മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ഓസ്ട്രേലിയയിൽ ബജറ്റ് അവതരിപ്പിക്കേണ്ടത്.
എന്നാൽ രാജ്യത്ത് കൊറോണവൈറസിന്റെ ആദ്യവ്യാപനം ഏറ്റവും ഉയർന്നു നിന്ന ആ സമയത്ത് ബജറ്റ് അവതരണം മാറ്റിവയ്ക്കുകയായിരുന്നു. ഒക്ടോബറിലെ ആദ്യ ചൊവ്വാഴ്ചയിലേക്കാണ് ബജറ്റ് മാറ്റിയത്.
രൂക്ഷമായ തൊഴിൽ നഷ്ടവും, മൂന്നു പതിറ്റാണ്ടിനു ശേഷം ആദ്യമായി സാമ്പത്തിക മാന്ദ്യവും നേരിടുന്ന ഓസ്ട്രേലിയയെ കരകയറ്റാൻ എന്തൊക്കെ പദ്ധതികളാകും സർക്കാർ പ്രഖ്യാപിക്കുക എന്ന കാര്യമാണ് ബജറ്റിൽ ഏവരും ഉറ്റുനോക്കുന്നത്.
ഓസ്ട്രേലിയയിലേക്കുള്ള പുതിയ കുടിയേറ്റ നയം എങ്ങനെയായിരിക്കും എന്നത് ഇതിൽ നിർണായകമാണ്.
മൊത്തം കുടിയേറ്റം വെട്ടിക്കുറയ്ക്കുമോ?
ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ കുടിയേറ്റമായിരുന്നു 2019-20ൽ ഓസ്ട്രേലിയയിലേക്ക് ഉണ്ടായത്.
1,40,366 പേരാണ് കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തേക്ക് കുടിയേറിയത്. സർക്കാർ പ്രഖ്യാപിച്ചിരുന്ന കുടിയേറ്റ പരിധി 1,60,000 ആയിരുന്നെങ്കിലും, കൊവിഡ് ബാധയും തുടർന്നുള്ള അതിർത്തി നിയന്ത്രണങ്ങളും കാരണം കുടിയേറ്റ നിരക്ക് ഇടിഞ്ഞു.
ഓസ്ട്രേലിയയിൽ താൽക്കാലിക വിസയിലുണ്ടായിരുന്ന പതിനായിരക്കണക്കിന് പേർ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകുകയും ചെയ്തതോടെ, കുടിയേറ്റം മൂലമുള്ള ആകെ ജനസംഖ്യാ വർദ്ധനവ് (നെറ്റ് ഓവർസീസ് മൈഗ്രേഷൻ) വെറും 35,000 ആയി കുറഞ്ഞു.
വരുന്ന രണ്ടു വർഷങ്ങളിലും നെറ്റ് ഓവർസീസ് മൈഗ്രേഷൻ കുറവായിരിക്കും എന്ന വിലയിരുത്തലിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് വ്യക്തമാക്കി.

Source: Pixabay
കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്ന 1,60,000 എന്ന കുടിയേറ്റ പരിധി 2020-21ലും നിലനിർത്തുമോ എന്നതാണ് പ്രധാനമായും അറിയാനുള്ളത്.
ഈ പരിധിയിൽ മാറ്റം വരുത്തില്ല എന്ന് സർക്കാർ നേരത്തേ സൂചിപ്പിച്ചിരുന്നു. മാത്രമല്ല, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണമെങ്കിൽ കുടിയേറ്റം കൂട്ടുകയാണ് വേണ്ടതെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുകയും ചെയ്തു.
എന്നാൽ, അതിർത്തി നിയന്ത്രണങ്ങൾ തുടരും എന്നതിനാൽ അത്രയും ഉയർന്ന കുടിയേറ്റം പ്രായോഗികമായി സാധ്യമാകില്ല എന്നാണ് മുൻ കുടിയേറ്റകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ അബ്ദുൾ റിസ്വി ചൂണ്ടിക്കാട്ടുന്നത്.
കുടിയേറ്റ നയത്തിൽ 1,60,000 എന്ന പരിധി തന്നെ സർക്കാർ നിലനിർത്തിയാലും, യഥാർത്ഥത്തിൽ രാജ്യത്തേക്ക് എത്താൻകഴിയുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും എന്ന് അദ്ദേഹം പറയുന്നു.
"സർക്കാർ പ്രഖ്യാപിക്കുന്ന പരിധി എന്നത് പരമാവധി അനുവദിക്കാവുന്ന വിസകളുടെ എണ്ണമാണ്. എന്നാൽ അത്രയും വിസകൾ നൽകണമെന്നില്ല.
ഫലത്തിൽ, മുൻവർഷത്തേതിന് സമാനമായ പരിധി പ്രഖ്യാപിച്ചാലും 2020-21ൽ അത്രയും വിസകൾ നൽകാൻ സാധ്യത കുറവാണ്."
ഏതൊക്കെ വിസകളെ ബാധിക്കാം?
ഓരോ വർഷത്തെയും ഓസ്ട്രേലിയൻ കുടിയേറ്റത്തിൽ ഭൂരിഭാഗം വിസകളും സ്കിൽഡ് കുടിയേറ്റത്തിനായാണ് നിക്കീവയ്ക്കുന്നത്.
ഇൻഡിപെന്റന്റ് സ്കിൽഡ് വിസകളും, സ്പോൺസേർഡ് വിസകളും ഉൾപ്പെടെയാണ് ഇത്. ഓരോ സംസ്ഥാനങ്ങൾക്കും ഇത്തരത്തിൽ സ്പോൺസർ ചെയ്യാനായി ക്വാട്ട അനുവദിക്കാറുമുണ്ട്.
