ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കുന്നവർക്ക് ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്നതിനായി പുതിയ ഭാഷാ പരീക്ഷ ആവിഷ്കരിക്കാൻ പദ്ധതിയുള്ളതായി മൾട്ടികൾച്ചറൽ മിനിസ്റ്റർ അലൻ ടഡ്‌ജ് അറിയിച്ചു.
നിലവിൽ പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കുന്ന എല്ലാ അപേക്ഷകർക്കും ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കേണ്ടതില്ല.
2021 ആകുമ്പോഴേക്കും ഓസ്‌ട്രേലിയയിൽ ഇംഗ്ലീഷ് അറിയാത്ത പത്തു ലക്ഷത്തോളം ആളുകൾ ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അലൻ ടഡ്‌ജ് പറഞ്ഞു.
മാത്രമല്ല ചില യുറോപ്യൻ രാജ്യങ്ങളിൽ കാണുന്നതുപോലെ ഒരു സമാന്തര സമൂഹം ഓസ്‌ട്രേലിയയ്‌ക്ക് ഉള്ളിൽ തന്നെ ഉണ്ടാകാൻ ഇത് കാരണമായേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഓസ്‌ട്രേലിയയുടെ പുരോഗതി ഉറപ്പു വരുത്താൻ പൊതുവായി ഒരു ഭാഷ വേണമെന്നും അതിന് പുതിയ
പരീക്ഷ സഹായകരമാകുമെന്നും അലൻ ടഡ്‌ജ് കൂട്ടിച്ചേർത്തു.
ഇന്ത്യക്കാരെയും ബാധിക്കും
നിലവിൽ വിദ്യാർത്ഥികളായും, സ്‌കിൽഡ് മൈഗ്രന്റയും, സ്‌കിൽഡ് മൈഗ്രന്റ് പെർമനന്റ് റസിഡന്റായും എത്തുന്നവർ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്. എന്നാൽ ഇവരുടെ പങ്കാളികൾക്ക് ഇത് ബാധകമല്ല.
പുതിയ പദ്ധതി നിലവിൽ വന്നാൽ പങ്കാളികൾക്കും കുടുംബാംഗങ്ങൾക്കും ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കേണ്ടി വരും. സംസാര ഭാഷയായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിലെ പ്രാവീണ്യം തെളിയിക്കുന്ന രീതിയിലായിരിക്കും ടെസ്റ്റ്.
ഇതിനായി ഇപ്പോൾ നിലവിലുള്ള പരീക്ഷകൾക്ക് പകരം പുതിയ ടെസ്റ്റ് ആവിഷ്കരിക്കാനുള്ള നീക്കത്തിലാണ് ഓസ്‌ട്രേലിയൻ സർക്കാർ. ഇത് കുടിയേറ്റ സമൂഹത്തിന്റെ ജീവിത നിലവാരം വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട തൊഴിൽ നേടിയെടുക്കുന്നതിനും സഹായകരമാകുമെന്ന് അലൻ ടഡ്‌ജ് അഭിപ്രായപ്പെട്ടു.
Share







