമറാ മുന്നറിയിപ്പുകള്‍ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
സംസ്ഥാന ഓഡിറ്റര്‍ ജനറല്‍ മാര്‍ഗരറ്റ് ക്രോഫോര്‍ഡ് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്.
സ്പീഡ് ക്യാമറാ മുന്നറിയിപ്പുകള്‍ ഒഴിവാക്കുന്നതിലൂടെ ജനങ്ങള്‍ പൊതുവില്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും, അതിലൂടെ വര്‍ഷം 54 ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നുമാണ് പഠനങ്ങള്‍ തെളിയിച്ചതെന്ന് സംസ്ഥാന ഗതാഗതമന്ത്രി ആന്‍ഡ്ര്യൂ കോണ്‍സ്റ്റന്‍സ് നവംബറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സ്പീഡ് ക്യാമറകളിലൂടെ ഈ വര്‍ഷം ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ 200 മില്യണ്‍ ഡോളറോളമാണ് പിഴയിനത്തില്‍ ലഭിച്ചത്.
സിഗരറ്റ് കുറ്റി പുറത്തെറിഞ്ഞാല്‍ പിഴ
കാറിലിരുന്ന് സിഗരറ്റ് വലിച്ചോളൂ, പക്ഷേ കുറ്റി പുറത്തേക്കെറിയരുത്.
ന്യൂ സൗത്ത് വെയില്‍സില്‍ സിഗരറ്റ് കുറ്റി കാറില്‍ നിന്ന് പുറത്തേക്കെറിഞ്ഞാല്‍ വന്‍ പിഴയായിരിക്കും ഇനി ലഭിക്കുക.
ജനുവരി 17 മുതല്‍ സിഗരറ്റ് കുറ്റി പുറത്തേക്ക് എറിയുന്ന ഡ്രൈവര്‍ക്ക് 660 ഡോളര്‍ പിഴയും അഞ്ചു ഡീമെറിറ്റ് പോയിന്റും ലഭിക്കും.

ഇതാദ്യമായാണ് ഇത്തരമൊരു കുറ്റത്തിന് ഡീമെറിറ്റ് പോയിന്റ് കൊണ്ടുവരുന്നത്.
ഇത് സാധാരണ ദിവസങ്ങളിലെ കാര്യം.
സംസ്ഥാനത്ത് ടോട്ടല്‍ ഫയര്‍ ബാന്‍ നിലവിലുള്ള ദിവസമാണ് ഇത്തരത്തില്‍ സിഗരറ്റ് കുറ്റി പുറത്തേക്ക് എറിയുന്നതെങ്കില്‍ പിഴ പല മടങ്ങ് കൂടും.
11,000 ഡോളര്‍ പിഴയും, പത്ത് ഡീമെറിറ്റ് പോയിന്റുമായിരിക്കും ടോട്ടല്‍ ഫയര്‍ ബാന്‍ ദിവസങ്ങിലെ ശിക്ഷ.
ഇനി ഡ്രൈവറല്ല, കാറിലെ മറ്റേതെങ്കിലും യാത്രക്കാരാണ് സിഗരറ്റ് കുറ്റി പുറത്തേക്ക് വലിച്ചെറിയുന്നതെങ്കിലും 660 ഡോളര്‍ പിഴ ഈടാക്കും. ടോട്ടല്‍ ഫയര്‍ ബാന്‍ ദിവസങ്ങളില്‍ ഇത് ഇരട്ടിയാകും.
2019ല്‍ ഇതുവരെ ഇരുന്നൂറിലേറെ പേരാണ് ഇത്തരത്തില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതിന് പിടിക്കപ്പെട്ടത്.
ACTയില്‍ ഒക്ടോബര്‍ മുതല്‍ ഈ കുറ്റത്തിന്റെ പിഴ ഉയര്ത്തിയിരുന്നു.
മുമ്പ് 60 ഡോളറായിരുന്ന പിഴ 500 ഡോളറാക്കിയാണ് ACTയില്‍ കൂട്ടിയത്.
മൊബൈല്‍ ഉപയോഗത്തിന് പിഴ കൂട്ടും
ക്വീന്‍സ്ലാന്റില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കും.
ഫെബ്രുവരി ഒന്നു മുതലാണ് മാറ്റം നിലവില്‍ വരുന്നത്.
നാലു ഡീമെറിറ്റ് പോയിന്റും 1000 ഡോളര്‍ പിഴയുമായിരിക്കും സംസ്ഥാനത്ത് ഇനി ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗത്തിന് കിട്ടുക.
നിലവില്‍ ഇത് മൂന്നു ഡീമെറിറ്റ് പോയിന്റും 400 ഡോളര്‍ പിഴയുമാണ്.
ഡീമെറിറ്റ് പോയിന്റ് കൂടുന്നതോടെ ലേണേഴ്‌സ് ലൈസന്‍സും P പ്ലേറ്റും ഉള്ളവര്‍ക്ക് മൊബൈല്‍ ഉപയോഗിച്ചാല്‍ ലൈസന്‍സ് നഷ്ടമാകാം.
ന്യൂ സൗത്ത് വെയില്‍സിലും പുതിയ മൊബൈല്‍ ഫോണ്‍ ഡിറ്റക്ഷന്‍ ക്യാമറകളുടെ പിടിയില്‍പ്പെടുന്നവര്‍ക്ക് പിഴ ഇടാക്കി തുടങ്ങും.
ഡിസംബറില്‍ സംസ്ഥാനത്ത് സ്ഥാപിച്ചു തുടങ്ങിയ ആര്ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉള്ള മൊബൈല്‍ ഫോണ്‍ ഡിറ്റക്ഷന്‍ ക്യാമറകളില്‍ നിരവധി പേരാണ് ഇതുവരെ കുടുങ്ങിയത്. എന്നാല്‍ ഇതുവരെയും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന കത്തുകള്‍ അയക്കുക മാത്രമായിരുന്നു.
മാര്‍ച്ച് ഒന്നു മുതല്‍ ഇത്തരം ക്യാമറകളില്‍ കുടുങ്ങുന്നവര്‍കക് 344 ഡോളര്‍ പിഴയും, അഞ്ചു ഡീമെറിറ്റ് പോയിന്റും ലഭിക്കും.

