കേരളത്തിന് ധനം സമാഹരിച്ചു നൽകാൻ ഐറിൻ മുന്നിട്ടിറങ്ങിയതിനെക്കുറിച്ച് ഐറിന്റെ മാതാപിതാക്കളും എസ് ബി എസ് മലയാളത്തോട് സംസാരിച്ചു.
കേരളത്തിന്റെ അവസ്ഥ മനസിലാക്കിയ ഐറിൻ കേക്ക് ഉണ്ടാക്കി വിറ്റ് പണം മാതൃദേശത്തിന് നൽകാമെന്ന പദ്ധതിയുമായി തങ്ങളെ സാമീപിക്കുകയായിരുന്നുവെന്നു ഐറിന്റെ അമ്മ മഞ്ജിമയും അച്ഛൻ ഡാനി സഖറിയായും പറയുന്നു. മകളുടെ ഈ തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി എല്ലാ പ്രോത്സാഹനങ്ങളും നൽകുമെന്നും ഇവർ പറയുന്നു.
ഇത്തരത്തിൽ പല മാർഗങ്ങളിലൂടെ കേരളത്തിനെ സഹായിക്കാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും നിരവധി മലയാളി കുട്ടികളാണ് മുൻപോട്ടു വന്നിരിക്കുന്നത്. സ്‌കൂളിൽ നടന്ന വർക്ക് പ്ലേസ്‌മെന്റിൽ നിന്നും ലഭിച്ച ആദ്യ ശമ്പളം കേരളത്തിന് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് പത്താം ക്ലാസ്സുകാരിയായ മെൽബണിലുള്ള സാൻഡ്ര ജോഷി. മുങ്ങിത്താഴുന്ന കേരളത്തെ ടി വി യിലൂടെ കണ്ടതോടെ താൻ ആദ്യമായി ജോലി ചെയ്ത് സമ്പാദിച്ച തുക സംഭാവനയായി കേരളത്തിന് നൽകാൻ തീരുമാനിക്കുകയായിരുന്നു എന്ന് സാൻഡ്ര പറയുന്നു.
അതേസമയം പിറന്നാളാഘോഷത്തിനു ലഭിക്കേണ്ട സമ്മാനങ്ങൾ വേണ്ടെന്നു തീരുമാനിച്ച് അതിനു പകരമായി അതിഥികളായ സുഹൃത്തുക്കളിൽ നിന്നും അതിന്റെ പണം നല്കാൻ അഭ്യർത്ഥിച്ച് ആ തുക കേരളത്തിന് സംഭാവനയായി നൽകിയിരിക്കുകയാണ് സിഡ്‌നിയിലുള്ള അഞ്ച് വയസ്സുകാരൻ റോഷൻ ജോൺ.
ഇത്തരത്തിൽ പല കുട്ടികളും കേരളത്തിന് പണം സ്വരൂപിച്ച് സംഭാവനയായി നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിൽ, കേരളത്തിന്റെ അവസ്ഥ മനസിലാക്കി അത് ചിത്രത്തിലൂടെ പകർത്തി നാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് മെൽബണിലുള്ള പത്ത് വയസ്സുകാരൻ സ്റ്റീവ് റജി. 

Drawing by 10-year-old Steve Reji based on the rescue operations in flood-hit Kerala Source: Supplied
ഇങ്ങനെ നിരവധി മാർഗ്ഗങ്ങളിലൂടെ കേരളത്തെ സഹായിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ മലയാളി കുട്ടികൾ .