ഈ വർഷം ബജറ്റ് അവതരണം മാറ്റിവച്ച സാഹചര്യത്തിൽ, ഓരോ സംസ്ഥാനങ്ങൾക്കും താൽക്കാലിക ക്വാട്ട അനുവദിച്ചു നൽകിയിരുന്നു.
പുതിയ കുടിയേറ്റ പദ്ധതിയിലും സ്കിൽഡ് വിസകൾക്ക് നിർണായകമായ പങ്കായിരിക്കും ഉണ്ടാകുക. പ്രത്യേകിച്ചും, ഓസ്ട്രേലിയയിൽ പല തൊഴിൽ മേഖലകളിലും വിദഗ്ധരായ ജീവനക്കാരുടെ ആവശ്യം കൂടി വരുന്നുണ്ട് എന്നാണ് സർക്കാർ തന്നെ വ്യക്തമാക്കിയത്.
നഴ്സിംഗും, ഐ ടിയും ഉൾപ്പെടെയുള്ള 17 തൊഴിൽമേഖലകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി അടുത്ത കാലത്ത് സർക്കാർ ഇളവുകൾ അനുവദിക്കുകയും ചെയ്തിരുന്നു.
നിർണ്ണായക തൊഴിൽമേഖലകളിൽ കൂടുതൽ വൈദഗ്ധ്യമുള്ളവരെ രാജ്യത്തേക്ക് എത്തിക്കാൻ സർക്കാർ ശ്രമിക്കണം എന്നാണ് കുടിയേറ്റ വിദഗ്ധർ ആവശ്യപ്പെടുന്നത്.
അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ കുടിയേറ്റത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ, ഓസ്ട്രേലിയയിലേക്ക് കൂടുതൽ നൈപുണ്യങ്ങളുള്ളവരെ ആകർഷിക്കാനുള്ള അവസരമാണ് ഇതെന്നും അവർ പറയുന്നു.
അതേസമയം, സിഡ്നി, മെൽബൺ തുടങ്ങിയ വലിയ നഗരങ്ങളെക്കാൾ ഉൾനാടൻ ഓസ്ട്രേലിയയ്ക്ക് പ്രാധാന്യം നൽകുന്നത് തുടരാനാണ് സാധ്യത.

These interim allocations will be updated after the Budget is handed down in October. Source: AAP
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച രണ്ട് റീജിയണൽ വിസകൾക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. രാജ്യത്തേക്കുള്ള മൊത്തം കുടിയേറ്റം കുറഞ്ഞപ്പോഴും, ചെറു സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം വർദ്ധിക്കുകയാണ് ഉണ്ടായത്.
ഉൾനാടൻ പ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ ഉണ്ടെങ്കിലും അത് ചെയ്യാൻ ആളെ കിട്ടുന്നില്ല എന്ന പല റിപ്പോർട്ടുകളും കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. നഗരങ്ങളിലുള്ള ഓസ്ട്രേലിയക്കാരെ അങ്ങോട്ടേക്ക് ആകർഷിക്കാനും ബജറ്റിൽ പദ്ധതിയുണ്ടാകും.
ഇതോടൊപ്പം, വിദേശത്തു നിന്നുള്ള കുടിയേറ്റക്കാർക്കും ഉൾനാടൻ പ്രദേശങ്ങളിലേക്ക് കൂടുതൽ അവസരം നൽകുമന്നാണ് വിലയിരുത്തൽ.
താൽക്കാലിക വിസകളിൽ രാജ്യത്തുള്ളവർക്ക് പ്രതീക്ഷ
അതിർത്തി നിയന്ത്രണങ്ങൾ സമീപകാല ഭാവിയിൽ പൂർണമായും പിൻവലിക്കാൻ സാധ്യതയില്ലാത്തതിനാൽ, നിലവിൽ ഓസ്ട്രേലിയയിൽ താൽക്കാലിക വിസകളിലുള്ളവർക്കാകും കൂടുതൽ അവസരങ്ങൾ എന്ന് മൈഗ്രേഷൻ ഏജന്റ് ഹർജിത് സിംഗ് ചഹാൽ പറഞ്ഞു.
വിദേശത്തുള്ളവർക്ക് വിസ നൽകിയാലും ഉടൻ രാജ്യത്തേക്ക് എത്തുന്നതിൽ തടസ്സങ്ങളുണ്ടാകാം. പുതിയ കുടിയേറ്റക്കാർക്ക് രാജ്യത്ത് ജോലി ലഭിക്കുന്നതും ഈ സാഹചര്യത്തിൽ പ്രയാസമാകും.
അതിനാൽ “ഓസ്ട്രേലിയൻസ് ഫസ്റ്റ്” എന്ന മുൻഗണന കൂടി ഉൾപ്പെടുത്തി, രാജ്യത്ത് നിലവിലുള്ളവർക്ക് പെർമനന്റ് റെസിഡൻറ്സിക്ക് അവസരം കൂടും എന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
ഫാമിലി സ്ട്രീം വിസകൾക്കും മറ്റുമുള്ള അപേക്ഷകൾ ദീർഘകാലമായി കെട്ടിക്കിടങ്ങുന്നത് തീർപ്പാക്കാനും ഈ സമയം സർക്കാർ ഉപയോഗിച്ചേക്കാം എന്ന് ഹർജിത് ചഹാൽ പ്രതീക്ഷിക്കുന്നു.
എന്നാൽ, രാജ്യത്തെ ജനസംഖ്യ വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നതിനാൽ, പുതിയ അപേക്ഷകരെ പൂർണമായും ഒഴിവാക്കാൻ സർക്കാരിന് കഴിയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.