സ്കിൽഡ് നോമിനേറ്റഡ് വിസ (subclass 190) സ്‌കിൽഡ് റീജിയണൽ വിസ (subclass 489 സ്റ്റേറ്റ് / ടെറിട്ടറി നോമിനേഷൻ) എന്നിവയുടെ അപേക്ഷകൾ സ്വീകരിക്കുന്നത് ഈ വർഷം മെയ് മാസത്തിൽ വിവിധ സംസ്ഥാന സർക്കാറുകൾ നിർത്തിവച്ചിരുന്നു. അപേക്ഷകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതായിരുന്നു ഇതിനു കാരണം.
എന്നാൽ വിക്ടോറിയയും ക്വീൻസ്‌ലാൻഡും ജൂലൈ മുതൽ സ്കിൽഡ് നോമിനേറ്റഡ് വിസകളിലുള്ള കുടിയേറ്റം പുനരാരംഭിച്ചു. സ്‌കിൽഡ് മൈഗ്രേഷൻ വിസകൾക്കും ബിസിനസ് മൈഗ്രേഷൻ വിസകൾക്കും ആണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത്.
പുതിയ മാറ്റങ്ങൾ വിക്ടോറിയയിലും ക്വീൻസ്‌ലാൻഡിലും
സ്‌കിൽഡ് നോമിനേറ്റഡ് മൈഗ്രേഷൻ പുനരാരംഭിച്ചിരിക്കുന്ന വിക്ടോറിയയും ക്വീൻസ്‌ലാൻഡും പൊതുവിൽ മലയാളികൾ ധാരാളമായി കുടിയേറി പാർക്കുന്ന പ്രദേശങ്ങളാണ്.
ഈ രണ്ടു സംസ്ഥാനങ്ങളിലേയും പുതിയ മാറ്റങ്ങൾ ഇവയാണ്.

Comparison chart QLD and VIC Source: GEM
വിക്ടോറിയയിൽ എൻജിനീയറിഗിനും നഴ്‌സിംഗിനും സ്റ്റേറ്റ് നോമിനേഷൻ
എൻജിനീയറിങ്, നഴ്‌സിംഗ്, കെട്ടിട നിർമ്മാണം എന്നീ മേഖലകൾക്ക് വിക്ടോറിയൻ സർക്കാർ സ്റ്റേറ്റ് നോമിനേഷൻ പദ്ധതി പുനരാരംഭിച്ചതാണ് മലയാളികൾക്ക് ഗുണകരമാകാവുന്ന ഒരു മാറ്റമെന്ന് സൺഷൈൻ മൈഗ്രേഷനിലെ മൈഗ്രേഷൻ ഏജന്റായ അരുൺ രാജൻ അഭിപ്രായപ്പെട്ടു.
ഈ തൊഴിൽ മേഖലകളിൽ നിന്നുള്ളവർക്ക് ഇവിടേക്ക് കുടിയേറാൻ സംസ്ഥാന സർക്കാരിന്റെ നോമിനേഷൻ ലഭ്യമാണ്. വിവിധ തൊഴിൽമേഖലകൾക്ക് സ്റ്റേറ്റ് നോമിനേഷനുകൾ കൊടുക്കുന്നതിന് വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
പി ആർ അപേക്ഷകർക്ക് സംസ്ഥാന നോമിനേഷൻ ലഭിക്കുകയാണെങ്കിൽ വിസ സബ് ക്ലാസ് 190 ന് അഞ്ച് പോയിന്റും വിസ സബ് ക്ലാസ് 489 ന് പത്ത് പോയിന്റും ലഭിക്കും.
ഓസ്‌ട്രേലിയൻ പെർമനെന്റ് റെസിഡൻസിക്കായി അപേക്ഷിക്കുന്നതിന് ആവശ്യമായ പോയിന്റ് ഈ ജൂലൈ ഒന്ന് മുതൽ 65 ആക്കി ഉയർത്തിയ സാഹചര്യത്തിൽ സ്റ്റേറ്റ് നോമിനേഷനുകൾ ലഭിക്കുന്നവർക്ക് കുടിയേറ്റം കൂടുതൽ എളുപ്പമാകുമെന്ന് അരുൺ രാജൻ പറഞ്ഞു.
വിദേശത്ത് നിന്ന് കുടിയേറാൻ ശ്രമിക്കുന്ന നഴ്‌സുമാർക്ക് വിക്ടോറിയയിൽ ആയിരിക്കും കൂടുതൽ സാധ്യതകൾ എന്നും അരുൺ അഭിപ്രായപ്പെട്ടു.
ക്വീൻസ്‌ലാൻഡ് ട്രേഡ് വിഭാഗങ്ങൾക്ക് കൂടുതൽ ഗുണകരം
ക്വീൻസ്‌ലാൻഡിൽ സ്‌കിൽഡ് മൈഗ്രേഷൻ വാഗ്‌ദാനം ചെയ്യുന്ന തൊഴിൽ മേഖലകളിൽ വർദ്ധനവ് വന്നിട്ടുണ്ട്.
സ്‌കിൽഡ് മൈഗ്രേഷൻ വിസ നിബന്ധനകളിൽ ട്രേഡ് വിഭാഗങ്ങൾക്കായി പ്രത്യേക ഇളവുകളും കൂടുതൽ തൊഴിലവസരങ്ങളും ക്വീൻസ്‌ലാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
എന്നാൽ നിലവിൽ ക്വീൻസ്‌ലാൻഡിൽ പഠിക്കുന്നവർക്കും ജോലിചെയ്യുന്നവർക്കും കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ എന്നും അരുൺ രാജൻ ചൂണ്ടിക്കാട്ടി.
"അവസരം അധിക കാലം തുടരില്ല"
ഓരോ വർഷവും നിശ്ചിത വിസ അപേക്ഷകൾ ലഭിച്ചുകഴിയുമ്പോൾ സംസ്ഥാനങ്ങൾ സ്‌കിൽഡ് മൈഗ്രേഷൻ നിർത്തിവയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ നിലവിലെ അവസരം അധികകാലം നിലനിന്നേക്കില്ല എന്നും അരുൺ രാജൻ ചൂണ്ടിക്കാട്ടി.
പുതിയ അപേക്ഷകർക്ക് കൂടുതൽ ഗുണകരം
നിലവിൽ ഓസ്‌ട്രേലിയൻ വിസകൾ ഒന്നുമില്ലാതെ പുതുതായി ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവർക്ക് സംസ്ഥാനങ്ങളുടെ നോമിനേഷൻ കിട്ടാൻ കൂടുതൽ എളുപ്പമാണ്.
അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരേക്കാൾ പുതുതായി ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവർക്ക് ആയിരിക്കും കൂടുതൽ പ്രയോജനം ലഭിക്കുന്നത് എന്ന് അരുൺ പറഞ്ഞു.
കൂടാതെ ഇവർക്ക് ഒരേ സമയം ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് അപേക്ഷിക്കാനുള്ള സാഹചര്യം ഉണ്ടെന്നും അരുൺ രാജൻ ചൂണ്ടിക്കാട്ടി.